Image

മാര്‍തോമാ യുവാക്കള്‍ നേറ്റീവ് അമേരിക്കന്‍ മിഷന്‍ രംഗത്ത്

ജോര്‍ജി വര്‍ഗീസ്, ഫ്‌ളോറിഡാ Published on 05 July, 2011
മാര്‍തോമാ യുവാക്കള്‍ നേറ്റീവ് അമേരിക്കന്‍ മിഷന്‍ രംഗത്ത്
അലബാമാ : കോളേജ് വിദ്യാഭ്യാസത്തിനും തിരക്കിട്ട ജോലിത്തിരക്കിനും വിട പറഞ്ഞ് 30 യുവതീയുവാക്കള്‍ നടത്തിയ കഠിനപ്രയത്‌നം, വളര്‍ച്ച തൊട്ടു തേച്ചിട്ടില്ലാത്ത ഒരു അമേരിക്കന്‍ ആദിവാസ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി. അലബാമയിലെ മൗണ്ട് വെര്‍ണോന്‍ (Mount Vernon) ഗ്രാമത്തിലെ ചോക്റ്റാവ്(Choctow tribe) വര്‍ഗ്ഗത്തിലുള്ള നേറ്റീവ് അമേരിക്കന്‍ ജനതക്കിടയില്‍ വിദ്യാഭ്യാസ-വികസന പ്രവര്‍ത്തനങ്ങളുടെ താക്കോലുമായാണ് മാര്‍തോമാ യുവാക്കള്‍ ഈ ഗ്രാമത്തിലെത്തിയത്. 21-ാം നൂറ്റാണ്ടിന്റെ ഔന്നത്യത്തിന്റെ കഥ പറയുന്ന അമേരിക്കന്‍ ജനതക്ക് അപവാദമായി, വികസത്തിലും വിദ്യാഭ്യാസത്തിലും പിന്നോക്കമാണ് ഇവിടത്തെ ജനത. തകരവും തടിയും കൊണ്ടു നിര്‍മ്മിച്ച ട്രേയിലര്‍ പാര്‍ക്കുകള്‍ തന്നെ ഇക്കൂട്ടര്‍ക്ക് ഇന്നും അഭയം. കോളേജ് വിദ്യാഭായാസം പൂര്‍ത്തിയാക്കിയ യുവാക്കള്‍ ഈ സ്ഥലത്ത് നന്നേ വിരളമാണ്.

മാര്‍തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ വികസന വിഭാഗമായ മിഷന്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാരംഭിച്ച ഗ്രാമ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 2001-മുതല്‍, അലബാമയിലേ ആബോണ്‍ ഗ്രാമത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മിഷന്‍ കോര്‍ഡിനേറ്റര്‍ മിസിസ്സ് നിര്‍മ്മല അബ്രഹാം, മി.ഒ.സി.അബ്രഹാം എന്നിവരേക്കൂടാതെ അലബാമായിലേ കോളേജ് അദ്ധ്യാപകന്‍ പ്രൊഫ.സുരേഷ് മാത്യൂസ്, മിസിസ്സ്. പ്രീതി മാത്യൂസ് എന്നിവര്‍ ഈ സംരഭത്തിനു ചുക്കാന്‍ പിടിച്ചു. അറ്റ്‌ലാന്റാ മാര്‍തോമാ ഇടവക വികാരിയും, അംഗങ്ങളും യുവജന പ്രവര്‍ത്തകരും ഈ സംരഭത്തിനു സഹകരണവും നേതൃത്വവും നല്കി. മി. സീന്‍ കോശി, മിസ്.ജെന്‍സി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. 2011 ജൂണ്‍ 19 മുതല്‍ 25 വരെ അമേരിക്കയിലെ വിവിധ നഗരങ്ങളായ അറ്റ്‌ലാന്റ, ഓബോണ്‍, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ,സൗത്ത് ഫ്‌ളോറിഡാ, ടോറോന്‍ടോ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവടങ്ങളിലേ 29 കോളേജ് വിദ്യാര്‍ത്ഥികള്‍ അലബാമാ ഓബോണ്‍ ഗ്രാമത്തിലേ പിന്നോക്ക വര്‍ഗ്ഗക്കാരുടെ ഇടയില്‍ താമസിച്ച് അവരുടെ വികസനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മൗണ്ട് വെര്‍ണോനിലെ യൂണൈറ്റഡ് മെത്തോഡിയോറ്റ് പള്ളിവികാരി പാസ്റ്റര്‍ റോണ്‍ ഹില്ലിന്റെ സഹകരണത്തില്‍ മിസ്സ്.അലീസിയ തോമസ്, മിസ്റ്റര്‍.ലിജു അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ 150 കുട്ടികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി വേദപരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്ന ഇവിടത്തെ കുട്ടികള്‍ക്ക്, വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി യുവാക്കളുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും പ്രത്യക്ഷമായ മാറ്റങ്ങള്‍ക്ക് കാരണഭൂതമായിട്ടുണ്ട്. വ്യക്തികളായും സംഘങ്ങളായുമുള്ള കൗണ്‍സിലിങ്ങ് പ്രോഗ്രാമുകള്‍ ഈ ഗ്രാമത്തില്‍ തുടരുന്നതാണെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മിസിസ്സ് .നിര്‍മ്മല അബ്രഹാം അറിയിച്ചു.

സ്ഥലവാസികളായ പിന്നോക്ക വര്‍ഗ്ഗക്കാര്‍ സംഘടിപ്പിച്ച കലാപരിപാടികളും അത്താഴസദ്യകളും ഇന്ത്യന്‍ രീതിയില്‍ സംഘടിപ്പിച്ച സല്‍ക്കാരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടു 7 ദിവസം നീണ്ടു നിന്ന വേദപരിശീലന സമ്മേളനം ഓബോണിലെ പിന്നോക്ക വര്‍ഗ്ഗക്കാര്‍ക്ക് ആഘോഷത്തിന്റെ നാളുകളായിരുന്നു.

സ്‌നേഹമെന്തെന്ന് തൊട്ടറിഞ്ഞിട്ടില്ലാത്ത അലബാമയിലേ നേറ്റീവ് അമേരിക്കന്‍ പ്രവര്‍ത്തനത്തിന്റെ 10-ാം വാര്‍ഷികമായ 2012-ല്‍ കൂടുതല്‍ മലയാളി വേളന്റിയറന്മാരേ പങ്കെടുപ്പിച്ച് മിഷന്‍ ക്യാമ്പുകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് മിഷന്‍ ബോര്‍ഡ് നേതൃത്വം.

ഓക്കലഹോമയിലെ ബ്രോക്കന്‍ ബോ ഗ്രാമത്തില്‍ ജൂണ്‍ 19-25 വരെ 20 മാര്‍തോമാ യുവാക്കള്‍ പങ്കെടുത്ത സമാനമായ ഗ്രാമവികസന-വേദ വിദ്യാഭ്യാസ പ്രവര്‍ത്തനവും ഈ വര്‍ഷം നടത്തപ്പെട്ടു.
മാര്‍തോമാ യുവാക്കള്‍ നേറ്റീവ് അമേരിക്കന്‍ മിഷന്‍ രംഗത്ത്മാര്‍തോമാ യുവാക്കള്‍ നേറ്റീവ് അമേരിക്കന്‍ മിഷന്‍ രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക