Image

ശസ്ത്രക്രിയക്ക് കൈക്കൂലി : കോഴിക്കോട് മെഡിക്കല്‍ കോളജ് അസോ. പ്രൊഫസറെ അറസ്റ്റുചെയ്തു

Published on 15 June, 2011
ശസ്ത്രക്രിയക്ക് കൈക്കൂലി : കോഴിക്കോട് മെഡിക്കല്‍ കോളജ് അസോ. പ്രൊഫസറെ അറസ്റ്റുചെയ്തു

കോഴിക്കോട്: ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി  ആവശ്യപ്പെട്ട ഡോക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. എം. ജയകുമാറിനെയാണ് ചേവായൂര്‍ ശാന്തിനഗര്‍ കോളനിയിലെ വീട്ടില്‍നിന്ന് വിജിലന്‍സ് ഡിവൈ.എസ്.പി സുനില്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. വിജിലന്‍സ് നല്‍കിയ ഫിനോഫ്ത്തലിന്‍ പുരട്ടിയ നോട്ട് പരാതിക്കാരന്‍ കൈമാറിയശേഷമായിരുന്നു അറസ്റ്റ്.

ഡോ. ജയകുമാറിനെതിരെ മീഞ്ചന്ത ചിറക്കല്‍ പറമ്പ് ആശാ ഹൗസില്‍   ബഷീര്‍ അഹമ്മദ് ആരിഫാണ് (36) പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ മകന്‍ അബൂ സുബൈറിന്റെ (11) കാലിന് നേരത്തേ മെഡിക്കല്‍ കോളജില്‍നിന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സമയത്ത് ഇതേ ഡോക്ടര്‍ക്ക് 2000 രൂപ കൈക്കൂലി നല്‍കിയിരുന്നുവത്രെ. ഒന്നാമത്തെ ശസ്ത്രക്രിയയുടെ സമയത്ത് അസ്ഥികള്‍ക്കിടയില്‍ സ്ഥാപിച്ച സ്‌ക്രൂ, കമ്പി എന്നിവ  നീക്കം ചെയ്യാനാണ് വീണ്ടും ഇവര്‍ ശസ്ത്രക്രിയക്കായി എത്തിയത്. പണംകൊടുക്കാത്തതിനാല്‍ മൂന്നുതവണ ഇവരെ അഡ്മിറ്റ് ചെയ്യാതെ മടക്കിയയച്ചു. പിന്നീട്  മേയ് 31ന് ജയകുമാര്‍ ലീവിലുള്ള സമയത്ത് ജൂനിയര്‍ ഡോക്ടര്‍ ഇവരെ അഡ്മിറ്റ് ചെയ്‌തെങ്കിലും ലീവ് കഴിഞ്ഞ് മടങ്ങിയെത്തിയ ഡോക്ടര്‍ ജയകുമാര്‍ കഴിഞ്ഞ എട്ടിന് ഡിസ്ചാര്‍ജ് എഴുതിക്കൊടുക്കുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ബ്ലഡ് ഇല്ലെന്ന കാരണമാണ് പറഞ്ഞത്.  വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ആദ്യം വന്നതുപോലെ തന്നെ വീട്ടില്‍ വന്ന് കാണാനായിരുന്നു മറുപടി. ഇതേത്തുടര്‍ന്നാണ് ബഷീര്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ വൈകീട്ട് ഡോക്ടറുടെ വീട്ടിലെത്തിയതും അവര്‍ നല്‍കിയ 2000 രൂപ കൈമാറിയതും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക