Image

യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും: ഒബാമ

Published on 23 June, 2011
യു.എസ് സൈന്യത്തെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കും: ഒബാമ
വാഷിങ്ടണ്‍ : 2012ലെ വേനല്‍ക്കാലത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് 33,000 യു.എസ് സൈനികരെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. 10,000 സൈനികരെ ഈ വര്‍ഷാവസാനവും 23,000 സൈനികരെ അടുത്ത സെപ്റ്റംബറിനകവും പിന്‍വലിക്കാനാണുദ്ദേശിക്കുന്നതെന്ന് ഒബാമ വ്യക്തമാക്കി.

അല്‍ഖാഇദയുടെ പകുതിയോളം നേതാക്കളെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. ഇത് യുദ്ധത്തിന്റെ അവസാനമല്ല, തുടക്കം മാത്രമാണ്.  യു.എസ് സൈനികരുടെ പിന്‍മാറ്റത്തിനൊപ്പം അഫ്ഗാന്‍ സേനയെ ചുമതലകള്‍ ഒന്നൊന്നായി നല്‍കി മുന്‍നിരയിലെത്തിക്കാനാണ് തീരുമാനം. യുദ്ധമുന്നണിയില്‍ നിന്നും പിന്തുണ എന്ന നിലയിലേക്ക് യു.എസിന്റെ പ്രവര്‍ത്തനം മാറും. 2014 ഓടെ പൂര്‍ണ പിന്‍മാറ്റം ഉണ്ടാകും. ഇതോടെ സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്തം അഫ്ഗാന്‍ ജനതയ്ക്കാവും - ഒബാമ പറഞ്ഞു. അല്‍ഖാഇദയുടെ അറിയപ്പെടുന്ന നേതാവായിരുന്ന ഉസാമ ബിന്‍ ലാദിനെ വകവരുത്തുന്നതില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രത്യേക സേനയും വഹിച്ച പങ്കിന് ഒബാമ വീണ്ടും നന്ദി പറഞ്ഞു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് അഫ്ഗാനില്‍ നിന്നുള്ള സേന പിന്‍മാറ്റം സംബന്ധിച്ച് തീരുമാനമായത്. അഫ്ഗാനില്‍ നിന്നു യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നത് 2011 ജൂലൈയില്‍ ആരംഭിക്കുമെന്ന് ഒബാമ 2009ല്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം, സൈനിക കമാന്‍ഡര്‍മാരുടെ നിര്‍ദേശത്തേക്കാളും കൂടുതല്‍ സൈനികരെ പിന്‍വലിക്കാനാണ് ഒബാമയുടെ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക