Image

ശിക്ഷയും - പരോളും: പീറ്റര്‍ നീണ്ടൂര്‍

പീറ്റര്‍ നീണ്ടൂര്‍ Published on 05 July, 2011
ശിക്ഷയും - പരോളും: പീറ്റര്‍ നീണ്ടൂര്‍
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടുരുത് എന്ന മൂല്യതത്വം പുലര്‍ത്തി പ്പോരുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്തയിലെ പഴുതുകള്‍ ദുര്‍വിനിയോഗം ചെയ്യുകയാണോ? എന്ന സംശയം മുന്‍മന്ത്രി ശ്രീ. ആര്‍ .ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ സംഭവിക്കുന്നുണ്ടോ?

'പല പുതു വല പൊട്ടിച്ച മത്സ്യം ഒരു പഴ വലയില്‍ കുടുങ്ങും.'എന്ന പഴഞ്ചൊല്ല് ശ്രീ.ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ സംഭവിച്ചു. ഇടമലയാര്‍ കേസില്‍ കുറ്റക്കാരനെന്നും കണ്ടെത്തിയിട്ടും ആള്‍ സ്വാധീനം കൊണ്ടും അര്‍ത്ഥ സ്വാധീനം കൊണ്ടും കീഴ്‌ക്കോടതികള്‍ ശിക്ഷിച്ചും രക്ഷിച്ചും മുന്നോട്ടുപോയതിന്റെ അവസാനം പരമോന്നത നീതിപീഠം അദ്ദേഹത്തെ ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തിനു വി.ഐ.പി പരിഗണന ലഭിക്കുകയും ചെയ്തു.

അമേരിക്കയില്‍ പലതരത്തിലുള്ള ധാരാളം ക്രമക്കേടുകള്‍ ഭരണതലത്തിലും അല്ലാതെയും ഉണ്ടാകുന്നുണ്ട് എന്നതു സത്യമാണെങ്കിലും ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ അതിന്റെ പരമാവധി ശിക്ഷ അനുഭവിക്കാതെ തരമില്ല. പിടിക്കപ്പെടുന്നതുവരെയും അനുഭവിക്കാതെ തരമില്ല. പിടിക്കപ്പെടുന്നതുവരെയും അനുഭവിച്ചിരുന്ന സ്വാധീനവലയങ്ങള്‍ അപ്രത്യക്ഷമാവുകയും പ്രായമോ പദവിയോ പരിഗണിക്കാതെ ശിക്ഷാവിധിക്കു വിധേയമാവുകയും ബന്ധപ്പെട്ടവരോട് കുറ്റസമ്മതം നടത്തി പരസ്യമായി മാപ്പു ചോദിക്കുന്നത് നാമെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ജയില്‍ നിയമമനുസരിച്ച് മഗ്‌ഷോട്ട് എടുക്കുകയും ജയില്‍ യൂണിഫോം ധരിക്കുകയും ജയിലിലെ പരിമിത സൗകര്യങ്ങളില്‍ ഒതുങ്ങുകയും ചെയ്യും. കംട്രോളറായിരുന്നു ഹവേസിയും ഐ.എം.എഫ് ചീഫും എല്ലാം ഇതിനുദാഹരണങ്ങളാണ്.

എന്നാല്‍ കേരളത്തില്‍ ഇന്നു നടക്കുന്നത് എന്താണ്? ജയില്‍വാസത്തെക്കാള്‍ കൂടുതല്‍ പരോള്‍ കാലാവധി എന്നു പറഞ്ഞാല്‍ നമ്മുടെ നീതിന്യായ വ്യവസ്തിതിയെ കൊഞ്ഞനം കുത്തുകയല്ലേ? അതിനെ പിന്താങ്ങിക്കൊണ്ടും അല്ലാതെയും മാധ്യമങ്ങളിലൂടെ നടക്കുന്ന സംവാദങ്ങളും. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നോ അതോ കപട രാഷ്ട്രീയം കളിക്കുകയാണോ?

ഈ നില തുടര്‍ന്നാല്‍ ഭാരതജനതയുടെ പ്രത്യേകിച്ച് കേരളത്തില്‍ ജീവിക്കുന്നവരുടെ ഭാവി എന്താകും? അതിവേഗം ബഹുദൂരം എന്ന പഴയമുദ്ര വാക്യം ഇന്ന് “അതിവേഗം ബഹുകോടി” എന്നു തിരുത്തിയിട്ടുണ്ടോ എന്നു സംശയിക്കത്തക്കരീതിയിലാണ് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി സത്യപ്രതിജ്ഞ കഴിഞ്ഞതു മുതല്‍ പറയുന്ന പ്രസ്താവനകള്‍ .

പ്രിയപ്പെട്ട മന്ത്രിമാരോടും സാമാജികരോടും ഒരപേക്ഷയുണ്ട് അഷ്ടിക്കുമുട്ടുന്നവരുടെയും, അശരണരുടെയും അത്താണിയാകാന്‍ അല്പം കരുണ കാട്ടു. നിലവിലെ നിയമങ്ങളെ വളച്ചൊടിക്കാതെ നീതിക്കുവേണ്ടി നിലകൊള്ളൂ. ജനക്ഷേമം മാത്രമായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. നിങ്ങള്‍ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിലും, ധാര്‍ഷ്ഠ്യത്തിലും ഞെരിഞ്ഞമരുന്നത് പാവപ്പെട്ട ജനങ്ങളാണ്. സ്വന്തം തൊപ്പിയില്‍ തൂവലണിയാന്‍ ശ്രമിക്കാതെ നിങ്ങളെ അധികാരത്തിലേറ്റിയ പാവങ്ങളുടെ തലയില്‍ തൊപ്പിപ്പാളക്കുപകരം കിരീടം ചാര്‍ത്താന്‍ ശ്രമിക്കൂ. നന്മകള്‍ നേരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക