Image

മാര്‍ റെമീജിയസ് ഇഞ്ചനാനിയ്ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.

എ.സി.ജോര്‍ജ് Published on 25 June, 2011
മാര്‍ റെമീജിയസ് ഇഞ്ചനാനിയ്ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
ഹ്യൂസ്റ്റന്‍ : സീറോ മലബാര്‍ കാത്തോലിയ്ക്കാ സഭയിലെ കേരളത്തിലെ താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയസ് ഇഞ്ചനാനിയ്ക്ക് ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തോലിയ്ക്കാ ദേവാലയത്തില്‍ വച്ച് സമുചിതമായ സ്വീകരണം നല്‍കി. സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ജേക്കബ് ക്രിസ്റ്റി, ട്രസ്റ്റിമാരായ ബിജു ചക്കാലയ്ക്കല്‍ , ബോസ് കുര്യന്‍ , ജോസഫ് ജേക്കബ്, ടോണി ജോര്‍ജ് ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്ന റവ.സിസ്റ്റര്‍ ബറ്റ്‌സി, റവ.സിസ്റ്റര്‍ ആഗ്നസ്, റവ.സിസ്റ്റര്‍ ആല്‍ഫി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ജൂണ്‍ 18 ന് വൈകുന്നേരം ദേവാലയത്തിലെ വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഓഡിറ്റോറിയത്തില്‍ അഭിവന്ദ്യ പിതാവിനു വേണ്ടിയുള്ള അനുമോദന സ്വീകരണ സമ്മേളനം നടത്തി. 2010 ല്‍ താമരശ്ശേരി രൂപതയുടെ സാരഥ്യം ഏറ്റെടുത്തതിനു ശേഷം ഏറ്റവും ആദ്യമായി ഹ്യൂസ്റ്റണില്‍ ഒരു ഹൃസ്വ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മാര്‍ റെമീജിയസ് ഇഞ്ചനാനി. ജോസഫ് ജേക്കബ് ഇടവകയ്ക്കു വേണ്ടി ബൊക്കെ നല്‍കി പിതാവിനെ സ്വീകരിച്ചു. ബോസ് കുര്യന്‍ സ്വാഗതമാശംസിച്ചു സംസാരിച്ചു. ജോണ്‍ ആഗസ്റ്റിന്‍ , സീമോള്‍ സണ്ണി, ബിജു മോഹന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിനു ശേഷം സ്വീകരണ സമ്മേളനത്തിന് തുടക്കമായി.

ഫാദര്‍ മാര്‍ട്ടിന്‍ കാളാംപറമ്പില്‍ , സിസ്റ്റര്‍ ആഗ്നസ്
മരിയാ, ആന്റണി ഇഞ്ചനാനി തുടങ്ങിയവര്‍ അനുമോദന-ആശംസാപ്രസംഗങ്ങള്‍ നടത്തി. ഹ്യൂസ്റ്റനിലെ കലാ പ്രതിഭകളായ മെറിന്‍ റോസ്, ബേബി ചാക്കോ, ബിജു മോഹന്‍, ജോണ്‍ ആഗസ്റ്റിന്‍ , അലീഷ്യാ തോമസ്, അലീഷ്യാ സാല്‍ബി, അലീനാ സാല്‍ബി, ഐറിന്‍ രാജു എന്നിവര്‍ സംഗീതം, നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളിലൂടെ സ്വീകരണ സമ്മേളന പരിപാടികള്‍ കൂടുതല്‍ ആനന്ദദായകമാക്കി. ഹ്യൂസ്റ്റണിലെ അതീവ ഹൃദ്യമായ സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട് മാര്‍ റെമീജിയസ് ഇഞ്ചനാനി മെത്രാന്‍ മറുപടി പ്രസംഗം നടത്തി. കേരളത്തിലെ കോഴിക്കോട് ജില്ലയിലും, മലപ്പുറം ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന താമരശ്ശേരി സീറോ മലബാര്‍ കത്തോലിക്കാ രൂപതയുടെ സംക്ഷിപ്ത ചരിത്രവും രുപതയും രൂപതാംഗങ്ങളും ജാതിമതവ്യത്യാസമില്ലാതെ ആ പ്രദേശത്ത് നിരവധി മേഖലകളിലായി സാംസ്‌കാരിക രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ആതുര ശുശ്രൂഷാ രംഗത്തും ചെയ്തു വരുന്ന സേവനങ്ങളെ പറ്റി വിവരിക്കുകയും രൂപതാ വിശ്വാസികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. മലബാറിലെ കുടിയേറ്റ മേഖലയിലുള്ള താമരശ്ശേരി രൂപത എല്ലാ രംഗങ്ങളിലും കുതിപ്പിന്റെ പാതയിലാണെങ്കിലും എല്ലാവരുടേയും നിരന്തര പ്രാര്‍ത്ഥനാ സഹായ സഹകരണങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്തം അനിവാര്യമാണെന്ന് അഭ്യര്‍ത്ഥിച്ചു. സ്‌നേഹവിരുന്നോടെയാണ് സമ്മേളനം പര്യവസാനിച്ചത്. പിറ്റേന്ന് ഞായറാഴ്ച്ച സെന്റ് ജോസഫ് ഇടവകാംഗങ്ങളായ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ അനുമോദന ഗ്രാജുവേഷന്‍ പാര്‍ട്ടിയിലും മാര്‍ റെമീജിയസ് ഇഞ്ചനാനി പിതാവ് മുഖ്യാതിഥിയായി പങ്കെടുത്തു.
മാര്‍ റെമീജിയസ് ഇഞ്ചനാനിയ്ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.മാര്‍ റെമീജിയസ് ഇഞ്ചനാനിയ്ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക