ലാവ്ലിന്: നിയമം അതിന്റെ വഴിക്കെന്ന്
യെച്ചൂരി
ന്യൂഡല്ഹി: ഗുജറാത്തില് മുന് മന്ത്രി അമിത് ഷായ്ക്കെതിരെ
സിബിഐ റജിസ്റ്റര് ചെയ്ത കേസിലെന്നപോലെ ലാവ്ലിന് കേസിലും നിയമം അതിന്റെ വഴി
സ്വീകരിക്കണമെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി. എന്നാല്,
ലാവ്ലിന് കേസിനെ നിയമപരവും രാഷ്ട്രീയപരവുമായി നേരിടുമെന്നു പാര്ട്ടി
നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ബംഗാളില്
ചെയ്തതുപോലെ കേരളത്തിലും പെട്രോളിനും ഡീസലിനും നികുതിയിളവ് ആലോചിക്കുന്നുണ്ട്.
ഹൈന്ദവ തീവ്രവാദമെന്നതുപോലെ, കേരളത്തിലെ പോപ്പുലര് ഫ്രണ്ട് പോലെയുള്ള സംഘടനകള്
ഉയര്ത്തുന്ന തീവ്രവാദവും പാര്ലമെന്റില് ചര്ച്ച ചെയ്യുന്നതിനു നോട്ടീസ്
നല്കിയിട്ടുണ്ട്. രംഗനാഥ് മിശ്ര കമ്മിഷന് റിപ്പോര്ട്ട്, ഭോപ്പാല് വാതക
ദുരന്ത കേസ്, വിവിധ സംസ്ഥാനങ്ങളിലെ നിയമ വിരുദ്ധ ഖനനം, ജമ്മു - കശ്മീരിലെ
സ്ഥിതിഗതികള്, വര്ധിക്കുന്ന ട്രെയിന് അപകടങ്ങള് തുടങ്ങിയവയും ചര്ച്ച
ചെയ്യണമെന്നാണ് ആവശ്യം.
വിലക്കയറ്റ പ്രശ്നത്തില് പാര്ലമെന്റിന്റെ
ഇരുസഭകളിലും വോട്ടെടുപ്പുള്ള ചര്ച്ച വേണമെന്ന നിലപാടില് പാര്ട്ടി
ഉറച്ചുനില്ക്കും. വിലക്കയറ്റം നേരത്തേ രണ്ടു മൂന്നു തവണ ചര്ച്ച ചെയ്തു എന്നതു
ശരിയാണ്. അപ്പോഴൊക്കെ സര്ക്കാര് പല പ്രഖ്യാപനങ്ങളും നടത്തി. അതൊന്നും
നടപ്പാക്കിയില്ല. അപ്പോള്, സര്ക്കാരിനുമേല് സമ്മര്ദം ചെലുത്തണമെങ്കില്
വോട്ടെടുപ്പുള്ള ചര്ച്ചതന്നെ വേണം.
പെട്രോളിയം വില വര്ധന
പിന്വലിക്കാനും അവധി വ്യാപാരങ്ങള് നിരോധിക്കാനും പൊതുവിതരണ സമ്പ്രദായം
ശക്തിപ്പെടുത്താനും സര്ക്കാര് തയാറാവണം.സര്ക്കാരിനു ഭൂരിപക്ഷമുണ്ടെങ്കില്
എന്തിനാണ് വോട്ടെടുപ്പിനെ ഭയപ്പെടുന്നത്? പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം
പരാജയപ്പെട്ടാലും തങ്ങള്ക്കു പ്രശ്നമില്ല. പ്രതിപക്ഷം അതിന്റെ രാഷ്ട്രീയമായ
ഉത്തരവാദിത്തമാണു നിര്വഹിക്കുന്നത് - യച്ചൂരി പറഞ്ഞു.
|
|
|
|
|
|
|
|
|
|
|
|
|