Image

എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം

Mathrubhumi Published on 02 July, 2011
എല്ലാം ശ്രീപദ്മനാഭന് കാണിക്ക; ഒന്നും മോഹിക്കാതെ രാജവംശം
തിരുവനന്തപുരം: തിരുവിതാംകൂറിലെയും സമീപത്തെയും രാജാക്കന്മാര്‍ നൂറ്റാണ്ടുകളായി പദ്മനാഭന് സമര്‍പ്പിച്ച സ്വര്‍ണവും രത്‌നവുമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശേഖരത്തില്‍ കണ്ടെത്തിയതെന്ന് ചരിത്ര പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. സമ്പത്തുകാലത്തുള്ള പണം ആപത്തിന് ഉപകരിക്കുമെന്ന ധാരണയും ശേഖരത്തിന് പിന്നിലുണ്ട്. ഒരിക്കലും കവര്‍ച്ച നടക്കാത്ത പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചരിത്രകാലത്തെ നിക്ഷേപം സുരക്ഷിതമായിരുന്നു.

സന്തോഷാവസരങ്ങളിലും തെറ്റിന് പ്രായശ്ചിത്തമെന്ന നിലയിലും ക്ഷേത്രത്തിലേക്ക് ദാനമാണ് രാജാക്കന്മാര്‍ നടത്തിയിരുന്നത്. ബ്രാഹ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണ, അയിത്തം എന്നിവയിലും ക്ഷേത്രത്തിലേക്കുള്ള ദാനമായിരുന്നു പ്രായശ്ചിത്തം. സ്വര്‍ണം, വെള്ളി എന്നിവയിലെ ആഭരണങ്ങളും പാത്രങ്ങളുമാണ് നടയ്ക്ക് വെച്ചിരുന്നത്. ഇതിനുപുറമെ കാഴ്ചവസ്തുക്കളും കാണിക്കയും ക്ഷേത്രത്തിലെ ശേഖരത്തിലേക്ക് എത്തിയിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂറിലെയും സമീപരാജ്യങ്ങളിലെയും രാജാക്കന്മാര്‍ വന്‍തോതില്‍ ദാനം നടത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്.

തിരുനെല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ഡ്യരാജാവായ പരാന്തക പാണ്ഡ്യന്‍ എ.ഡി. 1100-ല്‍ 10 പൊന്‍വിളക്കുകള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ദാനം ഇതാണെന്ന് കേരള പുരാവസ്തുവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എസ്. ഹേമചന്ദ്രന്‍ പറഞ്ഞു.

മുമ്മുടി ചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന സംഗ്രാമധീരരവിവര്‍മ്മ പദ്മനാഭസ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കൊപ്ര നടയ്ക്കുവെച്ചതായും രേഖയുണ്ട്. തിരുവനന്തപുരത്ത് കാഞ്ചീപുരം കൊണ്ടാന്‍ എന്ന പേരില്‍ ഒരു മഠം സംഗ്രാമധീര രവിവര്‍മ്മ സ്ഥാപിച്ചിരുന്നു. ഈ മഠത്തിന്റെ പേരില്‍ നിരവധി സ്വര്‍ണദാനം അദ്ദേഹം ക്ഷേത്രത്തിലേക്ക് നടത്തിയിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള പ്രധാന ദാനങ്ങളെല്ലാം കാലാകാലങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ശുചീന്ദ്രം, തിരുവട്ടാര്‍ തുടങ്ങി സമീപത്തെ സമ്പന്ന ക്ഷേത്രങ്ങളിലെല്ലാം പലതവണ കൊള്ള നടന്നപ്പോള്‍ പദ്മനാഭസ്വാമിക്ഷേത്രത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തമ്പിമാര്‍ അഴകപ്പമുതലിയാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ചരിത്രം. ഇതിനെ പിള്ളമാരും നാട്ടുകാരും വഞ്ചിക്കൂട്ടത്തു പിള്ളയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

എ.ഡി. 1000 മുതല്‍ 1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയ രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. 1250 മുതല്‍ 1500 വരെ തിരുവിതാംകൂര്‍ ധനപരമായി മുമ്പിലായിരുന്നു. എട്ടാം നൂറ്റാണ്ടുമുതല്‍ തിരുവിതാംകൂര്‍ പുലര്‍ത്തിയിരുന്ന വിദേശവ്യാപാര ബന്ധത്തിലൂടെ അമൂല്യമായ രത്‌നങ്ങളും മറ്റും രാജ്യത്തിന് ലഭിച്ചിരിക്കുമെന്നാണ് നിഗമനം. ഇവ ക്ഷേത്രത്തിലേക്ക് ദാനം നല്‍കിയിരിക്കാം. മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ പടയോട്ടങ്ങളില്‍ തിരുവിതാംകൂറിലേക്ക് ചേര്‍ക്കപ്പെട്ട രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ സ്വര്‍ണനിക്ഷേപം ലഭിച്ചതായി ചരിത്രരേഖകളിലൊന്നും സൂചനയില്ല.

രാജ്യത്തിന്റെ പ്രധാന ഖജനാവെന്ന നിലയിലാണ് പദ്മനാഭസ്വാമിക്ഷേത്രത്തെ രാജാക്കന്മാര്‍ സൂക്ഷിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളിലെ സ്വര്‍ണനിക്ഷേപം രാജ്യത്ത് പഞ്ഞകാലത്ത് ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. അത് വായ്പയായാണ് രാജ്യം സ്വീകരിച്ചിരുന്നത്. എട്ടര യോഗവും സഭയും കൂടിയാലോചിച്ച് ഇതിന് അനുമതി നല്‍കിയിരുന്നു. കൃത്യമായ കണക്കോടെ ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന വായ്പ രാജാവ് തിരിച്ച് നല്‍കിയിരുന്നു. സ്വര്‍ണം, വെള്ളി, രത്‌നം എന്നിവയുടെ നിക്ഷേപം ഈ രീതിയിലും ക്ഷേത്രത്തിലേക്ക് ലഭിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം ഷൊര്‍ണൂര്‍-എറണാകുളം തീവണ്ടിപ്പാതയുടെ നിര്‍മ്മാണത്തിനായി കൊച്ചി രാജാവ് മുമ്പ് നല്‍കിയിരുന്നു. ക്ഷേത്രസ്വത്ത് സ്വന്തം ഭോഗവസ്തുവായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കണ്ടിരുന്നില്ലെന്നതിന് ദൃഷ്ടാന്തമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം.

നേരത്തെ കേരളത്തില്‍ രണ്ടിടത്ത് സ്വര്‍ണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. 1850-കളില്‍ കൂത്തുപറമ്പ് കോട്ടയം കണ്ണവം നദീതീരത്തായിരുന്നു വലിയ നിക്ഷേപം കണ്ടെത്തിയത്. അഞ്ചുപേര്‍ക്ക് തലച്ചുമടായി കൊണ്ടുപോകാവുന്ന റോമന്‍ സ്വര്‍ണനാണയങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഈ നാണയങ്ങളില്‍ 40 എണ്ണം മദ്രാസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. വടക്കന്‍പറവൂരിലെ വള്ളുവള്ളിയില്‍ 282 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ഒന്ന്-രണ്ട് നൂറ്റാണ്ടുകളിലെ റോമന്‍ സ്വര്‍ണനാണയങ്ങള്‍ക്ക് എട്ട് ഗ്രാം വീതം തൂക്കമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക