Image

കാഴ്‌ചയും കണ്ണാടിയും നല്‍കി എസ്‌.എം.സി.സി മുന്നോട്ട്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2011
കാഴ്‌ചയും കണ്ണാടിയും നല്‍കി എസ്‌.എം.സി.സി മുന്നോട്ട്‌
ചിക്കാഗോ: പത്താം വാര്‍ഷികം ആഘോഷിക്കുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട്‌ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌, കേരളത്തില്‍ തിമിര രോഗം ബാധിച്ച്‌ കാഴ്‌ച നഷ്‌ടപ്പെട്ട നിര്‍ധനരായ ആയിരം പേര്‍ക്ക്‌ ഓപ്പറേഷന്‍ വഴിയും, കണ്ണട നല്‍കിയും കാഴ്‌ച തിരിച്ചു നല്‍കുന്നു. `കണ്ണും കണ്ണാടിയും' എന്ന ഈ ജീവകാരുണ്യ പദ്ധതിക്ക്‌ ഔപചാരികമായ തുടക്കംകുറിച്ചു.

ജാതി മത ഭേദമെന്യേ കേരളത്തിലെ എല്ലാ രൂപതകളേയും, എല്ലാ ജില്ലകളേയും ഉള്‍പ്പെടുത്തി ഒരു വര്‍ഷംകൊണ്ട്‌ പൂര്‍ത്തിയാക്കുന്ന ഈ ജീവകാരുണ്യ പദ്ധതിയ്‌ക്ക്‌ തുക സമാഹരിക്കുന്നത്‌ എസ്‌.എം.സി.സി നാഷണല്‍ കമ്മിറ്റി അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളിലെ എസ്‌.എം.സി.സി ചാപ്‌റ്ററുകള്‍ വഴി റാഫിള്‍ ടിക്കറ്റ്‌ മത്സരം വഴിയും സുമനസുകളായ വ്യക്തികള്‍ നല്‍കിയ സ്‌പോണ്‍സര്‍ തുകയുംകൊണ്ടാണ്‌.

ചിക്കാഗോ രൂപതാ ആസ്ഥാനത്ത്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ എസ്‌.എം.സി.സി നാഷണല്‍ ട്രഷറര്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സ്വാഗതം ആശംസിച്ച്‌ പദ്ധതിയുടെ തുക ബിഷപ്പിനെ ഏല്‍പ്പിക്കുകയും, അഭിവന്ദ്യ പിതാവ്‌ ഈ ചെക്ക്‌ എസ്‌.എം.സി.സി നാഷണല്‍ വൈസ്‌ പ്രസിഡന്റും പ്രൊജക്‌ടിന്റെ കോര്‍ഡിനേറ്ററുമായ ജോയി കുറ്റാനിക്ക്‌ കൈമാറി ഉദ്‌ഘാടനം ചെയ്‌തു.

സമ്മേളനത്തില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, പ്രൊജക്‌ടിന്റെ ഒരു സ്‌പോണ്‍സറും ജി.എസ്‌.ടി.ഐ കമ്പനിയുടെ സി.ഇ.ഒയുമായ ജോ മീനംകുന്നേല്‍, എസ്‌.എം.സി.സി മുന്‍ നാഷണല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ജോസഫ്‌ കൊട്ടുകാപ്പള്ളി, ഫാ. ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കേരളത്തില്‍ നടത്തുന്ന ഈ ജീവകാരുണ്യ പദ്ധതി കളമശ്ശേരി രാജഗിരി ഔട്ട്‌ റീച്ച്‌ സെന്റര്‍ കോര്‍ഡിനേറ്റ്‌ ചെയ്യുമ്പോള്‍, കേരളത്തിലെ പ്രസിദ്ധമായ കണ്ണാശുപത്രികള്‍ ഈ പദ്ധതിയില്‍ സജീവ പങ്കാളിത്തം വഹിക്കുവാന്‍ തയാറായിരിക്കുകയാണ്‌. ജോയി കുറ്റിയാനി, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കാഴ്‌ചയും കണ്ണാടിയും നല്‍കി എസ്‌.എം.സി.സി മുന്നോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക