Home | About Us |
വിദേശികളെ നിരീക്ഷിക്കാന്‍ സംവിധാനം

രാജ്യത്തെത്തുന്ന വിദേശികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇവരെക്കുറിച്ച് വിവരരേഖ തയ്യാറാക്കി സൂക്ഷിക്കുന്നതിനും കേന്ദ്രആഭ്യന്തരമന്ത്രാലയം സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി കൃത്രിമം നടത്താന്‍ കഴിയാത്ത ഇന്ത്യ വിസ സ്റ്റിക്കര്‍ അടുത്തവര്‍ഷംമുതല്‍ നടപ്പാക്കാനും മന്ത്രാലയം നടപടി തുടങ്ങി.

വിദേശികള്‍ക്ക് വിസ നല്കുന്നതിനും അവരെക്കുറിച്ചുള്ള വിവരശേഖരണത്തിനുമുള്ള സംവിധാനം അഴിച്ചുപണിയുന്നതിന്റെ ഭാഗമായാണിത്. ഇതോടെ വിദേശികള്‍ക്ക് വിസ നല്കുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള പങ്ക് വര്‍ധിക്കും.
ലഷ്‌കര്‍ ഭീകരനും പാക്‌വംശജനും അമേരിക്കന്‍ സ്വദേശിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഏറെത്തവണ ഇന്ത്യയിലെത്തി പിടിക്കപ്പെടാതെ പോയതിന്റെ പശ്ചാത്തലത്തിലാണിത്. പുതിയ സംവിധാനം നിലവില്‍വന്നാല്‍ ഒരുതവണ ഇന്ത്യയിലെത്തുന്ന ഏതു വിദേശിയുടെയും സമഗ്ര വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലുണ്ടാകും.

അമേരിക്കയിലെ ഹോംലാന്‍ഡ് സുരക്ഷാവകുപ്പിനെ പിന്തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കേന്ദ്രീകൃത വിവരസംവിധാനം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കി നാലുവര്‍ഷംകൊണ്ട് പുതിയ വിസ സമ്പ്രദായം പൂര്‍ണമായി നടപ്പില്‍ വരുത്താനാണ് ഉദ്ദേശ്യം. ധാക്ക, ഇസ്‌ലാമാബാദ്, ലണ്ടന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യലയങ്ങളുമായിട്ടായിരിക്കും ആദ്യഘട്ടത്തില്‍ ഈ വിവരശൃംഖല ബന്ധിപ്പിക്കുന്നത്.

പിന്നീട് വിദേശങ്ങളിലെ 170 ഇന്ത്യന്‍ നയതന്ത്ര കാര്യലയങ്ങളുമായും 78 ഇമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റുകളുമായും ഇത് ബന്ധിപ്പിക്കും. ഇന്ത്യയിലെത്തുന്ന വിദേശികള്‍ ആദ്യമായി ബന്ധപ്പെടുന്ന ആളുകള്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പോര്‍ട്ടല്‍വഴി അറിയിക്കാന്‍ എല്ലാ ട്രാവല്‍ഏജന്‍റുമാര്‍ക്കും ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കും നിര്‍ദേശം നല്കും.