Image

ലോക നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സയുമായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ

Published on 24 June, 2011
ലോക നിലവാരത്തിലുള്ള കാന്‍സര്‍ ചികിത്സയുമായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ
ന്യൂയോര്‍ക്ക്‌: കേരളത്തിലെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആതുര സേവന രംഗത്ത്‌ വലിയ മുന്നേറ്റം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ ആരോഗ്യ രംഗത്ത്‌ പുതിയ ഒരു കാല്‍വെയ്‌പ്‌ കൂടി നടത്തുന്നു. പരുമല സെന്റ്‌ ഗ്രീഗോറിയോസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയോടനുബന്ധിച്ച്‌ ലോകോത്തര നിലവാരമുള്ള ക്യാന്‍സര്‍ ആശുപത്രി സ്ഥാപിച്ചു കൊണ്ടാണ്‌ ഇത്‌. ക്യാന്‍സറും അനുബന്ധ രോഗങ്ങളും കൊണ്ടുള്ള കഷ്‌ടതയോടൊപ്പം താങ്ങാനാവാത്ത ചികിത്സാ ചെലവുകളും കൂടിയാവുമ്പോള്‍ രോഗികളും ബന്ധുക്കളും ദുരിതത്തിലാവുന്നു. ഇത്‌ കൊണ്ട്‌ ഉണ്ടാകുന്ന സാമൂഹികമായ പ്രതിസന്ധി തിരിച്ചറിഞ്ഞ്‌, സാധാരണക്കാരന്‌ പ്രാപ്യമാവും വിധം ക്യാന്‍സര്‍ ചികിത്സയെ ജനകീയവല്‌ക്കരിക്കാനാണ്‌ ഈ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നത്‌.

3.5 ലക്ഷം ചതുരശ്ര അടിയില്‍ 10 നിലകളിലായി പണിയുന്ന ക്യാന്‍സര്‍ സെന്ററിന്‌ 100 കോടി ചിലവ്‌ പ്രതീക്ഷിക്കുന്നു. സ്വദേശത്തെയും വിദേശത്തെയും പ്രമുഖ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുമായി ഈ സ്ഥാപനത്തിന്‌ ബന്ധമുണ്ടാവും. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസ്സുകളുടെ നിര്‍ലോഭമായ സഹകരണം പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്ത്‌ പകരുന്നുണ്ട്‌. ജാതി മത ഭേദമേന്യേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സൗജന്യചികിത്സയും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്‌.

പരുമല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോജക്‌ടിന്റെ ഭാഗമായി മേപ്‌സ്‌-മാര്‍ ഓസ്‌താത്തിയോസ്‌ പാലിയേറ്റീവ്‌ സര്‍വ്വീസ്‌ എന്ന പേരില്‍ ത്രിതല സാന്ത്വന പരിചരണ പദ്ധതി നടത്തി വരുന്നു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പത്തു പഞ്ചായത്തുകളിലെ സാന്ത്വന ചികിത്സാ സേവനം ആവശ്യമായ രോഗികളെ അവരുടെ വീടുകളിലെത്തി സൗജന്യ മരുന്നും ചികിത്സാ നിര്‍ദേശങ്ങളും മാനസിക പിന്തുണയും നല്‍കുന്നു.

ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ 35 എ.സി. അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ക്യാന്‍സര്‍ സെന്റര്‍ പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്റര്‍ നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററാണ്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രി മദ്ധ്യതിരുവിതാംകൂറിലെ മികച്ച ആതുരാലയങ്ങളില്‍ ഒന്നാണ്‌. പരിശുദ്ധ പരുമല തിരുമേനി അന്ത്യവിശ്രമം കൊള്ളുന്ന പരുമല സെമിനാരിയോട്‌ ചേര്‍ന്നുള്ള ഈ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 300 കിടക്കകളും 30 ഓളം വിഭിന്ന ചികിത്സാ വിഭാഗങ്ങളുമുണ്ട്‌.

സാധാരണക്കാരന്‌ ഏറ്റവും നവീനമായ ചികിത്സാ സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം സാമൂഹിക ആരോഗ്യമേഖലയില്‍ നിരന്തരം ക്രിയാത്മകമായി ഇടപെടുന്നു. ലഹരിമോചന കേന്ദ്രത്തിലെ ചികിത്സയുടെ ഫലമായി പുതിയ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയവരും ഒട്ടേറെ. പരിചയസമ്പന്നരും ആത്മാര്‍ത്ഥയുള്ളവരുമായ ജീവനക്കാരാണ്‌ ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ നിദാനം. വിദ്യാഭ്യാസ മേഖലയില്‍ ഈ സ്ഥാപനം നല്‍കി വരുന്ന സേവനം നിസ്‌തുലമാണ്‌. കാല്‍ നൂറ്റാണ്ട്‌ പിന്നിട്ട നേഴ്‌സിംഗ്‌ സ്‌കൂള്‍, നേഴ്‌സിംഗ്‌ കോളേജ്‌, ബ.എസ്‌.സി.,എം.എല്‍.റ്റി., എം.എസ്‌.ഡബ്ലിയു. എന്നീ കോഴ്‌സുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

ലോകപ്രശസ്‌ത ഹൃദ്രോഗ വിദഗ്‌ദ്ധന്‍ ഡോ.കെ.എം. ചെറിയാന്‍ നേതൃത്വം നല്‍കുന്ന സെന്റ്‌ ഗ്രിഗോറിയോസ്‌ കാര്‍ഡിയോ വാസ്‌കുലാര്‍ സെന്റര്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രശസ്‌തി നേടി കഴിഞ്ഞു. പതിനേഴോളം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളോടൊപ്പം പഠന ഗവേഷണ പവര്‍ത്തനങ്ങളും പരിശീലനവും ഈ സ്ഥാപനത്തിന്റെ പ്രത്യേകതകള്‍ ആണ്‌.

അറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തത്‌ഫലമായി ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കേരളത്തിന്റെ പ്രത്യേകതയാണ്‌. പ്രായമാകുംതോറും ക്യാന്‍സര്‍ രോഗസാധ്യത കൂടി വരുന്നതിനാല്‍ ഈ രോഗം ഒരു വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. കോടിക്കണക്കിന്‌ രൂപാ മുതല്‍ മുടക്കേണ്ടിവരുന്ന ഈ മേഖലയിലേക്ക്‌ കടക്കാന്‍ സേവനദാതാക്കള്‍ ഇപ്പോഴും വിമുഖരാണ്‌. കേവലം പത്തില്‍ താഴെ റേഡിയോ തെറാപ്പി ഉപകരണങ്ങള്‍ മൂന്നു കോടിയിലധികം വരുന്ന ജനതയുടെ ആവറശ്യങ്ങള്‍ക്ക്‌ തുലോം അപര്യാപ്‌തമാണ്‌. ഈ സാഹചര്യത്തിലാണ്‌ സെന്റ്‌ ഗ്രിഗോറിയോസ്‌ അന്താരാഷ്‌ട്ര ക്യാന്‍സര്‍ സെന്റര്‍ പ്രസക്തമാകുന്നത്‌. സെന്റ്‌ ഗ്രിഗോറിയോസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രി ക്യാന്‍സര്‍ രോഗ ചികിത്സാ വിഭാഗം 2008 ഡിസംബര്‍ മാസം മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്‌. ഒ.പി,ഐ.പി വിഭാഗങ്ങള്‍ ക്യാന്‍സര്‍ കീമോ തെറാപ്പി, ക്യാന്‍സര്‍ സര്‍ജറി എന്നീ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്‌. ക്യാന്‍സര്‍ മരുന്നുല്‌പാദക മേഖലയിലെ പ്രശസ്‌തരായ കമ്പനികളുമായി നേരിട്ട്‌ ബന്ധപ്പെട്ട്‌ താരതമ്യേന കുറഞ്ഞ നിരക്കിലും ചിലപ്പോഴെല്ലാം സൗജന്യമായും കീമോതൊറാപ്പി മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌.പ്രത്യേകം പരിശീലനം നേടിയ നഴ്‌സിംഗ്‌ ടീം ഇവിടെ പ്രവര്‍ത്തിക്കുന്ന പ്രോജക്‌ടിന്റെ ഭാഗമായി എല്ലാ ശനിയാഴ്‌ചകളിലും ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തി വരുന്നു. നാളിതുവരെ 85 ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്‌. ഓരോ ക്യാമ്പിലും 70-80 പേര്‍ പരിശോധനയ്‌ക്ക്‌ വിധേയരാവുകയും അതില്‍ രോഗം സംശയിക്കപ്പെടുന്ന 5-6 പേര്‍ക്ക്‌ തുടര്‍ പരിശോധന ചികിത്സാ സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കുകയും ചെയ്യുന്നു. ബോധവത്‌കരണ ക്ലാസ്സുകള്‍ ക്യാമ്പുകളിലും സ്‌ക്കൂള്‍ കോളേജുകളിലും മറ്റും സ്ഥിരമായി നടത്തിവരുന്നു, ശ്രദ്ധേയമായ ഈ നേട്ടങ്ങള്‍ക്ക്‌ പിറകില്‍ കൂട്ടായ പ്രവര്‍ത്തനമാണ്‌.

പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ന്യൂറോസയന്‍സ്‌ സെന്റര്‍, നെഫ്രോളജി വിഭാഗം, ഡയാലിസിസ്‌ യൂണിറ്റ്‌, നവജാതശിശു തീവ്രപരിചരണ വിഭാഗം, നവീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ സമുച്ചയം എന്നിവയുടെ ഉദ്‌ഘാടനം ജൂണ്‍ നാലിന്‌ ആശുപത്രി ആഡിറ്റോറിയത്തില്‍ നടന്നു. ഉദ്‌ഘാടന സമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ ദ്വിതീയന്‍ കാത്തോലിക്കാ ബാവ, അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌ തിരുമേനി എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി ശ്രീ.അടൂര്‍ പ്രകാശ്‌ നെഫ്രോളജി വിഭാഗത്തിന്റെയും ഡയാലിസിസ്‌ യൂണിന്റെയും ഉദ്‌ഘാടനം നിര്‍വഹിച്ചു. നവജാതശിശു തീവ്രപരിചരണ വിഭാഗം ശ്രീ.ആന്റോ ആന്റണി എം.പി.യും നവീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ സമുച്ചയം ശ്രീ.പി.ജെ കുര്യന്‍ എം.പി.യും ഉദ്‌ഘാടനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക