Home | About Us |
മലങ്കര ആര്‍ച്ച് ഡയോസിസ് പുതിയ കര്‍മ്മപാതയില്‍ : പാത്രിയാര്‍ക്കാ സെന്ററിന് തുടക്കം കുറിച്ചു

ന്യൂജേഴ്‌സി : രജതജൂബിലി കണ്‍വന്‍ഷന്‍ നിറവില്‍ എത്തിനില്ക്കുന്ന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് പുതിയ കര്‍മ്മ പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധോദ്ദേശ പദ്ധതിയോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ''മലങ്കര ആര്‍ച്ച് ഡയോസിസ് പാത്രിയാര്‍ക്കാ സെന്ററിനാണ്'' രജത ജൂബിലി കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ ഔദ്യോഗികമായ തുടക്കം കുറിച്ചത്. ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പദ്ധതിയുടെ പ്ലാനിംഗ് കോര്‍ഡിനേറ്റര്‍ ശ്രീ.സാജു സ്‌കറിയ (അരിസോണ) ഭാവി കര്‍മ്മ പരിപാടികള്‍ വിശദീകരിക്കുകയുണ്ടായി.

ഒന്നാം ഘട്ടമായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ചാപ്പല്‍, ധ്യാനമന്ദിരം, കണ്‍വന്‍ഷന്‍ സെന്റര്‍, ബിസിനസ് സെന്റര്‍, ബിഷപ്പ് ഹൗസ്, അതിഥി മന്ദിരം എന്നിവ ഉള്‍പ്പെട്ട കെട്ടിട സമുച്ചയ നിര്‍മ്മാണമാണ് വിഭാവന ചെയ്തിട്ടുള്ളത്. ഇതോടൊപ്പം തന്നെ രണ്ടാം ഘട്ട പദ്ധതിയായ അഫിലിയേറ്റഡ് തിയോളജിക്കല്‍ സെമിനാരിയും, യൂണിവേഴ്‌സിറ്റിയും പ്രവര്‍ത്തന സജ്ജമാകുവാനുള്ള ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ് മലങ്കര ആര്‍ച്ച് ഡയോസിസ് ഭദ്രാസനാധിപനും പാത്രിയാര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സുകൊണ്ട് ചെയര്‍മാനും, സാജു സ്‌കറിയ കോര്‍ഡിനേറ്ററുമായ പന്ത്രണ്ടംഗ കമ്മറ്റി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കര്‍മ്മ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളെ ഉള്‍പ്പെടുത്തി കമ്മറ്റി വിപുലീകരിക്കുമെന്ന് സാജൂ സ്‌കറിയ അറിയിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഡോ.വര്‍ഗീസ് മാനിക്കാട്ട് സ്വാഗതം ആശംസിച്ചു.

ഭദ്രാസന ട്രഷറര്‍ ശ്രീ.എബ്രഹാം മാത്യൂവില്‍ നിന്നും $25000 ത്തിന്റെ ചെക്ക് സ്വീകരിച്ചുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തതായി ആര്‍ച്ച് ബിഷപ്പ് മോര്‍ തീത്തോസ് പ്രസ്താവിച്ചു. യുവജന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ച്ച് ഡയോസിസിന്റെ നൂതന പദ്ധതികള്‍ സഭയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായിരിക്കുമെന്ന് മോര്‍ തീത്തോസ് തിരുമേനി അറിയിച്ചു. രജത ജൂബിലി ജനറല്‍ കണ്‍വീനര്‍ ശ്രീ.ജോബി ജോര്‍ജ്ജ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജോര്‍ജ്ജ് കോരത്, ഭദ്രാസന കൗണ്‍സിലംഗങ്ങള്‍, രജതജൂബിലി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പബ്ലിസിറ്റി / പബ്ലിക് റിലേഷന്‍സ് കോര്‍ഡിനേറ്റര്‍ ബിജു ചെറിയാന്‍ അറിയിച്ചതാണിത്.
[ImgNews]