Home | About Us |
പീഡനം: സ്‌കൂള്‍ ഡയറക്‌ടറെ അറസ്റ്റ്‌ ചെയ്‌തു

ഹൈദരാബാദ്‌: ആന്ധ്രപ്രദേശിലെ സിബിഎസ്‌ഇ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളെയും അധ്യാപികമാരെയും ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ഡയറക്ടറെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ഹൈദരാബാദിലെ പാര്‍ക്‌വുഡ്‌ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ്‌ സലാഹുദ്ദീന്‍ അയൂബാണ്‌ പിടിയിലായത്‌. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ്‌ ഇയാള്‍ അറസ്റ്റിലായത്‌.

പൊലീസ്‌ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളെ ഡയറക്ടര്‍ അയൂബ്‌ പതിവായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ബലാത്സംഗംചെയ്യുകയും ചെയ്‌തതായി അന്വേഷണത്തില്‍ വെളിപ്പെട്ടു.

ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനി ഇദ്ദേഹത്തില്‍ നിന്ന്‌ ഗര്‍ഭിണിയായതായും സൂചനകളുണ്ട്‌. തന്നെയും മറ്റ്‌ അഞ്ച്‌ സഹാപാഠികളെയും അയൂബ്‌ പീഡിപ്പിച്ചെന്ന്‌ കൊറിയ സ്വദേശിനി രേഖാമൂലം പരാതിനല്‍കി. അധ്യാപികമാരും ഇയാളുടെ പീഡനത്തിന്‌ ഇരയായിട്ടുണ്ട്‌.

സ്‌കൂള്‍ ഡയറക്ടര്‍ തന്നെ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ പതിവായി ബലാത്സംഗം ചെയ്യുന്നുവെന്ന്‌ പതിനൊന്നാം ക്ലാസുകാരി വ്യാഴാഴ്‌ചയാണ്‌ പരാതിനല്‍കിയത്‌.

വിദ്യാര്‍ഥിനികളില്‍ എന്തെങ്കിലും കുറ്റങ്ങള്‍ ആരോപിച്ച്‌ അവരെ കൗണ്‍സലിങ്ങിനായി മുറിയിലേക്ക്‌ വിളിപ്പിച്ചാണ്‌ ഇദ്ദേഹം പീഡിപ്പിച്ചിരുന്നത്‌. മയക്കുമരുന്നു കലര്‍ന്ന ലഘുപാനീയങ്ങള്‍ നല്‍കി അബോധാവസ്ഥയിലാക്കിയതിന്‌ ശേഷം അവരുടെ നഗ്‌നചിത്രങ്ങളെടുക്കും. ഇതിന്‌ ശേഷമായിരുന്നു പീഡനം . നഗ്‌നചിത്രങ്ങള്‍ കാണിച്ച്‌ കുട്ടികളെ ബ്ലാക്ക്‌ മെയില്‍ ചെയ്‌ത്‌ തുടര്‍ന്നും പീഡിപ്പിച്ചതായി പൊലീസ്‌ അധികൃതര്‍ പറഞ്ഞു.

സംഭവം പുറത്തായതിനെത്തുടര്‍ന്ന്‌ പാര്‍ക്‌വുഡ്‌ സ്‌കൂളില്‍ നിന്നും രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥിനികളെ പിന്‍വലിയ്‌ക്കുകയാണെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. അതേ സമയം തന്നെ മനഃപൂര്‍വം കുടുക്കിയതാണെന്ന്‌ അയൂബ്‌ ആരോപിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആന്ധ്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി മാണിക്യ അരപ്രസാദ റാവു ഉത്തരവിട്ടിട്ടുണ്ട്‌.