Home | About Us |
അമേരിക്കന്‍ ഫെയറില്‍ മലയാളിത്തിളക്കം

ജോയിച്ചന്‍ പുതുക്കുളം

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ടോപ്പ്‌ ഫിഫ്‌റ്റി കൗണ്‌ടി ഫെയറില്‍ നടാടെ മലയാളിത്തിളക്കം. സിലിക്കണ്‍വാലി പ്രദേശം ഉള്‍ക്കൊള്ളുന്ന അലമേഡാ കൗണ്‌ടി ഫെയറിലാണ്‌ കേരളത്തിന്റെ ഉജ്വലപ്രപടനം അരങ്ങേറിയത്‌.

കുക്കിംഗ്‌ ഷോ, ഘോഷയാത്ര, മോഹിനായാട്ടം, ചെണ്‌ടമേളം, ഫോക്‌ ഡാന്‍സ്‌, തിരുവാതിര തുടങ്ങിയ കേരളീയ കലകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ ഫെസ്റ്റിവല്‍ സ്‌ക്വയറില്‍ തിങ്ങിക്കൂടിയ ജനസമൂഹത്തെ ആശ്ചര്യഭരിതരാക്കിയത്‌.

ഇതിനുപുറമെ കേരള സദ്യയെക്കുറിച്ചും, കേരളത്തിലെ ചിത്രകലയെക്കുറിച്ചും, വേഷവിധാനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും ഡെമോണ്‍സ്‌ട്രേഷനും ഉണ്‌ടായിരുന്നു. സദസിന്റെ ആവശ്യാനുസരണം ചെണ്‌ടമേളവും, തിരുവാതിരയും രണ്‌ടുതവണകൂടി അവതരിപ്പിക്കപ്പെട്ടു.

ഏപ്രില്‍ മീഡിയയും, അലമേഡ കൗണ്‌ടിയും ചേര്‍ന്ന്‌ സംഘടിപ്പിച്ച സ്‌പൈസ്‌ ഓഫ്‌ ദി ഇന്ത്യയുടെ ഭാഗമായാണ്‌ സിലിക്കണ്‍വാലി മലയാളികള്‍ കേരള പരിപാടികള്‍ അവതിരിപ്പിച്ചത്‌.

മനോജ്‌ എമ്പ്രാന്തിരി, കൃഷ്‌ണകുമാര്‍, നാരായണന്‍ പി, രേണു എമ്പ്രാന്തിരി, ലതാ നാരായണന്‍, ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പില്‍ ഇരുപതോളം കലാകാരന്മാര്‍ അണിനിരന്നു.

കേരളാ ക്ലബ്‌, മങ്ക, ഭാമ, മൈത്രി തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കൃഷ്‌ണപ്രിയ സോമശേഖരന്‍, ശ്രീവാണി ശ്രീജിത്‌, രേഖ നമ്പൂതിരി, ദീപ്‌തി നായര്‍, അനുമക്കര്‍, ആഷ്‌ലി തറയില്‍, ജൂലി പാത്തിപ്പള്ളി, അനു ചെമ്മാച്ചേല്‍, ജോസിനി മച്ചത്തില്‍, ജെസീക്ക തടത്തില്‍, ജെസ്‌ലിന്‍ ആണ്‌ടുമാലിയില്‍, രവീന്ദ്രന്‍ പി, നാരായണന്‍, പി. ശ്രീധര്‍, പി. പിഷാരടി, ശിവ എമ്പ്രാന്തിരി, സന്ദീപ്‌ മോഹന്‍കുമാര്‍, സജിത കനകത്തിടത്തില്‍, ദ്രൂപദ്‌ കൃഷ്‌ണ തുടങ്ങിയവരാണ്‌ പങ്കെടുത്ത മറ്റ്‌ കലാപ്രതിഭകള്‍.

അലമേഡ കൗണ്‌ടി ജുവനൈല്‍ കമ്മീഷണറായ കമല്‍ നായരേയും, ഏപ്രില്‍ മീഡിയ സി.ഇ.ഒ കൃഷ്‌ണകുമാറിനേയും, കേരളാ ക്ലബ്‌, മൈത്രി തുടങ്ങിയ ഗ്രൂപ്പിന്റെ മുഖ്യ സംഘാടകന്‍ മനോജ്‌ എമ്പ്രാന്തിരിയേയും അലമേഡ കൗണ്‌ടി പ്രത്യേകം അനുമോദിച്ചു.

ഫെസ്റ്റിവല്‍ സ്‌ക്വയര്‍ ഡയറക്‌ടര്‍ കോട്‌നി ടൗണ്‍സെന്‍സ്‌ കേരളം സന്ദര്‍ശിക്കുമെന്ന്‌ കേരള പ്രതിനിധികള്‍ക്ക്‌ ഉറപ്പുനല്‍കി. അടുത്തവര്‍ഷംമുതല്‍ കേരള പരിപാടികള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുമെന്നും അവര്‍ പറഞ്ഞു.

അഞ്ചുലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശിച്ച 17 ദിന ഫെസ്റ്റിവലിന്റെ അവസാന ദിവസമാണ്‌ കേരളത്തിന്റെ പ്രകടനം നടത്തപ്പെട്ടത്‌. 1500-ലധികം കലാകാരന്മാര്‍ പങ്കെടുത്ത അവസാന ദിവസത്തെ പരിപാടിയില്‍ മുപ്പത്തയ്യായിരത്തില്‍പ്പരം ആളുകള്‍ എത്തിച്ചേര്‍ന്നു. കുമാര്‍ അറിയിച്ചതാണിത്‌.

ഫോട്ടോ: സന്ദീപ്‌ മോഹന്‍
[ImgNews]