Image

ഗൂഗിള്‍ ജനപ്രിയ സര്‍വീസുകളുടെ പേര് മാറ്റാന്‍ പോകുന്നു

Published on 06 July, 2011
ഗൂഗിള്‍ ജനപ്രിയ സര്‍വീസുകളുടെ പേര് മാറ്റാന്‍ പോകുന്നു

ഗൂഗിള്‍ ചില ജനപ്രിയ സര്‍വീസുകളുടെ പേര് മാറ്റാന്‍ പോകുന്നു. ബ്ലോഗര്‍ എന്നത് ഗൂഗിള്‍ ബ്ലോഗ്‌സും, പിക്കാസ ഗൂഗിള്‍ ഫോട്ടോസുമാകും. എന്നാല്‍, വീഡിയോ ഷെയറിങ് സര്‍വീസായ യൂട്യൂബിനെ ഗൂഗിള്‍ തൊടില്ല.

ഏറിയാല്‍ ആറാഴ്ച, അതിനകം പുനര്‍നാമകരണം നടക്കുമെന്ന് ഗൂഗിള്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് 'മാഷബിള്' റിപ്പോര്‍ട്ടു ചെയ്തു. ഗൂഗിള്‍ പ്ലസ് എന്ന സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിമിതമായ എണ്ണം ആളുകളാണ് ഉപയോഗിക്കുന്നത്. അത് വ്യാപകമായി തുറന്നു കൊടുക്കുന്ന നടപടിക്ക് മുന്നോടിയായാണ് ബ്രാന്‍ഡ് ഏകീകരണത്തിന് ഗൂഗിളിന്റെ നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഗൂഗിളിന്റെ ഏറ്റവും ജനപ്രിയമായ രണ്ട് സര്‍വീസുകളാണ് ബ്ലോഗറും പിക്കാസയും. ഇവ മാത്രമല്ല, ഗൂഗിളിന്റെ മറ്റ് മിക്ക സര്‍വീസുകളും പുതിയ പേരുകളിലാകും സമീപഭാവിയില്‍ അറിയപ്പെടുക.

 

ആദ്യമായല്ല ഗൂഗിള്‍ ഇത്തരം പേരുമാറ്റം നടത്തുന്നത്. 2006 ല്‍ ഏറ്റെടുത്ത 'ജോട്ട്‌സ്‌പോട്ടി' (JotSpot) ന്റെ പേര് 2008 ല്‍ ഗൂഗിള്‍ സൈറ്റ്‌സ് (Google Sites) എന്ന് മാറ്റിയിരുന്നു. 2007 ല്‍ ഗൂഗിളിലെത്തിയ VOIP പ്ലാറ്റ്‌ഫോമായ 'ഗ്രാന്‍ഡ്‌സെന്‍ട്രല്‍' (GrandCentral) ആണ് 2009 ല്‍ ഗൂഗിള്‍ വോയ്‌സ് (Google Voice) ആയി മാറിയത്.

ഗൂഗിള്‍ പ്ലസ് ഈ ജൂലായ് 31 ന് തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രൈവറ്റ് ഗൂഗിള്‍ പ്രൊഫൈലുകള്‍ നീക്കംചെയ്യുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുള്ള ദിവസമാണ് ജൂലായ് 31. ഗൂഗിള്‍ പ്ലസിന്റെ പബ്ലിക്ക് ലോഞ്ചിന് ശേഷം പ്രൈവറ്റ് പ്രൊഫൈലുകള്‍ വേണ്ട എന്ന നിലാപാടാണ് ഗൂഗിളിനെന്ന് വിശ്വസിക്കേണ്ടിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക