Home | About Us |
കാതോടു കാതോരവുമായി ഫൊക്കാന 2012 ഹ്യൂസ്റ്റനിലെ മലയാളി മനസ്സുകളിലേക്ക്
മണ്ണിക്കരോട്ട്

ഹ്യൂസ്റ്റന്‍: 2012-ല്‍ അരങ്ങേറുന്ന അമേരിക്കന്‍ മലയാളി മാമാങ്ക (ഫൊക്കാന കണ്‍വന്‍ഷന്‍) ത്തിന് തുടക്കമെന്നോണം ഹ്യൂസ്റ്റനില്‍ 'കാതോടു കാതോരം' എന്ന സ്റ്റേജ് ഷോ അരങ്ങേറി. ഹ്യൂസ്റ്റന്‍ കണ്‍വന്‍ഷനുവേണ്ടി നമ്മുടെ ആളുകളെ സജ്ജമാക്കുന്നതിന്റെ തുടക്കമായിരുന്നു ഈ പരിപാടി. സുപ്രസിദ്ധ സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഔസേപ്പച്ചന്റെ നേതൃത്വത്തില്‍ നടത്തിയ ഈ വിനോദ പരിപാടി വന്‍ വിജയമായിരുന്നു.

അദ്ദേഹത്തോടൊപ്പം പ്രസിദ്ധരായ മറ്റ് ഗായകരും നര്‍ത്തകരും ഹാസ്യ താരങ്ങളും പങ്കെടുത്തു.

  
പ്രസ്തുത പരിപാടി ജൂലൈ 24- വൈകീട്ട് ഏഴുമണിയ്ക്ക് ഹ്യൂസ്റ്റനില്‍ സ്റ്റാഫൊഡിലെ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറി. താലപ്പൊലിയും ഹ്യൂസ്റ്റന്‍ വാദ്യമേളങ്ങളുമായി പ്രധാന അതിഥികളായ സ്റ്റാഫൊര്‍ഡ് സിറ്റി ഡപ്പ്യൂട്ടി മേയര്‍ കെന്‍ മാത്യു, ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ ചെയമാന്‍ ഏബ്രഹാം ഈപ്പന്‍ എന്നിവരെ സ്റ്റേജിലേക്ക് ആനയിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ ജിനു തോമസ് സ്വാഗത പ്രസംഗം നടത്തി.
   
ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.  അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ അമേരിക്കയിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവരെ സ്‌നേഹത്തിലും  ഐക്യത്തിലും നയിക്കുന്നതിനും ഫൊക്കാന പരമാവധി ശ്രമിക്കുമെന്ന് അറിയിച്ചു. അതോടൊപ്പം യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി മുഖ്യധാരയിലേക്ക് നയിക്കുന്നതിനുവേണ്ട സംരഭങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് എടുത്തു പറഞ്ഞു. മലയാളി അസ്സോസിയേഷന്റെ സെക്രട്ടറി ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍  ആശംസാ പ്രസഗം നടത്തി.   
   
തുടര്‍ന്ന് ഔസേപ്പച്ചന്റെ നേതൃത്വത്തിലുള്ള 'കാതോടു കാതോരം' എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന സംഗീത-നൃത്ത-ഹാസ്യ സന്ധ്യ സദസ്യര്‍ ഏറെ ആസ്വദിച്ചു, 2012-ലെ ഫൊക്കാന കണ്‍വന്‍ഷന് ഹ്യൂസ്റ്റന്‍ മലയാളികളുടെ സഹകരണം അറിയിക്കും വിധത്തില്‍ ഓഡിറ്റോറിയം സദസ്യരെക്കൊണ്ടു നിറഞ്ഞിരുന്നു.
   
ഗോപാലകൃഷ്ണന്‍ നായരുടെ കൃതജ്ഞതാ പ്രസംഗത്തിനുശേഷം ഏതാണ്ട് 11 മണിയോടെ പരിപാടി പര്യവസാനിച്ചു.
[ImgNews]