Home | About Us |
പല്ല്‌ മാറിപ്പറിച്ചു; യുവതി ഗുരുതരാവസ്ഥയില്‍

കോട്ടയം: വീട്ടമ്മയുടെ കേടില്ലാത്ത പല്ല്‌ പറിച്ചു. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ സംഭവം. കേടായ പല്ല്‌ എടുപ്പിക്കാനാണ്‌ ഇവര്‍ ചെന്നത്‌. ഗുരുതരാവസ്ഥയിലായ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലത്തേ മോണയിലെ കേടുവന്ന അണപ്പല്ലിനുപകരം ഇടത്തേ മോണയിലെ അണപ്പല്ലാണ്‌ പറിച്ചത്‌.

കഴുത്തിനും തൊണ്ടയ്‌ക്കും അണുബാധയേറ്റ യുവതിക്ക്‌ രണ്ട്‌ ശസ്‌ത്രക്രിയ നടത്തിയശേഷം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വൈക്കം തോട്ടകം കമ്പിനിത്തറ പ്രസാദിന്റെ ഭാര്യ സിന്ധുവിനാണ്‌ (30) സ്വകാര്യ ആസ്‌?പത്രി അധികൃതരുടെ പിഴമൂലം പല്ല്‌ നഷ്ടമായത്‌. നീരുവെച്ചതിനെ തുടര്‍ന്ന്‌ യുവതിയുടെ കേടില്ലാത്ത മറ്റൊരു പല്ലും നീക്കം ചെയ്യേണ്ടിവന്നു.

കടുത്ത പല്ലുവേദനയെത്തുടര്‍ന്ന്‌ സിന്ധു ഒരാഴ്‌ചമുമ്പാണ്‌ സ്വകാര്യ ആശുപത്രിയില്‍ ചെന്നത്‌. വലത്തേമോണയിലെ കേടായ പല്ല്‌ പറിച്ചുമാറ്റണമെന്ന്‌ ആസ്‌?പത്രിയിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്‌ പല്ലെടുത്തു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും നീര്‌ കുറഞ്ഞില്ല. മോണയ്‌ക്ക്‌ വേദന കൂടിയപ്പോള്‍ ചൊവ്വാഴ്‌ച വൈക്കം താലൂക്ക്‌ ഗവ. ആസ്‌?പത്രിയില്‍ ചികിത്സതേടി. അവിടെ ഡോക്ടര്‍ എക്‌സ്‌റേ എടുത്തപ്പോഴാണ്‌ രോഗംബാധിച്ച പല്ല്‌ നീക്കം ചെയ്‌തില്ലെന്നും പകരം ഇടത്തേ മോണയിലെ കേടില്ലാത്ത അണപ്പല്ലാണ്‌ എടുത്തതെന്നും തിരിച്ചറിഞ്ഞത്‌. ആസ്‌?പത്രി അധികൃതര്‍ പറഞ്ഞതനുസരിച്ച്‌ സിന്ധുവിനെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജാസ്‌?പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതീവഗുരുതരാവസ്ഥയില്‍ എത്തിയ യുവതിക്ക്‌ ചൊവ്വാഴ്‌ച രാത്രിയില്‍ തന്നെ അടിയന്തര ശസ്‌ത്രക്രിയ നടത്തി കേടുവന്ന പല്ല്‌ നീക്കി. താടിയിലും കഴുത്തിലും വ്യാപിച്ച നീര്‌ നീക്കംചെയ്യാന്‍ പിന്നീട്‌ മറ്റൊരു ശസ്‌ത്രക്രിയകൂടി ചെയ്‌തു. തുടര്‍ന്നാണ്‌ യുവതിയെ പതിമൂന്നാം വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റിയത്‌.

ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന്‌ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട്‌ ഡോ. പി.കെ.ജബ്ബാര്‍ പറഞ്ഞു.
പല്ലെടുക്കുംമുമ്പ്‌ മരവിപ്പിച്ചിരുന്നതിലാല്‍ ഏതു പല്ലാണ്‌ നീക്കം ചെയ്‌തതെന്ന്‌ തിരിച്ചറിയാനായില്ലെന്ന്‌ സിന്ധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. 'നീരും വേദനയും കുറയാനുള്ള മരുന്ന്‌ കൊടുത്തിരുന്നു. രണ്ട്‌ ദിവസത്തേക്ക്‌ നീരുണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. നീര്‌ കൂടിയതുകൊണ്ടാണ്‌ പിന്നീട്‌ ചികിത്സതേടിയത്‌' ബന്ധുക്കള്‍ പറയുന്നു.