Image

സ്മാര്‍ട്ട് സിറ്റി കരാറില്‍ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

Published on 23 June, 2011
സ്മാര്‍ട്ട് സിറ്റി കരാറില്‍ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം പദ്ധതി നിര്‍മ്മാണം 2012 ഒക്ടോബര്‍ 30-നകം പൂര്‍ത്തിയാക്കുമെന്നും നിലവിലെ കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതേസമയം കേന്ദ്ര സെസ് നിയമം പദ്ധതിക്ക് ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് കേന്ദ്രനിയമത്തിന് വിരുദ്ധമായ ചില ഉറപ്പുകള്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിരുന്നെന്നും എന്നാല്‍ വിജ്ഞാപനം ഇറങ്ങിയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരാര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി സമയം നഷ്ടപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കിന്‍ഫ്രയുടെ നാല് ഏക്കര്‍ കൂടി ടീകോമിന് നല്‍കും. യു.ഡി.എഫ്. സ്മാര്‍ട്ട് സിറ്റി കരാര്‍ തന്നെയായിരുന്നു നല്ലതെന്നും മള്‍ട്ടി പര്‍പ്പസസ് സര്‍വീസ് സെസ് എന്ന വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്താനാണ് നാല് ഏക്കര്‍ കൂടി നല്‍കി 250 ഏക്കര്‍ സ്ഥലം ടീകോമിന് അനുവദിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട് സിറ്റി പദ്ധതി ചെയര്‍മാനായി ഐ.ടി.വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെയും സെക്രട്ടറിയായി ടി.ബാലകൃഷ്ണനേയും ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പേട്രണായും മന്ത്രി കെ.ബാബു, വ്യവസായി എം.എ. യൂസഫലി എന്നിവരെ പ്രത്യേക പ്രതിനിധികളായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക