Home | About Us |
സി.ബി.ഐ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു: അമിത്‌ ഷാ

അഹമ്മദാബാദ്‌: സിബി.ഐ തന്നെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതായി സൊറാബുദ്ദീന്‍ ശൈഖ്‌ വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രി അമിത്‌ ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ സി.ബി.ഐയ്‌ക്ക്‌ മുന്നില്‍ ഹാജകാകുമെന്നും അറസ്റ്റ്‌ ചെയ്യണമോ വേണ്ടയോയെന്ന്‌ സി.ബി.ഐ തീരുമാനിക്കട്ടെ. തനിക്കെതിരായ കുറ്റാരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‌ ഷാ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ സി.ബി.ഐ തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്‌. കോടതിയെ തനിക്ക്‌ ഭയമില്ല. തനിക്കെതിരായ നീക്കത്തെ നിയമപരമായി നേരിടും. നിയമനടപടികള്‍ സ്വീകരിക്കാനോ അഭിഭാഷകനെ കാണാനോ സി.ബി.ഐ തനിക്ക്‌ സമയം നല്‍കിയില്ല. ഇത്‌ വ്യക്തമാക്കുന്നത്‌ കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ തന്നെയാണെന്ന്‌ അമിത്‌ ഷാ പറഞ്ഞു.

കുറ്റപത്രത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണ്‌. ഗുജറാത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതാണ്‌ കോണ്‍ഗ്രസിന്റെ പകപോക്കലിന്‌ കാരണം. രാഷ്ട്രീയ സുസ്ഥിരതയുള്ള ഗുജറാത്തില്‍ ബി.ജെ.പിയെ തകര്‍ക്കുകയാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം ആരോപിച്ചു.

അറസ്റ്റിന്റെ നിഴലിലായ ഗുജറാത്ത്‌ ആഭ്യന്തര സഹമന്ത്രി അമിത്‌ഷാ കഴിഞ്ഞ ദിവസം ഒളിവില്‍ നിന്ന്‌ രാജിക്കത്ത്‌ നല്‌കിയിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്‌ഷായ്‌ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവ്‌നശിപ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. തുടര്‍ന്നാണ്‌ അദ്ദേഹം ശനിയാഴ്‌ച രാവിലെ രാജിക്കത്ത്‌ മോഡിയുടെ വീട്ടിലെത്തിച്ചത്‌. കേസിലെ മറ്റ്‌ രണ്ട്‌ പ്രതികളായ യശ്‌പാല്‍ ചുദാസാമ, അജയ്‌പട്ടേല്‍ എന്നിവര്‍ക്കൊപ്പം ഒളിവില്‍ കഴിയുന്ന അമിത്‌ഷായ്‌ക്കുവേണ്ടി സി.ബി.ഐ. ശനിയാഴ്‌ചയും വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

15 പേരെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രമാണ്‌ സി.ബി.ഐ. വെള്ളിയാഴ്‌ച കോടതിയില്‍ സമര്‍പ്പിച്ചത്‌. 13ാം പ്രതിയായാണ്‌ ഷായെ ഉള്‍പ്പെടുത്തിയത്‌. ഐ.പി.എസ്‌. ഓഫീസര്‍മാരായ ഡി.ജി. വന്‍സാര, രാജ്‌കുമാര്‍ പാണ്ഡ്യന്‍, എം.എന്‍. ജിനേഷ്‌, അഭയ്‌ചുദാസാമ എന്നിവരും പ്രതിപ്പട്ടികയിലുള്‍പ്പെടുന്നു.