Image

നീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവകൂടാരത്തിന്റെ അവകാശികള്‍: റവ തോമസ്‌ മാത്യു

ജോയിച്ചന്‍ പുതുക്കുളം Published on 08 July, 2011
നീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവകൂടാരത്തിന്റെ അവകാശികള്‍: റവ തോമസ്‌ മാത്യു
ഒക്‌ലഹോമ: സ്‌നേഹത്തില്‍ അധിഷ്‌ഠിതമായ ജീവിതത്തിലൂടെ മാത്രമേ മനുഷ്യര്‍ക്ക്‌ വിജയമുണ്ടാകുകയുള്ളുവെന്നും വിശ്വാസത്തില്‍ നായകനും, പൂര്‍ത്തിവരുത്തുന്നവനുമായ ക്രിസ്‌തുവിന്റെ ശുശ്രൂഷകരും സൈന്യവുമാണെന്നു പറയുവാന്‍ കഴിയുന്നവിധത്തില്‍ ജീവിതം രൂപാന്തരപ്പെടണമെന്നും റവ. തോമസ്‌ മാത്യു വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്‌ത്‌ (പി.സി.എന്‍.എ.കെ) കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടനം ഒക്‌ലഹോമ കോക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. റവ. ഷാജി കെ. ദാനിയേല്‍ അധ്യക്ഷതവഹിച്ചു. ക്രൈസ്‌തവ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്‌ക്കും പ്രാധാന്യം നല്‍കി ജീവിതം നയിക്കുവാനും സാമൂഹിക പ്രതിബദ്ധതയോടെ ക്രൈസ്‌തവസാക്ഷ്യം വഹിക്കുവാന്‍ വിശ്വാസികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

റവ. പി.സി. ചെറിയാന്‍, റവ. സണ്ണി കുര്യന്‍ എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. റവ. ജോണ്‍ തോമസ്‌, റവ. ജോണ്‍ ജോര്‍ജ്‌, റവ. തോമസ്‌ കുരുവിള എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക്‌ നേതൃത്വം നല്‍കി. പാസ്റ്റര്‍ ലൂക്കോസ്‌ യോഹന്നാന്‍ സങ്കീര്‍ത്തനം വായിച്ചു. ലോക്കല്‍ സെക്രട്ടറി കുര്യന്‍ സക്കറിയ സ്വാഗതം ആശംസിച്ചു. നാഷണല്‍ സെക്രട്ടറി തോമസ്‌ എം. കിടങ്ങാലില്‍, നാഷണല്‍ ട്രഷറര്‍ ഷാജി മണിയാറ്റ്‌ എന്നിവര്‍ പ്രസ്‌താവനകള്‍ നടത്തി. വിവിധ പെന്തക്കോസ്‌ത്‌ സഭാ വിഭാഗങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കുചേര്‍ന്നു. പങ്കെടുത്തവര്‍ക്ക്‌ ആത്മീയ വിശുദ്ധിയും ഐക്യവും കൈവരിക്കുവാന്‍ സാധിച്ചു.

നാലുദിവസം നീണ്ടുനിന്ന ആത്മയീയ സംഗമ പ്രാര്‍ത്ഥനാദിവസങ്ങളില്‍ വിശുദ്ധ തിരുവത്താഴ ശുശ്രൂഷ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള പ്രത്യേക സമ്മേളനം, ഭക്തിനിര്‍ഭരമായ ഗാനശുശ്രൂഷ, കുടുംബസംഗമം, രോഗശാന്തിശുശ്രൂഷ തുടങ്ങി വിവിധ ഘടകങ്ങള്‍ ഉണ്ടായിരുന്നു. പ്രത്യേക തിരുവത്താഴ ശുശ്രൂഷയോടെ നാലു ദിവസത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക്‌ സമാപ്‌തിയായി. വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്ക്‌ താമസ സൗകര്യങ്ങള്‍ ലഭ്യമായിരുന്നു. റവ ടൈറ്റസ്‌ ഈപ്പന്‍, പാസ്റ്റര്‍ ലൂക്കോസ്‌ യോഹന്നാന്‍, ബാലന്‍ പിള്ള, കുര്യന്‍ സക്കറിയ, വര്‍ഗീസ്‌ ജോസഫ്‌, നോബിള്‍ സോളമന്‍, മീഡിയ കോര്‍ഡിനേറ്റര്‍ ടോം വര്‍ഗീസ്‌ തുടങ്ങിയവര്‍ ആത്മീയ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.

ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെയുള്ള തീയതികളില്‍ നടന്ന കോണ്‍ഫറന്‍സില്‍ ദൈവശാസ്‌ത്ര പ്രഭാഷകരും കണ്‍വെന്‍ഷന്‍ പ്രാസംഗികരുമായ റവ.ഡോ. ക്രെയ്‌ഗ്‌ ഗ്രോഷല്‍, റവ.ഡോ. സ്റ്റീവ്‌ റീഗിള്‍, റവ.ഡോ. ക്രിസ്‌ ജാക്‌സണ്‍, റവ. പി.സി. ചെറിയാന്‍, റവ. സണ്ണി കുര്യന്‍, റവ. രാജു മേത്ര, റവ.കെ.സി. ജോണ്‍, റവ. എം. കുഞ്ഞപ്പി, റവ. പി.എസ്‌. ഫിലിപ്പ്‌ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ സംഗീത ശുശ്രൂഷയും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സംഗീത ശുശ്രൂഷയില്‍ പെന്തക്കോസ്‌ത്‌ പ്രസ്ഥാനങ്ങളിലെ പ്രശസ്‌ത ഗായകര്‍ പങ്കെടുത്തു. മ്യൂസിക്‌ കോര്‍ഡിനേറ്റര്‍ മോഹന്‍ കാഞ്ഞിരമണ്ണില്‍ നേതൃത്വം നല്‌കി.

വിവിധ പെന്തക്കോസ്‌ത്‌ സഭാ വിഭാഗങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി വിശ്വാസികള്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ജൂണ്‍ 30-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ നടന്ന സഹോദരീ സമ്മേളനത്തില്‍ ന്യൂ ഇന്ത്യാ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ലേഡീസ്‌ മിനിസ്‌ട്രീസ്‌ പ്രസിഡന്റ്‌ സിസ്റ്റര്‍ മറിയാമ്മ തമ്പി പ്രസംഗിച്ചു. യൂത്ത്‌ പ്രോഗ്രാമില്‍ ലോക പ്രശസ്‌ത ലീലാന്റ്‌ കണ്‍സേര്‍ട്ട്‌ മ്യൂസിക്‌ ടീം ഗാനശുശ്രൂഷ നടത്തി. നാല്‌ ദിവസമായി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ ദിവസവും രാവിലെ 8.30-ന്‌ ബൈബിള്‍ ക്ലാസ്‌, ഉച്ചയ്‌ക്ക്‌ 3 നും വൈകിട്ട്‌ 6-നും പൊതുയോഗം, രാവിലെ 8.30-ന്‌ ഉണര്‍വ്വ്‌ യോഗം, വചനധ്യാനം, വിമന്‍സ്‌ ഫെലോഷിപ്പ്‌, യുവജനസമ്മേളനം, ധ്യാന സമ്മേളനങ്ങള്‍, കുട്ടികളുടെ യോഗം, ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ യുവജന സമ്മേളനം, വൈകിട്ട്‌ 6 മുതല്‍ സുവിശേഷ യോഗം എന്നിവയും ഞായറാഴ്‌ച സംയുക്ത ആരാധനയും ഉണ്ടായിരുന്നു. വിശ്വാസികളുടെ ആത്മീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രത്യേകതയാര്‍ന്ന കൂട്ടായ്‌മയായി 29-മത്‌ കോണ്‍ഫറന്‍സിനെ വിശേഷിപ്പിക്കാമെന്ന്‌ കോണ്‍ഫറന്‍സിന്റെ നാഷണല്‍ സെക്രട്ടറി തോമസ്‌ എം. കിടങ്ങാലില്‍ പറഞ്ഞു. കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ ബോള്‍, ഷട്ടില്‍ ബാഡ്‌മിന്റണ്‍, സോക്കര്‍, ചിന്താവിഷയത്തെ ആസ്‌പദമാക്കിയുള്ള പെന്റിംഗ്‌, കളറിംഗ്‌ തുടങ്ങി നിരവധി മത്സരങ്ങളും നടത്തി. ഒട്ടനവധി ആകര്‍ഷകങ്ങളായ പരിപാടികള്‍ കോര്‍ത്തിണക്കി കുട്ടികളുടെ വിശ്വാസവും, വേദപുസ്‌തക പരിജ്ഞാനവുംഏറെ വര്‍ധിപ്പിക്കുവാന്‍ കോണ്‍ഫറന്‍സ്‌ പ്രയോജനപ്പെട്ടുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. വിജയികളായവര്‍ക്ക്‌ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി. കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകള്‍ക്ക്‌ നാല്‌ ദിവസമായി പത്തുനേരം 22-ല്‍ അധികം വിഭവങ്ങളുമായി പ്രത്യേക ഭക്ഷണവും തയാറാക്കിയിരുന്നു.

29-മത്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പെന്തക്കോസ്‌ത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ കഴിഞ്ഞകാലങ്ങളില്‍ നടന്നതില്‍ നിന്നും തികച്ചും വ്യത്യസ്‌തവും ആകര്‍ഷകവുമായ രീതിയിലാണ്‌ സംഘടിപ്പിച്ചതെന്ന്‌ നാഷണല്‍ സെക്രട്ടറി തോമസ്‌ എം. കിടങ്ങാലില്‍ അറിയിച്ചു. സാധാരണ കുടുംബങ്ങള്‍ക്കുപോലും പങ്കെടുക്കാവുന്ന നിലയിലുള്ള താമസത്തിനും ഭക്ഷണത്തിനുമുള്ള പാക്കേജാണ്‌ തയാറാക്കിയതെന്ന്‌ നാഷണല്‍ ട്രഷറര്‍ ഷാജി മണിയാറ്റ്‌ പറഞ്ഞു. നാഷണല്‍ കമ്മിറ്റിയും ലോക്കല്‍ കമ്മിറ്റിയും ആരാധനാ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയെന്ന്‌ മീഡിയ സെക്രട്ടറി നിബു വെള്ളവന്താനം അറിയിച്ചു.
നീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവകൂടാരത്തിന്റെ അവകാശികള്‍: റവ തോമസ്‌ മാത്യു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക