Home | About Us |
പാകിസ്താനില്‍ 159 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു

പാകിസ്താനില്‍ ജീവനക്കാരടക്കം 159 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു. തലസ്ഥാനമായ ഇസ്‌ലാമാബാദിന് സമീപമുള്ള മര്‍ഗല മലമ്പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയില്‍നിന്ന് കറാച്ചിവഴി ഇസ്‌ലാമാബാദിലേക്ക് വന്ന എയര്‍ബ്ലൂ എന്ന സ്വകാര്യ കമ്പനിയുടെ എയര്‍ബസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കനത്ത മഴയും മഞ്ഞുമാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം.

സൈനിക ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരെ അപകട സ്ഥലത്തുനിന്ന് രക്ഷപെടുത്തിയതായി ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു. മര്‍ഗല മലമ്പ്രദേശത്തെ ദമാന്‍ ഇ കോ വ്യൂ പോയിന്റിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.

153 യാത്രക്കാരും ആറ് ജോലിക്കാരുമാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പാകിസ്താന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ലാന്‍ഡുചെയ്യാന്‍ ശ്രമിക്കവെയാണ് വിമാനം തകര്‍ന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ 7.50 നാണ് വിമാനം കറാച്ചി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വിമാനം റെഡാറില്‍നിന്ന് അപ്രത്യക്ഷമായി.

പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. അപകടത്തിന് തൊട്ടുമുന്‍പ് വിമാനം ഏറെ താഴ്ന്നു പറന്നതായും പെന്നെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മലനിരകളിലേക്ക് പതിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇസ്‌ലാമാബാദിലെ എല്ലാ ആസ്​പത്രികളിലും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.