Image

നൂല്‍പ്പാലത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍....

ജി.കെ Published on 20 June, 2011
നൂല്‍പ്പാലത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരുമാസം പിന്നിടുമ്പോള്‍....
രണ്ടു സീറ്റുകളുടെ ഭൂരിപക്ഷമെന്ന നൂല്‍പ്പാലത്തിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ ഒരുമാസം കുറഞ്ഞ കാലയളവാണെങ്കിലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു മാസത്തിനിടെ കാഴ്‌ചവെച്ച പ്രകടനത്തെ `എന്തൊരു സ്‌പീഡ്‌' എന്ന പ്രശസ്‌തമായ ഭരത്‌ ഗോപി ഡയലോഗ്‌ കൊണ്ടേ വിശേഷിപ്പിക്കാനാവു. വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും തുടക്കത്തിലേ വിവാദങ്ങളുടെ കല്ലുകടിക്കുകയും ചെയ്‌ത എല്‍ഡിഎഫ്‌ സര്‍ക്കാരില്‍ നിന്നും വിവാദങ്ങള്‍ക്കിടയിലും ഉറച്ച തീരുമാനങ്ങളുടെയും നിശ്ചയദാര്‍ഢ്യത്തിന്റെം പ്രതിരൂപമാവുകയും ചെയ്‌തതിലൂടെയാണ്‌ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ വ്യത്യസ്‌തമാവുന്നത്‌.

പെട്രോളിന്റെ അധികനികുതി പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ തുടക്കമിട്ട ജനക്ഷേമ നടപടികള്‍ക്ക്‌ തുടര്‍ന്നുള്ള ദിവസങ്ങളിലും പിന്തുടര്‍ച്ചകളുണ്ടായി എന്നത്‌ ശ്രദ്ധേയമാണ്‌. ഇതില്‍ ഏറ്റവും പ്രധാനം മൂലമ്പിള്ളി പാക്കേജ്‌ തന്നെയായിരുന്നു. അത്‌ നടപ്പാക്കാനായി മുതിര്‍ന്ന നേതാവ്‌ വി.എംസുധീരന്‍ വഹിച്ച പങ്കിനെ കോണ്‍ഗ്രസ്‌ തന്നെ കണ്ടില്ലെന്ന്‌ നടിച്ചെങ്കിലും മൂലമ്പിള്ളിക്കാര്‍ക്ക്‌ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുനരധിവാസം ഉറപ്പാക്കാന്‍ ഒരു മാസത്തിനുള്ളില്‍ തന്നെ യുഡിഎഫ്‌ സര്‍ക്കാരിനായി എന്നത്‌ ചെറിയ നേട്ടമല്ല.

കൊച്ചി മെട്രോ റെയിലിനായി കൊച്ചി മെട്രോ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിക്കാന്‍ തീരുമാനിച്ചതും വിഴിഞ്ഞം പദ്ധതിക്ക്‌ പരിസ്ഥിതി ക്ലിയറന്‍സ്‌ നേടാനായി കേന്ദ്രമന്ത്രി ജയറാം രമേഷിനെ ഇവിടേക്കു ക്ഷണിച്ചു ചര്‍ച്ചകള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞതും പ്രവര്‍ത്തിക്കണമെന്ന്‌ ആഗ്രഹമുള്ള ഒരു സര്‍ക്കാരിന്റെ നല്ല ചുവടുവയ്‌പ്പായി കാണാം. കഴിഞ്ഞ രണ്ടു വര്‍ഷമായി വിഴിഞ്ഞം പദ്ധതിക്കു പരിസ്ഥിതി ക്ലിയറന്‍സ്‌ തേടി ആരും തന്റെ മന്ത്രാലയത്തെ സമീപിച്ചില്ലെന്ന ജയറാം രമേശിന്റെ പ്രസ്‌താവന രാഷ്‌ട്രീയ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെങ്കിലും മുന്‍സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്‌ ജനങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു.

മൂന്നാര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മൂന്നാര്‍ സന്ദര്‍ശിച്ചതും നിയമത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ചായിരിക്കും കൈയേറ്റമൊഴിപ്പിക്കുക എന്ന പ്രസ്‌താവനയും ശുഭസൂചനയായി കണക്കാക്കാം. കാരണം കൈയടിക്കുവേണ്ടിയുള്ള കൈയേറ്റമൊഴിപ്പിക്കലല്ല മൂന്നാറില്‍ വേണ്ടതെന്ന്‌ യുഡിഎഫ്‌ തുടക്കത്തിലേ തിരിച്ചറിഞ്ഞുവെന്ന്‌ ആശിക്കാം. മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനം മുന്‍സര്‍ക്കാരില്‍ നിന്ന്‌ വിഭിന്നമായി പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ മുന്‍സര്‍ക്കാര്‍ കാണിച്ച വൈമനസ്യമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റിയടക്കമുള്ള പദ്ധതികള്‍ വൈകിച്ചതെന്ന യാഥാര്‍ഥ്യം നമുക്ക്‌ മുന്നിലുണ്ട്‌.

രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കി സമയം കളയുന്നതിനു പകരം തീരുമാനങ്ങളെടുക്കുകയും അവ നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരെന്ന പ്രതിച്ഛായയാണ്‌ ആദ്യ ഒരുമാസത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണം ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷ പദവിയിലേക്ക്‌ കെ.എം ചന്ദ്രശേഖറിനെപ്പൊലം കഴിവും അനുഭവത്തുമുള്ള വ്യക്തിയെ കണ്ടടത്താനായതും മറ്റൊരു നേട്ടമാണ്‌. കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിയെന്ന നിലയിലുള്ള ചന്ദ്രശേഖറിന്റെ ബന്ധങ്ങളും ഭരണപരിചവും സംസ്ഥാനത്തിന്‌ ഉപകാരപ്രദമാകുമെന്ന്‌ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നല്ല തീരുമാനമായിരുന്നു ഇത്‌.

ഈ വികസനവേഗത്തിനിടയിലും ചില കല്ലുകടികളുണ്ടായി എന്ന യാഥാര്‍ഥ്യവും കാണാതിരുന്നുകൂടാ. മന്ത്രിസഭാ വികസനത്തില്‍ തുടങ്ങി സ്വാശ്രയാ പ്രവേശനത്തിലൂടെ കടന്ന്‌ ഉമ്മന്‍ ചാണ്ടിയുടെ പാണക്കാട്‌ സന്ദര്‍ശനത്തിലെത്തി നില്‍ക്കുന്നു വിവാദ വര്‍ഷം.സ്വാശ്രയ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ നിലപാടുകള്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങിയതോടെ വരും ദിനങ്ങള്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തില്‍ പ്രക്ഷോഭത്തിന്റെ നാളുകളായിരിക്കുമെന്ന്‌ വ്യക്തമായിരിക്കുന്നു.

ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള കോളജുകളിലെ മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റുകള്‍ക്ക്‌ പ്രവേശനാനുമതി നല്‍കിയ തീരുമാനം ജനപക്ഷ സര്‍ക്കാരിന്‌ ചേര്‍ന്നതല്ലെന്ന്‌ ഉമ്മന്‍ ചാണ്ടിപോലും തലകുലുക്കി സമ്മതിക്കും. കെ.എം മാണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ മാണി സാര്‍ മാനേജ്‌മെന്റുകളുടെ പക്ഷം പിടിച്ചതാണ്‌ സര്‍ക്കാരിന്‌ തിരിച്ചടിയായത്‌ എന്നാണ്‌ യാഥാര്‍ഥ്യം. മുന്നണിയുടെ താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായി മാണിസാര്‍ മുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ടടന്നചിനാല്‍ ഇക്കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

മൂന്നാറിന്റെ കാര്യത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ ഇവിടെ അതിന്‌ തയാറാവാതിരുന്നതും മുന്നണിയുടെ ഭരണനേട്ടങ്ങള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌. പരിയാരം മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മകള്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയില്ലായിരുന്നുവെങ്കില്‍ സ്വാശ്രയ വിഴയത്തില്‍ സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ അപഹാസ്യരാവുമായിരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. പ്രത്യേകിച്ചും രണ്ടു മന്ത്രിമാരുടെ മക്കളെ സ്വാശ്രയ കോളജുകളില്‍ നിന്ന്‌ പിന്‍വലിക്കേണ്ടി വന്ന സാഹചര്യത്തില്‍.

മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി ലീഗുമായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാനാവാഞ്ഞതും ഡെപ്യൂട്ടി സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ അനുയോജ്യനായയാളെ കണ്ടടത്താനാവാത്തത്തും വരും ദിനങ്ങളിലും മുന്നണിയുടെയും സര്‍ക്കാരിന്റയും തലവേദന കൂട്ടുന്ന ഘടകങ്ങളാണ്‌. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടിവരുമെന്ന സമ്മര്‍ദ്ദവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ മുന്നിലുണ്ട്‌. എങ്കിലും പരമിതികള്‍ക്കിടയിലും ഇത്രയെങ്കിലും ചെയ്യാനായതില്‍ ഉമ്മന്‍ ചാണ്ടിക്കും സംഘത്തിനും തീര്‍ച്ചയായും അഭിമാനിക്കാം. ഈ വികസനവേഗം തുടര്‍ന്നും നിലനില്‍ക്കട്ടേയെന്ന്‌ ആശംസിക്കുകയുമാവാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക