Home | About Us |
ചരിത്രപണ്ഡിതന്‍ പ്രഫ.എ.ശ്രീധരമേനോന്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള ചരിത്രരചനയില്‍ സമഗ്രതയുടെ പാത വെട്ടിത്തുറന്ന ചരിത്രപണ്ഡിതന്‍ പ്രൊഫ.എ.ശ്രീധരമേനോന്‍ (84) അന്തരിച്ചു. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച് ചരിത്രം രചിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പലതവണ സര്‍ക്കാരുകളുമായി കലഹിച്ച ചരിത്രമുള്ള ശ്രീധരമേനോന്‍, തിരുവനന്തപുരം ജവഹര്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച രാവിലെ 6.30 നായിരുന്നു അന്തരിച്ചത്. അമേരിക്കയിലുള്ള മകള്‍ എത്തിയതിനുശേഷം ഞായറാഴ്ച രാവിലെ പത്തരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും.

ഭാര്യ സരോജിനി മേനോന്‍. മക്കള്‍: സതീഷ് കുമാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്, ഏഷ്യാനെറ്റ് ഡാറ്റാലൈന്‍), പൂര്‍ണിമ (ജനറ്റിക് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ,കാലിഫോര്‍ണിയ). മരുമക്കള്‍: സൗദാമിനി, അരുണ്‍ കുമാര്‍ ( കെ.പി.എം.ജി, കാലിഫോര്‍ണിയ).

ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം പുസ്തകങ്ങളെഴുതിയ ശ്രീധരമേനോന് കേരളത്തെ ഇന്ത്യന്‍ ചരിത്രഭൂപടത്തില്‍ പതിപ്പിച്ചതില്‍ നിര്‍ണായക പങ്കുണ്ട്. കേരള ചരിത്രം, സ്വാതന്ത്ര്യ സമരം എന്നിവയില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ നിരവധി സര്‍വകലാശാലകളിലെ അടിസ്ഥാന പാഠപുസ്തകങ്ങളാണ്. 2009ല്‍ പദ്മഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.

1958ല്‍ കേരള ഗസറ്റിയറിന്റെ സ്‌റ്റേറ്റ് എഡിറ്ററായി നിയമിതനായി. ഒന്‍പതുജില്ലകളുടെ ഗസറ്റിയറുകള്‍ അദ്ദേഹമാണ് എഡിറ്റ് ചെയ്തത്. 196877 കാലഘട്ടത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് നിരവധി സര്‍വകലാശാലകളിലും ഇന്‍സ്റ്റിറ്റിയൂട്ടുകളിലും വിസിറ്റിങ് പ്രൊഫസറായി. രാജ്യമാകെ വിശിഷ്ടവേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തി.

എ ഹിസ്റ്ററി ഓഫ് ഇന്ത്യ, എ സര്‍വെ ഓഫ് കേരള ഹിസ്റ്ററി, കേരള ആന്‍ഡ് ഫ്രീഡം സ്ട്രഗിള്‍, സര്‍.സി.പി തിരുവിതാംകൂര്‍ ചരിത്രത്തില്‍, പുന്നപ്ര വയലാറും തിരുവിതാംകൂര്‍ കേരള ചരിത്രവും, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
[ImgNews]