Home | About Us |
സമരിയാവഴികളില്‍ തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ.
ഷേബാ ജേക്കബ്

കരുണാര്‍ദ്രമായ കാലത്തിലൂടെ പിറവികൊള്ളുന്ന സ്‌നേഹഗായകരാണ് ഇകഴ്ത്തപ്പെടുന്ന ജനതതികളുടെ സാന്ത്വനവും സഹായവുമായി ജനഹൃദയങ്ങളില്‍ എന്നും നിലകൊള്ളുന്നത്. ഉള്‍ഹൃദയം തുറന്ന് സഹജന്മങ്ങളുടെ കണ്ണീരൊപ്പുവാന്‍ ദൈവീകസമര്‍പ്പണത്തിന്റെ ആര്‍ദ്രപഥങ്ങളിലൂടെ ഒരു സമുഹത്തിന്റെ ഹൃദയാദരവാര്‍ജിച്ച ഷഷ്ഠിപൂര്‍ത്തിയുടെ പക്വതയിലെത്തിയ സുറിയാനി യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസനാദ്ധ്യക്ഷന്‍ നി.വ.ദ.ശ്രീ. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ എളിമ നിറഞ്ഞ സേവനജീവിതം അനുകരണാര്‍ഹമാണ്.

ക്രിസ്തുവിന്റെ വചനോപദേശംപോലെ അയല്‍ക്കാരനോടു കരുതേണ്ട സ്‌നേഹം ഹൃദയത്തില്‍ ചേര്‍ത്തു നിറുത്തി വൈദീക കര്‍മ്മമണ്ഡലത്തില്‍ പ്രവത്തിക്കുന്ന  തിരുമേനി ജാതി മതവര്‍ഗീയരാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ദരിദ്രരുടെയും അനാഥരുടെയും രോഗികളുടെയും ആശ്രയഹിതരുടെയും അഭയസ്ഥാനങ്ങളായ ധര്‍മ്മസ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍ തുടങ്ങി അഗതിമന്ദിരം വരെയുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ച് അവയ്ക്കു നേതൃത്വമേകുന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ പൊലിഞ്ഞുപോകാവുന്ന മര്‍ത്ത്യജീവിതത്തിന്റെ ആന്തരീകാര്‍ത്ഥം തിരിച്ചറിയുവാന്‍ കഴിഞ്ഞ തിരുമേനിയുടെ ജീവിതസന്ദേശമിതാണ്. “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപങ്ങളില്‍ നിന്നും നല്ലതു പുറപ്പെടുവിക്കുന്നു.”(വി.ലൂക്കോസ് 6.45).

1991 മുതല്‍ ബാഹ്യകേരളഭദ്രാസത്തിന്റെ സഹായമെത്രാനായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ അമ്പതിലധികം ദേവാലയങ്ങളുടെ നിര്‍മ്മാണത്തിനു തിരുമനേി നേതൃത്വമേകി. ബാംഗ്‌ളൂര്‍ മിഷന്‍ സെന്റര്‍, അനുബന്ധമായ ഹൈസ്‌ക്കൂള്‍, തൊഴില്‍ വിദ്യാഭ്യാസകേന്ദ്രം എന്നിവയ്ക്കു തുടക്കം കുറിച്ചു. ഹൊസൂര്‍ മിഷന്‍ സെന്റര്‍, ഭീമന്‍കൂപ്പ മിഷന്‍ സെന്റര്‍, വെല്ലൂര്‍ ആസ്ഥാനമായുള്ള സാന്ത്വന, മൂംബയിലെ തെരുവില്‍ അനാഥത്വത്തിന്റെ ബാല്യം അനുഭവിക്കുന്ന അനാഥപെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി ആരംഭിച്ച നെസ്റ്റ് ഇന്‍ഡ്യാ ഫൗണ്ടേഷന്‍, കോട്ടയം മെഡിക്കല്‍ കോളേജിലെത്തുന്ന അശരണരും ദരിദ്രരുമായ രോഗികള്‍ക്കായി തുടങ്ങിയ ആശ്രയ, പകല്‍വീട്, കോട്ടയത്താരംഭിച്ച സ്‌നേഹിത എന്ന കരുണാലയം, ബാംഗ്‌ളൂര്‍ സെന്റ് മേരീസ് പബ്‌ളിക് സ്‌ക്കൂള്‍, ലുഥിയാന സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌ക്കൂള്‍, പുറ്റടി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്‌മെന്റ & ടെക്‌നോളജി തുടങ്ങി ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളിലായി തിരുമേനിയുടെ കരസ്പര്‍മേറ്റു വളര്‍ന്ന അനേകം സ്ഥാപനങ്ങള്‍ മനുഷ്യനന്മയ്ക്കായി നിലകൊള്ളുന്നു.

ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ്, നാഷണല്‍ കൗണ്‍സില്‍ ഓഫ്് ചര്‍ച്ചസ് ഇന്‍ ഇന്‍ഡ്യ വൈസ് പ്രസിഡന്റ്  തുടങ്ങിയ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച തിരുമേനി സിംബാവേയിലെ ഹരേരയിലും ബ്രസീലിലും നടന്ന വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇതോടൊപ്പം വിയന്ന കണ്‍സള്‍ട്ടേഷന്‍ പ്രതിനിധിയായിരുന്ന തിരുമേനിയെ ഫെല്ലോ ഓഫ് പ്രോ ഓറിയന്റ് ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. കോട്ടയം സെന്റ് ജോസഫ് കത്തിഡ്രല്‍, കോട്ടയം ബിഷപ്പ് ഹൗസ് എന്നിവയോടു ബന്ധപ്പെട്ട് കോട്ടയത്ത് ഉയര്‍ന്നു വരുന്ന ഭദ്രാസനപ്രാര്‍ത്ഥനാസമാജം ഇന്നു കേരളത്തിന്റെ സജീവമായ പ്രാര്‍ത്ഥനാസാന്നിദ്ധ്യങ്ങളിലൊന്നാണ്.  തന്റെ കര്‍മ്മസഫലതകളോടെല്ലാം അദേഹം പ്രതികരിക്കുന്നതിങ്ങനെയാണ്. തന്റെ ഓരോ സംരംഭങ്ങളുടെയും തുടക്കം ദൈവത്താല്‍ പ്രേരിതമായ നന്മനിറഞ്ഞ മനസുകളുടെ പ്രചോദനമാണ്. ആ പ്രചോദങ്ങളും സഹകരണങ്ങളും എന്നെ ഈശ്വരവഴികളിലേക്കു നയിക്കുകയാണ് ചെയ്യുന്നത്.  

ശുദ്ധമായ ആകാശത്തു നിന്നു മാത്രമേ ശുദ്ധമായ മഞ്ഞുതുള്ളികള്‍ ഇറ്റിറ്റുുവീഴുകയുള്ളു. നിര്‍മ്മലമായ ദീര്‍ഘദര്‍ശനപാടവവും അനന്ത ചൈതന്യമായ ദൈവത്തില്‍ അചഞ്ചലവിശ്വാസവുമുള്ളവര്‍ക്കു മാത്രമേ സഹമനഷ്യരുടെ സാന്ത്വനവും സഹായവുമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളു. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ കാരുണ്യകര്‍മ്മങ്ങള്‍ ഇതു തെളിയിക്കുന്നു. അപചയമില്ലാത്ത കാലത്തിലൂടെ നിരന്തരം ഈ സത്യം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കും. കാരണം ഇതു സത്യധര്‍മ്മങ്ങളുടെ, മനുഷ്യസ്‌നേഹത്തിന്റെ വഴിയാണ്. ഒരു സഭാനേതൃത്വത്തിന്റെ മാതൃകാപരമായ വളര്‍ച്ചയുടെ വഴിയാണ്.
[ImgNews]