Image

സിദ്ധാര്‍ത്ഥ്‌: ലീഡര്‍ഷിപ്പ്‌ സമ്മിറ്റിലെ സ്റ്റുഡന്റ്‌ അംബാസിഡര്‍

ബി. അരവിന്ദാക്ഷന്‍ Published on 01 July, 2011
സിദ്ധാര്‍ത്ഥ്‌: ലീഡര്‍ഷിപ്പ്‌ സമ്മിറ്റിലെ സ്റ്റുഡന്റ്‌ അംബാസിഡര്‍
ന്യൂയോര്‍ക്ക്‌: `പീപ്പിള്‍ ടു. പീപ്പിള്‍' സമ്മിറ്റ്‌ 2011 -ല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന്‌ പങ്കെടുത്ത 140 വിദ്യാര്‍ത്ഥികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌ രണ്ടുപേര്‍. അതില്‍ കേരളീയനായ സിദ്ധാര്‍ത്ഥ്‌ പ്രശാന്ത്‌ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യവീക്ഷണമുള്ള സ്റ്റുഡന്റ്‌ അംബാസിഡറായിരുന്നു.

ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലും തുടര്‍ന്ന്‌ ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ടണ്‍ ഡി.സിയിലും നടന്ന രണ്ടാഴ്‌ചത്തെ അന്താരാഷ്‌ട്ര ലീഡര്‍ഷിപ്പ്‌ സമ്മിറ്റ്‌ 2011-ല്‍ പങ്കെടുക്കാന്‍ വന്ന സിദ്ധാര്‍ത്ഥിനെ ന്യൂയോര്‍ക്കിലെ മലയാളി ഹിന്ദുമണ്‌ഡലം (മഹിമ) ഭാരവാഹികളായ ബാബു ഉത്തമന്‍ സി.പി.എ, സുധാകരന്‍ പിള്ള, അഡ്വ. വിനോദ്‌ കെയര്‍കെ, രവി വെള്ളിക്കെട്ടില്‍, വിനോദ്‌ പ്രിത്‌, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ അഭിനന്ദിച്ചു.

ഇന്ത്യയില്‍ ഉടനീളം നടന്ന മാസങ്ങള്‍ നീണ്ടുനിന്ന മത്സരത്തിലും, തെരഞ്ഞെടുപ്പ്‌ കൂടിക്കാഴ്‌ചയിലും പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥി പ്രതിഭകളേക്കാള്‍ ഭാവിയുടെ വാഗ്‌ദാനമെന്ന്‌ കണ്ടെത്തി 2011-ലെ ലീഡര്‍ഷിപ്പ്‌ സമ്മിറ്റിന്‌ യോഗ്യത നേടിയ രണ്ട്‌ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്‌ കേരളീയനായ സിദ്ധാര്‍ത്ഥ്‌ പ്രശാന്ത്‌.

കളമശ്ശേരി രാജഗിരി പബ്ലിക്‌ സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്‌ സിദ്ധാര്‍ത്ഥ്‌. ഭാവിയില്‍ എന്‍ജിനീയറാകാനാണ്‌ ആഗ്രഹം.

അന്താരാഷ്‌ട്ര ഡിപ്ലോമസിയുടെ നൂല്‍പാലം ഏതെന്ന്‌ മനസ്സിലാക്കാന്‍ രണ്ടാഴ്‌ചത്തെ അമേരിക്കന്‍ പഠന മത്സരം സഹായിച്ചതായി ലീഡര്‍ഷിപ്പ്‌ സമ്മിറ്റ്‌ 2011-നെ സിദ്ധാര്‍ത്ഥ്‌ വിലയിരുത്തുന്നു. വിവിധ രാജ്യങ്ങളിലെ അതുല്യപ്രതിഭകളുമായി ചങ്ങാത്തം കൂടാനായതിനുപുറമെ ഇന്ത്യയുടെ അതിവിപുലമായ സാമൂഹ്യ ചരിത്ര പൈതൃകം പുത്തന്‍ കൂട്ടുകാരുമായി ന്യൂയോര്‍ക്കിലും വാഷിംഗ്‌ടണ്‍ ഡി.സിയിലും സദസ്സില്‍ പങ്കുവെയ്‌ക്കാന്‍ കഴിഞ്ഞുവെന്ന്‌ ഈ പതിനാറുകാരന്‍ അഭിമാനിക്കുന്നു.

പത്താംക്ലാസില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌ ഗ്രേഡും, പ്ലസ്‌ വണ്ണിന്‌ ജിപിഎയും സ്വായത്തമാക്കിയ സിദ്ധാര്‍ത്ഥ്‌ സ്‌കൂള്‍തലത്തിലും പുറത്തും വിവിധ കലാ-സാമൂഹ്യ കൂട്ടായ്‌മയില്‍ പങ്കാളിയാണ്‌.

തീയേറ്റര്‍കലയില്‍ സംഭാഷണവും, ഡയറക്ഷനും, യുവ കൂട്ടായ്‌മയില്‍ പ്രശ്‌നോത്തരിയും, യാത്രാവേളയില്‍ ഫോട്ടോഗ്രാഫിയും, കായിക പ്രകടനത്തിന്‌ ബാസ്‌ക്കറ്റ്‌ ബോളും, ബില്യാര്‍ഡ്‌സും, സ്വപ്‌നലോകം കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നതിനും സിദ്ധാര്‍ഥ്‌ വ്യാപൃതനാകുന്നു.

സഹകരണവും സമാധാനവും ഇതര രാഷ്‌ട്രങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതിനാണ്‌ 1956-ല്‍ പ്രസിഡന്റ്‌ ഐസനോവര്‍ അമേരിക്കയില്‍ പീപ്പിള്‍ ടു പീപ്പിള്‍ ഇന്റര്‍നാഷണലിന്‌ തുടക്കംകുറിച്ചത്‌.

നാളത്തെ സിദ്ധാര്‍ത്ഥ്‌ പ്രശാന്തില്‍ വിശ്വവിഖ്യാതരായ പിക്കാസോയും, രാമുകാര്യാട്ടും, പത്മരാജനും, വാള്‍ട്ട്‌ ഡിസ്‌നിയും, ഡോ. അബ്‌ദുള്‍ കലാമും നിലകൊള്ളുന്ന ഒരു പ്രതിഭയെ ലോകം തിരിച്ചറിയും.

കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രശാന്തും, മലയാള മനോരമയില്‍ സേവനം അനുഷ്‌ഠിക്കുന്ന ഗംഗയുമാണ്‌ മാതാപിതാക്കള്‍. നാലാംതരത്തില്‍ പഠിക്കുന്ന ഒരു സഹോദരിയുണ്ട്‌. എറണാകുളം മരടിലാണ്‌ നാളത്തെ വിശ്വോത്തര പ്രതിഭയുടെ ഇപ്പോഴത്തെ സ്വപ്‌നലോകം.
സിദ്ധാര്‍ത്ഥ്‌: ലീഡര്‍ഷിപ്പ്‌ സമ്മിറ്റിലെ സ്റ്റുഡന്റ്‌ അംബാസിഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക