Image

രതിചേച്ചിയും, പപ്പുവും

Published on 22 June, 2011
രതിചേച്ചിയും, പപ്പുവും
രതിചേച്ചിയും രതിനിര്‍വേദവും മലയാള സിനിമയുടെ ആഘോഷമാകുകയാണ്‌ ഇപ്പോള്‍. ജൂണ്‍ 17ന്‌ രതിനിര്‍വേദം റിലീസ്‌ ചെയ്‌തപ്പോള്‍ സമീപകാല മലയാള സിനിമ കണ്ടിട്ടില്ലാത്ത ജനത്തിരക്കാണ്‌ കേരളത്തിലെ തീയേറ്ററുകളില്‍. വെള്ളിത്തിരയില്‍ രതിചേച്ചിയായി നിറഞ്ഞു നില്‍ക്കുന്ന ശ്വേതാ മേനോന്‍ തൊട്ടടുത്ത ദിവസം തന്നെ വിവാഹിതയായി എന്നത്‌ മറ്റൊരു കൗതുകം. ഒരാഴ്‌ചകൊണ്ട്‌ ഒന്നര കോടിയുടെ തീയേറ്റര്‍ കളക്ഷനാണ്‌ രതിനിര്‍വേദം കേരളത്തില്‍ നിന്നും നേടിയത്‌. സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ക്ക്‌ പോലും ഇന്ന്‌ അന്യമായിരിക്കുന്ന കളക്ഷന്‍ റിക്കോഡാണ്‌ രതിനിര്‍വേദത്തിന്‌.


പത്മരാജന്‍ സാഹിത്യം വീണ്ടും അഭ്രപാളിയില്‍ എന്ന ഹൈലൈറ്റും ചിത്രത്തിനുണ്ട്‌. പത്മരാജന്റെ സുപ്രധാന തിരക്കഥകളിലൊന്ന്‌ വീണ്ടും സിനിമയാക്കപ്പെടുമ്പോള്‍ മലയാള സിനിമയിലെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്‌.

ആദ്യകാല രതിനിര്‍വേദത്തില്‍ രതിചേച്ചിയായി ശ്വേതാ മേനോനും, പപ്പുവായി കൃഷ്‌ണചന്ദ്രനുമാണ്‌ അഭിനയിച്ചതെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം രതിയായി വെള്ളിത്തിരയില്‍ എത്തിയത്‌ ശ്വേതാ മേനോനും പപ്പുവായി എത്തിയത്‌ പുതമുഖം ശ്രീജിത്ത്‌ വിജയുമാണ്‌.

ഇരുവരും രതിനിര്‍വേദത്തിന്റെ വിജയം പങ്കുവെക്കുകയാണ്‌ ഇവിടെ...

ഒരു കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട്‌ തീയേറ്ററില്‍ നില്‍ക്കുമ്പോള്‍ തന്നെ വിവാഹവും. എന്താണ്‌ ഇങ്ങനെയൊരു തീരുമാനം പെട്ടന്ന്‌?

അത്‌ യാദൃശ്ചികമായി അങ്ങനെ സംഭവിച്ചതാണ്‌. വിവാഹം നേരത്തെ നിശ്ചയിച്ചതാണ്‌. വിവാഹ തീയതി അദ്ദേഹത്തിന്റെ വീട്ടുകാരുടെ താത്‌പര്യപ്രകാരമൊക്കെയാണ്‌ തീരുമാനിച്ചത്‌. നേരത്തെ ദിവസം ആരോടും പറഞ്ഞില്ല എന്ന്‌ മാത്രം. അടുത്ത സുഹൃത്തുക്കള്‍ക്കൊക്കെ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച്‌ അറിയാമായിരുന്നു. പിന്നെ നാട്ടില്‍ വെച്ച്‌ തന്നെ വിവാഹം മതിയെന്ന്‌ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു.

രതിചേച്ചി ശരിക്കും തീയേറ്ററുകളില്‍ ഹിറ്റായിരിക്കുകയാണ്‌?

എനിക്കിപ്പോള്‍ ഇരട്ടിസന്തോഷമാണ്‌. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു ജീവിതം ലഭിച്ചിരിക്കുന്നു. പിന്നെ ഞാന്‍ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമ വന്‍ ഹിറ്റയിരിക്കുന്നു. ഇതുപോലെ ഞാന്‍ സന്തോഷിച്ച മറ്റൊരു സമയമില്ല. സത്യത്തില്‍ രതിനിര്‍വേദത്തിലെ വേഷത്തിലേക്ക്‌ പ്രിയാമണിയെ കാസ്റ്റ്‌ ചെയ്‌തതായിരുന്നു. പിന്നീട്‌ ഡേറ്റ്‌ ക്ലാഷ്‌ ഒക്കെ കാരണം ചിത്രീകരണം നീണ്ടുപോയി. അങ്ങനെ പ്രീയാമണി ചിത്രത്തില്‍ നിന്നും ഒഴിവായി. അപ്പോള്‍ ഞാന്‍ ചോദിച്ചു വാങ്ങിയ വേഷമാണ്‌ രതിനിര്‍വേദത്തിലെ രതി.

ഷൂട്ടിംഗിനിടയില്‍ പഴയ രതിനിര്‍വേദത്തില്‍ അഭിനയിച്ച കൃഷ്‌ണചന്ദ്രനൊക്കെ ലൊക്കേഷനില്‍ വന്നിരുന്നു. പിന്നെ കെ.പി.എ.സി ലളിത ചേച്ചി പഴയ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌. അവരുടെയൊക്കെ അനുഭവങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.

ശ്രീവല്‍സന്‍ മേനോനുമായുള്ള പരിചയം?

വര്‍ഷങ്ങളായ സൗഹൃദമാണ്‌. ഞങ്ങളുടെ ടേസ്റ്റുകള്‍ ഒരേ വിധത്തിലുള്ളതായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. പിന്നെ വിവാഹത്തിന്‌ ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും സമയം വേണമായിരുന്നു.

വിവാഹത്തിന്‌ ശേഷം ഹണിമൂണ്‍ എവിടേക്കാണ്‌?

പാരീസിലേക്കാണ്‌ ഹണിമൂണ്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കും ഏറെ ഇഷ്‌ടപ്പെട്ട ഒരു പ്ലേയ്‌സാണത്‌. എന്റെ ഇഷ്‌ടം മനസിലാക്കി ശ്രീവല്‍സന്‍ സജസ്റ്റ്‌ ചെയ്‌തതാണ്‌ പാരീസ്‌. പക്ഷെ ഹണിമൂണ്‍ ഉടനെയുണ്ടാകില്ല. ഇപ്പോള്‍ ഞാനൊരു തെലുങ്ക്‌ ചിത്രം കമിറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ ഷെഡ്യൂള്‍ തീര്‍ക്കണം. പിന്നെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി തിരുവനന്തപുരത്തും കൊച്ചിയിലും റിസപ്‌ഷന്‍ നടത്തണം. പിന്നെ ശ്രീവല്‍സന്‌ മുംബൈയില്‍ കുറച്ച്‌ ജോലിത്തിരക്കുകളുണ്ട്‌. അതില്‍ നിന്നെല്ലാം ഒഴിവായിട്ട്‌ വേണം പാരിസിലേക്ക്‌ തിരിക്കാന്‍.

വിവാഹത്തിനു ശേഷം അഭിനയം?

അങ്ങനെയൊരു ചോദ്യം എന്റെ കാര്യത്തില്‍ പ്രസക്തമേയല്ല. വിവാഹം എന്റെ കരിയറിന്‌ തടസമേയല്ല. അഭിനയം തുടരുക തന്നെ ചെയ്യും. ശ്രീവല്‍സനും ഇക്കാര്യത്തില്‍ എനിക്ക്‌ സപ്പോര്‍ട്ടാണ്‌.

രതിനിര്‍വേദം ഒരു വല്ലാത്ത ഇമേജ്‌ നല്‍കുന്നില്ല?

മുമ്പ്‌ രതിനിര്‍വേദത്തില്‍ അഭിനയിച്ചിട്ട്‌ ജയഭാരതി ചേച്ചിക്ക്‌ അങ്ങനെയൊരു ഇമേജ്‌ വീണിരുന്നോ. ഒരിക്കലുമില്ലല്ലോ. ജയഭാരതി മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിയായിട്ടാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഈ സിനിമയില്‍ വ്യത്യസ്‌തമായ തലത്തിലുള്ള ഒരു പ്രണയം അവതരിപ്പിക്കുന്നു എന്നു മാത്രം. അതുകൊണ്ട്‌ ഫാമിലിക്ക്‌ കാണാന്‍ പറ്റാത്ത ഒരു സിനിമയൊന്നുമല്ലിത്‌. ഞാന്‍ മുമ്പും ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്‌. അതെന്റെ തൊഴിലിന്റെ ഭാഗമാണ്‌. തമിഴില്‍ ഞാന്‍ അഭിനയിച്ച ഞാന്‍ അവന്‍ ഇല്ലൈ എന്ന സിനിമ പൂര്‍ണ്ണമായും ഗ്ലാമര്‍ ചിത്രമാണ്‌. അതുപോലെയൊന്നും വരില്ല രതിനിര്‍വേദം. വിടപറഞ്ഞു പോയ പത്മരാജന്‍ എന്ന മഹാനായ എഴുത്തുകാരനെ വീണ്ടും സിനിമയിലെത്തിക്കുകയാണ്‌ ഇപ്പോള്‍ രതിനിര്‍വേദം എന്ന ചിത്രം. അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞു എന്നത്‌ തന്നെ ഒരു നിയോഗമാണ്‌. ഞാനും ശ്രീവല്‍സനും ചേര്‍ന്ന്‌ കൊച്ചിയിലെ തീയേറ്ററില്‍ പോയി രതിനിര്‍വേദം കണ്ടിരുന്നു. ആരും മോശമായി ഒരു കമന്റ്‌ പോലും പറഞ്ഞില്ല. പറയില്ല എന്ന ധൈര്യം എനിക്കുണ്ടായിരുന്നു.

ശ്വേതാമേനോന്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചപ്പോള്‍ തന്റെ അടുത്ത സിനിമയും ഉടന്‍ തീയേറ്ററുകളിലെത്തുമെന്ന്‌ പറഞ്ഞു. ശ്വേത നായികയായ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രവും ഉടന്‍ തീയേറ്ററുകളിലെത്തുകയാണ്‌. പുതിയ രണ്ടു ചിത്രങ്ങള്‍ കൂടി ശ്വേത കരാര്‍ ചെയ്‌പ്പെട്ടു കഴിഞ്ഞു. രതിനിര്‍വേദം ഹിറ്റിലേക്ക്‌ കുതിക്കുമ്പോള്‍ ശ്വേതയും തിരക്കുകളിലേക്ക്‌ കടക്കുകയാണ്‌.

രതിചേച്ചിയെ പ്രണയിക്കാന്‍ കൊതിക്കാത്തവരായി ആരും കാണില്ല. എത്രയോ കാലമായി ഭരതനും പത്മരാജനും ചേര്‍ന്നൊരുക്കിയ ഈ ചിത്രം പ്രേക്ഷകരുടെ നൊസ്റ്റാള്‍ജിയയാണ്‌. യുവത്വത്തിന്റെ സങ്കലപങ്ങളുടെ ഉദാഹരണമാണ്‌ രതിനിര്‍വേദത്തിലെ പപ്പു. പ്രണയ സങ്കല്‌പങ്ങള്‍ മനസിലേറ്റി നടക്കുന്ന കൗമാരക്കാന്‍ പപ്പു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പപ്പുവാകാന്‍ ഭാഗ്യം ലഭിച്ചത്‌ കൃഷ്‌ണചന്ദ്രനായിരുന്നു. ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ പപ്പുവായി എത്തിയിരിക്കുന്നത്‌ ശ്രീജിത്ത്‌ വിജയ്‌ എന്ന യുവതാരവും.

രതിനിര്‍വേദത്തിലേക്ക്‌ ശ്രീജിത്ത്‌ എത്തിയത്‌ എങ്ങനെയാണ്‌?

ഫാസില്‍ ചിത്രമായ ലിവിംഗ്‌ ടുഗെദര്‍ എന്ന ചിത്രത്തിലൂടെയാണ്‌ ഞാന്‍ സിനിമയിലേക്ക്‌ എത്തിയത്‌. എഞ്ചിനിയറിംഗ്‌ കഴിഞ്ഞു നില്‍ക്കുമ്പോഴാണ്‌ ലിവിംഗ്‌ ടുഗെദറില്‍ അഭിനയിക്കുന്നത്‌. പിന്നീട്‌ എനിക്ക്‌ വരുന്ന ഓഫറാണ്‌ ടി.കെ രാജീവ്‌കുമാര്‍ സാറിന്റേത്‌. അപ്പോള്‍ ഞാന്‍ രതിനിര്‍വേദം കണ്ടിട്ടുണ്ടായിരുന്നില്ല. രതിനിര്‍വേദത്തെക്കുറിച്ച്‌ പിന്നീടാണ്‌ അറിയുന്നത്‌.

രതിനിര്‍വേദം ഒരു പ്രത്യേക ഇമേജ്‌ തീര്‍ച്ചയായും ശ്രീജിത്തില്‍ സൃഷ്‌ടിച്ചിരിക്കുന്നു. അതില്‍ ഭയമുണ്ടായിരുന്നോ?

രതിനിര്‍വേദം ഒരു ഇമേജ്‌ നല്‍കുമെന്ന്‌ എനിക്കറിയാമായിരുന്നു. ഇവിടുത്തെ ചെറുപ്പക്കാരെല്ലാം കൊതിക്കുന്ന ഒരു ഇമേജ്‌ തന്നെയാണത്‌. അതുകൊണ്ട്‌ എനിക്ക്‌ മടിയൊന്നുമുണ്ടായിരുന്നില്ല. പിന്നെ ഇപ്പോള്‍ രൂപപ്പെട്ട ഇമേജ്‌ അടുത്ത സിനിമയില്‍ മറികടക്കാന്‍ കഴിയണം. എന്തായാലും സിനിമയില്‍ തുടരാന്‍ തന്നെയാണ്‌ എന്റെ തീരുമാനം. രതിനിര്‍വേദത്തിലെ അഭിനയം വളരെ നന്നായിരുന്നുവെന്ന്‌ സിനിമക്കുള്ളില്‍ നിന്നും ഒരുപാട്‌ പേര്‍ പറഞ്ഞിരുന്നു. അത്‌ വളരെ സന്തോഷം തരുന്നകാര്യമാണ്‌.

ലൊക്കേഷനിലെ അനുഭവങ്ങള്‍?

ഞങ്ങളെല്ലാം വളരെ ഹാപ്പിയായിട്ടാണ്‌ ഷൂട്ടിംഗില്‍ പങ്കെടുത്തത്‌. പത്മരാജന്റെ ജന്മസ്ഥലത്താണ്‌ രതിനിര്‍വേദം ഷൂട്ട്‌ ചെയ്‌തത്‌. ആ ഗ്രാമീണത പുതിയൊരു അനുഭവമായിരുന്നു. 20 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്‌. പിന്നെ ശ്വേതാ മേനോന്‍ എനിക്ക്‌ നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു. അടുത്ത്‌ ഇടപഴകുന്ന രംഗങ്ങളിലൊക്കെ ഇടവേളയില്‍ അവര്‍ ചിരിച്ചു തമാശകളൊക്കെ പറഞ്ഞിരിക്കും. അപ്പോള്‍ നമുക്കും ടെന്‍ഷന്‍ കുറയും.
രതിചേച്ചിയും, പപ്പുവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക