Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ പ്രധാന തിരുനാള്‍ ആഗസ്‌റ്റ്‌ 5,6,7 ദിവസങ്ങളില്‍

Published on 10 July, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ പ്രധാന തിരുനാള്‍ ആഗസ്‌റ്റ്‌ 5,6,7 ദിവസങ്ങളില്‍
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ പ്രധാന തിരുനാളായ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആഗസ്‌റ്റ്‌ മാസം 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിനിര്‍ഭരവും, സമുചിതവുമായി കൊണ്ടാടുന്നു. 2010 ജൂലൈ 18-ാം തീയതി സെന്റ്‌ മേരീസ്‌ ഇടവക ദേവാലയം സ്ഥാപിതമായതിനുശേഷം രണ്ടാമതായി നടക്കുന്ന പ്രസ്‌തുത വലിയ തിരുനാളിന്റെ പ്രസക്തി ഏറെയാണ്‌. തിരുനാള്‍ ദിവസങ്ങളില്‍ മാതാവിനോടുള്ള ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കാനായി ഷിക്കാഗോയിലെ മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളും കത്തോലിക്കാ വിശ്വാസികളായ ആയിരക്കണക്കിന്‌ ആളുകള്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ എത്തിച്ചേരുന്നതായിരിക്കും എന്നി തിരുനാള്‍ കമ്മറ്റി അറിയിച്ചു. തിരുനാളിന്റെ ആദ്യദിവസമായ ആഗസ്‌റ്റ്‌ 5 വെള്ളിയാഴ്‌ച വൈകുന്നേരം 6.30 ന്‌ ഷിക്കാഗോ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതും തിരുനാള്‍ സന്ദേശം നല്‍കുന്നതുമായിരിക്കും. തിരുസ്വരൂപം വെഞ്ചരിക്കല്‍, ലദീഞ്ഞ്‌, പാട്ടുകുര്‍ബാന തുടര്‍ന്ന്‌ ഷിക്കാഗോയിലെ രണ്ട്‌ ഇടവകകളിലും പ്രവര്‍ത്തിക്കുന്ന വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്‌.

ആഗസ്റ്റ്‌ 6 ശനിയാഴ്‌ച വൈകുന്നേരം 5.30 മുതല്‍ ലദീഞ്ഞ്‌, പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, പ്രസുദേന്തി വാഴ്‌ച, കപ്ലോന്‍ വാഴ്‌ച, നൊവേന തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്‌. തുടര്‍ന്ന്‌ ഇരു ഇടവകയിലെയും കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ അരങ്ങേറുന്നതായിരിക്കും. തിരുനാളിന്റെ പ്രധാന ദിവസമായ ആഗസ്‌റ്റ്‌ 7-ാം തീയതി ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ ലദീഞ്ഞ്‌, ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, പള്ളി ചുറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള പ്രദക്ഷിണം തുടങ്ങിയ ഭക്തിനിര്‍ഭരമായ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്‌.

പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആചരിക്കുന്ന പ്രസ്‌തുത ദിവസങ്ങളില്‍ മാതാവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും നേരുന്നതിനായി ഷിക്കാഗോയിലെ മുഴുവന്‍ കത്തോലിക്കാ വിശ്വാസികളേയും മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലേയ്‌ക്ക്‌ വി. ഫാ. എബ്രാഹം മുത്തോലത്ത്‌ സ്വാഗതം ചെയ്‌തു. സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, സാബു തറത്തട്ടേല്‍, ബിനു കൈതക്കത്തൊട്ടിയില്‍, റോയി നെടുംചിറ, തമ്പി വിരുത്തിക്കുളങ്ങര, തോമസ്‌ അപ്പോഴിപ്പറമ്പില്‍, ബിജു തുരുത്തിയില്‍, സണ്ണി ഇടിയാലി, ജ്വോഷ്വാ പാട്ടപ്പതി, ജോജോ ആനാലില്‍, മാത്യു മണ്ണപ്പള്ളി എന്നിവരാണ്‌ ഈ വര്‍ഷ്‌തെ തിരുനാള്‍ പ്രസുദേന്തമാര്‍.

മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക്‌ പോള്‍സണ്‍ കുളങ്ങര, സ്‌റ്റീഫന്‍ കിഴക്കേക്കുറ്റ്‌, ജോണ്‍ പാട്ടപ്പതി, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, ജോയിസ്‌ മറ്റത്തിക്കുന്നേല്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മാതാവിനോടുള്ള ഭക്തിപ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നേര്‍ച്ചകാഴ്‌ചകള്‍ സമര്‍പ്പിക്കുന്നതിനും, അടമവയ്‌ക്കുന്നതിനുമുള്ള പ്രത്യേക സൗകര്യം തിരുനാള്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്‌.

റിപ്പോര്‍ട്ട്‌ : സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ്‌ മേരീസില്‍ പ്രധാന തിരുനാള്‍ ആഗസ്‌റ്റ്‌ 5,6,7 ദിവസങ്ങളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക