Image

സാരഥി; പക്ഷെ സേവകന്‍- എം.ജി മേനോന്‍

ഡോ. മുരളീരാജന്‍ Published on 21 June, 2011
സാരഥി; പക്ഷെ സേവകന്‍- എം.ജി മേനോന്‍
കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) സാരഥിയെങ്കിലും സേവകനായാണ്‌ എം.ജി. മേനോന്റെ പ്രവര്‍ത്തനങ്ങള്‍. ജൂലൈ ഒന്നുമുതല്‍ നാലുവരെ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടക്കാന്‍ പോകുന്ന കണ്‍വെന്‍ഷന്റെ തിരക്കിട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന മേനോന്റെ എക്കാലത്തേയും പ്രവര്‍ത്തനങ്ങളില്‍ ഈ സേവനത്വര കാണാം.

ലോസ്‌ആഞ്ചലസില്‍ നടന്ന 2009-ലെ കണ്‍വെന്‍ഷനില്‍ പലരുടേയും സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന്‌ വഴങ്ങി പ്രസിഡന്റായ മേനോന്‍ സംഘടനയില്‍ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തു.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന്‌ സമയം കണ്ടെത്തി അമേരിക്കയിലെ എല്ലാ റീജിയണുകളിലും സഞ്ചരിച്ച്‌, തെറ്റിപിരിഞ്ഞ്‌ കിടന്ന പല ഹിന്ദുസംഘടനകളെ ഒരുമിപ്പിച്ചും, ഐകമത്യം വരുത്തിയും അദ്ദേഹം സംഘടനാ ശക്തി വിപുലീകരിച്ചു.

കെ.എച്ച്‌.എന്‍.എ.യുടെ കുടക്കീഴില്‍ സനാതന ധര്‍മ്മ സമിതി, ഭജനസമിതി, കുട്ടികളുടെ ചെറുകഥ സമിതി-തുടങ്ങിയ പല സമിതികള്‍ രൂപീകരിക്കുകയും അത്‌ ഫലപ്രദമായി നടപ്പാക്കുകയും ചെയ്‌തു. അമേരിക്കയിലെ എല്ലാ പ്രാന്തങ്ങളിലും ചെന്ന്‌ കെ.എച്ച്‌.എന്‍.എ.യുടെ ശുഭാരംഭ ചടങ്ങുകളില്‍ പങ്കെടുക്കുകയും വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ വഴി കെ.എച്ച്‌.എന്‍.എ.യുടെ ഉപദേശങ്ങളും ഭാവി പരിപാടികളും വിശദീകരിച്ചു കൊടുത്തു.

കണ്‍വെന്‍ഷന്റെ ഭാഗമായി കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്ന വിവിധതരം പരിപാടികള്‍ മേനോന്റെ മനസ്സില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്‌. കുട്ടികള്‍ക്ക്‌ രാമായണ പ്രശ്‌നോത്തിരിയും, യുവതലമുറയ്‌ക്ക്‌ പ്രത്യേകമായി ആശയവിനിമയം ചെയ്യുവാനായി ഒരുക്കിയിരിക്കുന്ന യുവസെമിനാറും, മുതിര്‍ന്നവര്‍ക്കായി ഒരുക്കിയിട്ടുള്ള അമേരിക്കന്‍ ജീവിതചക്രത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുതകുന്ന ഭകുടുംബ സെമിനാര്‍ തുടങ്ങിയ പല ക്രിയാത്മകമായ പരിപാടികള്‍ ഈ കണ്‍വന്‍ഷനില്‍ മേനോന്റെ ആശയങ്ങളാണ്‌.

കെ.എച്ച്‌.എന്‍.എ.യില്‍ ആദ്യമായി യംങ്ങ്‌ വോളന്റിയേഴ്‌സ്‌ ഇന്‍ ആക്ഷന്‍ എന്ന ഒരു നൂതന ഉപവര്‍ക്ഷ സംഘടനക്ക്‌ രൂപം കൊടുത്ത്‌ കെ.എച്ച്‌.എന്‍.എ യുടെ ഭാവിയെ നയിക്കുവാനുള്ള ഒരു പിന്‍നിരയെ സൃഷ്‌ടിച്ച്‌ സംഘടനയെ ശക്തിപ്പെടുത്തുന്ന കാര്യം അദ്ദേഹം മറന്നതുമില്ല.

വാഷിംഗ്‌ഡണ്‍ ഡി.സി.യില്‍ 1978-ല്‍ എത്തിയശേഷം തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പാതകള്‍ മേനോന്‍ ഒന്നൊന്നായി തുറന്നുകൊണ്ടേയിരുന്നു. 1986 ല്‍ കേരള അസോസിയേഷന്റെ പ്രസിഡന്റായി. വാഷിങ്ങ്‌ടണിലെ നാല്‌ നാടക സ്റ്റേജുകളില്‍ വിവിധ നാടകങ്ങളില്‍ അദ്ദേഹത്തിലെ അഭിനയചാതുര്യത്തെ പരിചയപ്പെടുത്തി. കര്‍ണാടക സംഗീതത്തിലും നൃത്തകലകളിലും വിജ്ഞാനമുണ്ട്‌.

മേനോന്റെ ശ്രദ്ധ 1986 ല്‍ വാഷിങ്ങ്‌ടണിലെ ശിവ വിഷ്‌ണുക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക്‌ തിരിഞ്ഞു. ശിവ വിഷ്‌ണുക്ഷേത്രത്തിന്റെ രൂപകല്‍പന മുതല്‍ നിര്‍മ്മാണം വരെ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ കൂടി നടത്തി ക്ഷേത്രനിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയാക്കി. 1994 ല്‍ ക്ഷേത്രസമിതിയുടെ ചെയര്‍മാനായി. ആ കാലഘട്ടങ്ങളില്‍ തന്നെ, ശിവ വിഷ്‌ണു ക്ഷേത്രത്തോടനുബന്ധിച്ച്‌ ,അമേരിക്കയിലെ ആദ്യത്തെ 18 പടികള്‍ സ്ഥാപിച്ചിട്ടുള്ള അയ്യപ്പ ക്ഷേത്രനിര്‍മ്മാണത്തിന്‌ ആരംഭം കുറിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ക്ഷേത്രാങ്കണത്തില്‍ തന്നെ കുട്ടികള്‍ക്കായി വായനശാലയും കലാകേന്ദ്രവും സ്ഥാപിച്ചു. അതിന്റെ തുടര്‍ച്ചയായി വാഷിങ്ങ്‌ടണില്‍ ആദ്യമായി 2007 ല്‍ സ്വാതി തിരുനാള്‍ മ്യൂസിക്കല്‍ ഫെസ്റ്റിവലിന്‌ തുടക്കം കുറിച്ചു. എല്ലാവര്‍ഷവും കൊണ്ടാടുന്ന ഈ സംഗീത സഭ ഇതിനോടകം തന്നെ പേരെടുത്തു. ശിവ വിഷ്‌ണു ക്ഷേത്രത്തിലെ ട്രസ്റ്റി എമിറ്റെസ്‌ ആയ മേനോന്‌ കഥകളിയിലും കമ്പമുണ്ട്‌.

2007 ല്‍ കെ.എച്ച്‌.എന്‍.എ. യുടെ ന്യൂയോര്‍ക്കില്‍ നടത്തിയ കണ്‍വന്‍ഷനില്‍ അമേരിക്കയില്‍ നിന്ന്‌ തന്നെ ഒരു കഥകളി ഗ്രൂപ്പിനെ തയ്യാര്‍ ചെയ്‌ത്‌ കഥകളി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കായി കെ.എച്ച്‌.എന്‍.എ. `വിശിഷ്‌ട വ്യക്തി' എന്ന ബഹുമതി നല്‍കി ആദരിച്ചിരുന്നു. 

തിരുവിതാംകൂര്‍ മഹാരാജാവിന്റെ ദിവാന്‍ പേഷ്‌കാരായിരുന്ന കണ്ടനാട്‌ നാരായണമേനോന്റെ കൊച്ചു മകന്‍ - എരവത്തൂര്‍ സ്‌ക്കൂളില്‍ നിന്നും കണക്കില്‍ നൂറില്‍ നൂറു മാര്‍ക്ക്‌ വാങ്ങി ഒന്നാം റാങ്കോടുകൂടി പത്താം ക്ലാസ്‌ പാസായി, എര്‍ണാകുളം മഹാരാജാസ്‌ കോളേജില്‍ നിന്ന്‌ ഇന്റര്‍മീഡിയേറ്റ്‌ -തിരുവനന്തപുരം എന്‍ജിനീയറിംങ്ങ്‌ കോളേജില്‍ നിന്ന്‌ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം .

മിലട്ടറി എന്‍ജിനീയറിങ്ങ്‌ സര്‍വീസില്‍ ഗാരിസ്സണ്‍ എന്‍ജിനീയര്‍ തുടങ്ങിയ പല ഉന്നത പദവിയിലിരുന്ന ശേഷം, അമേരിക്കയില്‍ 1975 ല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസില്‍ ഉപരിപഠനത്തിനായി എത്തുകയായിരുന്നു.

പ്രവര്‍ത്തിയില്‍ ആത്മവിശ്വാസവും വിചാരങ്ങളില്‍ നിശ്ചയദാര്‍ഢ്യവും വിശ്വാസങ്ങളില്‍ വേദാന്ത വിചാരങ്ങളും നിറഞ്ഞു തുളുമ്പുന്ന മേനോന്‍ നിഷ്‌കളങ്കമായ മനസ്സോടും നേരായ മാര്‍ഗത്തിലുള്ള പ്രവര്‍ത്തികളും വിചാരങ്ങളുമായി ജീവിതം നയിക്കണമെന്ന നിര്‍ബധബുദ്ധിയുടെ ഉടമയാണ്‌.

1968 ല്‍ വടക്കന്‍ പറവൂരിനടുത്തുള്ള ചേന്ന മംഗലത്തെ പ്രസിദ്ധ പാലിയം തറവാട്ടില്‍ നിന്ന്‌ വിവാഹം കഴിച്ചു. മഹദ്‌ വ്യക്തികളുടെ ജീവിതത്തില്‍ സഹധര്‍മ്മണി പ്രധാന പങ്കുവഹിക്കുമെന്നുള്ള സത്യം മനോരമ മേനോനെ പറ്റി പറയുമ്പോഴും വളരെ അര്‍ത്ഥവത്താണ്‌. മട്ടാമ്പിള്ളി ഗംഗാധരമേനോന്‍ എന്ന വ്യക്തിയുടെ വളര്‍ച്ചയുടെ എല്ലാ പടവുകളിലും സന്തത സഹചാരിയായി പിന്‍തുണ നല്‍കിയ ആ സ്‌ത്രീരന്തം അദ്ദേത്തിന്റെ കര്‍മ്മ സഹായിയുമാണ്‌.

ഡോ.അനിതാ മേനോന്‍, സംഗീതാ മേനോന്‍, ഡോ. ആശാ മേനോന്‍ എന്ന മൂന്ന്‌ പുത്രിമാരും 6 പൗത്രരുമുള്ള സന്തുഷ്‌ടമായ കുടുംബജീവിതമാണ്‌ അദ്ദേഹം നയിക്കുന്നത്‌.
സാരഥി; പക്ഷെ സേവകന്‍- എം.ജി മേനോന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക