Image

മലയാളി പെണ്‍കുട്ടികള്‍ക്ക്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ അംഗീകാരം

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2011
മലയാളി പെണ്‍കുട്ടികള്‍ക്ക്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ അംഗീകാരം
മയാമി: സൗത്ത്‌ ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നക്ഷത്രശോഭയോടെ രണ്ടു പെണ്‍കുട്ടികള്‍ ഈവര്‍ഷവും ഹൈസ്‌കൂളില്‍ നിന്ന്‌ വാലിഡിക്‌ടോറിയന്മാരായി ഉന്നത വിജയം കരസ്ഥമാക്കി.

മായ ഇയ്യാണി ചാള്‍സ്‌ ഡബ്ല്യു ഫ്‌ളാനഗന്‍ ഹൈസ്‌കൂളില്‍ നിന്നും, ആഷ്‌ലി ചോരത്ത്‌ വെസ്റ്റ്‌ ബ്രോവാര്‍ഡ്‌ ഹൈസ്‌കൂളില്‍ നിന്നുമാണ്‌ മലയാളികള്‍ക്ക്‌ അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്‌.

മായാ ഇയ്യാണി:

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നുപോലെ മികവു പുലര്‍ത്തിയ മായാ ഇയ്യാണി നിരവധി അക്കാഡമിക്‌ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്‌. 5.437 ജി.പി.എ നേടിയ ഈ മിടുക്കി റെന്‍സിലര്‍ പോളിടെക്‌നിക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ മെഡിക്കല്‍ അവാര്‍ഡ്‌, എ.പി സ്‌കോളര്‍ഷിപ്പ്‌ വിത്ത്‌ ഡിസ്റ്റിംഗ്‌ഷന്‍ അവാര്‍ഡ്‌ ഫ്‌ളോറിഡാ അക്കാഡമിക്‌ സ്‌കോളര്‍ അവാര്‍ഡ്‌, യു.എഫ്‌ ബ്രോവാര്‍ഡ്‌ കൗണ്ടി അലുംമ്‌നി സ്‌കോളര്‍ഷിപ്പ്‌ എന്നിവ ഇവയില്‍ ചിലതാണ്‌. പി.റ്റി.എ സ്‌കോളര്‍ഷിപ്പ്‌ നാഷണല്‍ മെറിറ്റ്‌ കമന്‍സ്‌ഡ്‌ സ്റ്റുഡന്റ്‌, കോമണ്‍ നോളജ്‌ സ്‌കോളര്‍ഷിപ്പ്‌ ഫണ്ട്‌ എന്നിവയും ഈ വിദ്യാര്‍ത്ഥിനിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ഡില്‍ നടന്ന അമേരിക്കന്‍ ലീഡേഴ്‌സ്‌ യൂത്ത്‌ സമ്മിറ്റിലും പങ്കെടുത്തിട്ടുള്ള ഈ കൊച്ചുമിടുക്കി സ്‌കൂളിലെ സയന്‍സ്‌ നാഷണല്‍ പോണര്‍ സൊസൈറ്റി പ്രസിഡന്റ്‌, ഏഷ്യന്‍ അമേരിക്കന്‍ ക്ലബിന്റേയും, മൂ ആല്‍ഫാ തീറ്റാ ക്ലബിന്റേയും സജീവ പ്രവര്‍ത്തകയുമായിരുന്നു.

ചെറുപ്പംമുതല്‍ ഭരതനാട്യം അഭ്യസിച്ചുവരുന്ന ഈ മിടുക്കി നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ നിന്ന്‌ പെംബ്രൂക്ക്‌ പൈന്‍സില്‍ താമസമാക്കിയ ഗോപാലകൃഷ്‌ണന്റേയും, ഉഷാ ലക്ഷ്‌മി (രോഹിണി) യുടേയും മകളായ ഈ മിടുക്കി ഭാവിയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയില്‍ നിന്ന്‌ വൈദ്യശാസ്‌ത്രത്തില്‍ ഉന്നത ബിരുദം നേടുവാന്‍ ആഗ്രഹിക്കുന്നു.

ആഷ്‌ലി ചോരത്ത്‌:

ഫോര്‍ട്ട്‌ ലൗഡര്‍ഡേയിലെ വെസ്റ്റ്‌ ബ്രോവാര്‍ഡ്‌ ഹൈസ്‌കുളില്‍ നിന്നും 5.47 ജി.പി.എ നേടി വാലിഡിക്‌ടോറിയനായി ഗ്രാജ്വേറ്റ്‌ ചെയ്‌ത മറ്റൊരു മലയാളി വിദ്യാര്‍ത്ഥിനിയാണ്‌ ആഷ്‌ലി ചോരത്ത്‌.

പഠനത്തില്‍ നിരവധി സ്‌കോളര്‍ഷിപ്പുകള്‍ വാരിക്കൂട്ടിയ ഈ മിടുക്കി യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡയുടെ ലംബാള്‍സിലുള്ള സ്‌കോളര്‍ഷിപ്പ്‌ നടിയിട്ടുണ്ട്‌. ഇപ്പോള്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ കോളജില്‍ മെഡിക്കല്‍ പ്രോഗ്രാമില്‍ അഡ്‌മിഷന്‍ ലഭിച്ചിട്ടുള്ള ആഷ്‌ലി പീഡിയാട്രിക്‌ ഓഫ്‌താല്‍മോളജിയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നു.

സ്‌കൂളില്‍ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുമ്പന്തിയിലായിരുന്നു ആഷ്‌ലി. സ്‌കൂളിലെ `ഫ്യൂച്ചര്‍ ഡോക്‌ടേഴ്‌സ്‌ ഓഫ്‌ അമേരിക്ക' ക്ലബിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. കൂടാതെ ഇന്റര്‍നാഷണല്‍ ക്ലബ്‌ പ്രസിഡന്റ്‌, നാഷണല്‍ ഓണര്‍ സൊസൈറ്റിയുടെ കമ്മിറ്റി ഹെഡ്‌ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.

വളര്‍ന്നുവരുന്ന എഴുത്തുകാരി കൂടിയായ ആഷ്‌ലി ആനുകാലികങ്ങളിലും, പത്രങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്‌. സ്‌കൂള്‍ പത്രത്തിന്റെ എഡിറ്ററായും സേവനം ചെയ്‌തിട്ടുണ്ട്‌. 2010-ല്‍ ബെന്‍ലി യൂണിവേഴ്‌സിറ്റിയും ടൈം മാഗസിനും ചേര്‍ന്ന്‌ ആഗോളതലത്തിലെ മിടുക്കരായ 25 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തതില്‍ ആഷ്‌ലിയും ഉണ്ടായിരുന്നു.

പഠനമികവിനും, നേതൃപാടവത്തിനും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഈ പ്രതിഭ സൗത്ത്‌ ഫ്‌ളോറിഡയിലെ കെ.സി.വൈ.എല്ലിന്റെ സെക്രട്ടറികൂടിയാണ്‌.

ഡേവി സിറ്റിയില്‍ സ്ഥിരതമാസമാക്കിയ റിട്ട. മറൈന്‍ എന്‍ജിനീയറായ സിറിള്‍ ചോരത്തിന്റേയും, ഫാര്‍മസിസ്റ്റായ ടെസിയുടേയും മകളാണ്‌ ഈ മിടുക്കി.

ഫ്‌ളോറിഡയില്‍ നിന്നും ജോയി കുറ്റിയാനി അറിയിച്ചതാണിത്‌.
മലയാളി പെണ്‍കുട്ടികള്‍ക്ക്‌ സൗത്ത്‌ ഫ്‌ളോറിഡയില്‍ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക