Image

മണ്ണും സമയവും സൃഷ്‌ടിയുടെ ഭാഗം: ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 10 July, 2011
മണ്ണും സമയവും സൃഷ്‌ടിയുടെ ഭാഗം: ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ്‌
കെയര്‍ഹോണ്‍സ്‌കണ്‍ (ന്യൂയോര്‍ക്ക്‌): ആത്മാഭിവൃദ്ധിയ്‌ക്കായുള്ള പ്രഭാഷണ പരമ്പരകളും ചര്‍ച്ചാ ക്ലാസുകളും സജീവമായ കോണ്‍ഫറന്‍സിന്റെ മൂന്നാംദിവസം സഭാ സംബന്ധമായ സംശയ നിവാരണങ്ങള്‍ക്ക്‌ വേദിയായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കോണ്‍ഫറന്‍സ്‌ സമാപിക്കുവാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടിന്റെ മുക്കുംമൂലയും ആദ്ധ്യാത്മികതയുടെ പരിമളത്താല്‍ സുഗന്ധപൂരിതമാവുകയും ചെയ്‌തു.

`ദൈവം തന്റെ സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്‌ടിച്ചു' എന്ന ചിന്താവിഷയത്തെ തലനാരിഴ കീറി, അതില്‍ അടങ്ങിയിരിക്കുന്ന ദൈവീക മര്‍മ്മങ്ങളെ, നിത്യജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത്‌ വിശ്വാസികള്‍ക്കുമുന്നില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ്‌ മെത്രാപ്പോലീത്ത വിതറുകയുണ്ടായി. മണ്ണും സമയവുമൊക്കെ സൃഷ്‌ടിയുടെ ഭാഗമാണെന്നും ഇവയില്‍ മനുഷ്യനായിട്ടാണ്‌ ക്രമക്കേടുകള്‍ സൃഷ്‌ടിച്ചതെന്നും മാര്‍ ദിമിത്രയോസ്‌ പഠനാര്‍ഹമായ തന്റെ കീനോട്ട്‌ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. മനുഷ്യന്‍ ഉണ്ടാക്കിയ ക്രമക്കേടുകള്‍ ക്രമീകരിക്കുന്ന ദൈവത്തോട്‌ പ്രാര്‍ത്ഥനയിലൂടെ സഹകരിക്കണം. തനിക്ക്‌ സുരക്ഷിതമായ ഒരു അന്തരീക്ഷത്തില്‍ ഒതുങ്ങുന്നതല്ല ശരിക്കുള്ള കാര്യം. ഒന്നുംചെയ്യാതെ കൈയും കെട്ടിയിരുന്ന്‌ ഞാന്‍ മാത്രം എന്ന ചിന്താഗതി വെച്ചുപുലര്‍ത്തുമ്പോള്‍ പുഷ്‌കലമാകുന്നത്‌ സ്വന്തം ദുഷ്‌ടശക്തിയേയാണ്‌. വഴക്കുപിടിക്കാനൊന്നും ഇല്ലെന്നുപറഞ്ഞ്‌ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്നതും ദൈവീകമല്ല. പറയേണ്ടത്‌ പറയണം-ഇതാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌

വ്യാഴാഴ്‌ച തുടങ്ങിവെച്ച പ്രസംഗപരമ്പരയുടെ ബാക്കിഭാഗം പൂര്‍ത്തീകരിച്ചതുകൂടി കണക്കിലെടുത്താല്‍ കോണ്‍ഫറന്‍സിന്റെ മൂന്നാംദിവസം ഇടയനാല്‍ അച്ചന്റേതായി എന്നുപറയുന്നതാവും കൂടുതല്‍ ശരി. വെരി. റവ. മത്തായി ഇടയനാല്‍ കോര്‍എപ്പിസ്‌കോപ്പയുടെ വിജ്ഞാനപ്രദവും സരസവും കുറിക്കുകൊള്ളുന്നതുമായ സഭാജീവിതം പഠിപ്പിക്കല്‍ മനസ്സിലേക്കാഴ്‌ന്നിറങ്ങുന്നതായി. മലങ്കര ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ അറിഞ്ഞിരിക്കേണ്ട പാരമ്പര്യ സത്യങ്ങള്‍, വേദപുസ്‌തക പശ്ചാത്തലം കാനോനിക അടിത്തറയില്‍ നിന്നുകൊണ്ട്‌ ഇടയനാല്‍ അച്ചന്‍ വിവരിക്കുകയുണ്ടായി. സഭയ്‌ക്കെതിരായി കാഹളം മുഴക്കുന്നവര്‍ക്കും, വേദവിപരീതികള്‍ക്കും, നവീകരണക്കാര്‍ക്കും ഒക്കെ എതിരേ ഇടയനാല്‍ അച്ചന്‍ ഉതിര്‍ത്ത കൂരമ്പുകളുടെ ശക്തിയില്‍ മന്‍ഹാട്ടന്‍ തീയേറ്ററില്‍ സാകൂതം കേട്ടിരുന്ന വിശ്വാസി സമൂഹം സടകുടഞ്ഞെണീറ്റ അനുഭവമായിരുന്നു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മാര്‍ത്തോമാശ്ശീഹാ സ്ഥാപിച്ച വിഭഗമാണെന്നും, ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിഭാഗമാണെന്നും, പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും, അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവാ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ മേലദ്ധ്യക്ഷനാണെന്നും പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ കാതോലിക്കാ ബാവയാണെന്നും സംശയങ്ങള്‍ക്ക്‌ ഇടംനല്‍കാന്‍ പഴുതുകളില്ലാതെ ഇടയനാല്‍ അച്ചന്‍ ഭരണഘടനയുടെ അടിത്തറയില്‍ സമര്‍ത്ഥിച്ച്‌ വിശദീകരിച്ചു.

വി. കുര്‍ബാനയ്‌ക്ക്‌ മുമ്പായുള്ള ധ്യാനയോഗത്തിന്‌ നേതൃത്വംകൊടുത്തുകൊണ്ട്‌ അടൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ഹൃദയ ദ്രവീകരണ ശക്തിയുള്ള വാക്കുകളാലും പ്രയോഗങ്ങളാലും എടുത്ത ബൈബിള്‍ വാക്യത്തിന്റെ മഹത്വത്താലും കേള്‍ക്കാന്‍ ചെവിയുള്ളവരായി കടന്നുവന്ന വിശ്വാസികള്‍ക്കുമുന്നില്‍ അഭൗമമായൊരു കാന്തികവലയം സൃഷ്‌ടിക്കുകയാണുണ്ടായത്‌. ദൈവീകഭാവം വളര്‍ത്തിയെടുക്കുക എന്നുള്ളത്‌ ഓരോ മനുഷ്യന്റേയും കടമയാണെന്നും സ്വര്‍ഗ്ഗീയ പിതാവ്‌ സദ്‌ഗുണസമ്പൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും സദ്‌ഗുണസമ്പൂര്‍ണ്ണരായിരിക്കണം എന്ന്‌ സൂചിപ്പിക്കുകയുണ്ടായി. വിശുദ്ധിയിലേക്കുള്ള പാത നാലാണ്‌. (1). സ്വന്തം ജീവിതത്തില്‍ സ്വാതന്ത്ര്യത്തെ ഉത്തരവാദിത്വത്തോടെ കാണിച്ചുകൊടുക്കാന്‍ കഴിയണം. (2). സ്വന്ത ജീവിതത്തില്‍ ക്രിയേറ്റിവിറ്റിക്ക്‌ സ്ഥാനം കൊടുക്കുക. (3). സ്വന്തമായ ആത്മീയവര്‍ദ്ധനയ്‌ക്കൊപ്പം പരസ്‌പരം വളരുവാനും സാധിക്കുക. അതുവഴി കൃപാദായക ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക (4). സ്‌നേഹത്തിന്റെ മഹാവിസ്‌ഫോടനം സൃഷ്‌ടിക്കുവാന്‍ വേദിയൊരുക്കുക.

പുലര്‍ച്ചെ നടന്ന സ്‌പിരിച്വല്‍ നടത്തത്തിനും സംസ്‌കാരങ്ങള്‍ക്കും ശേഷം പ്രഭാത ഭക്ഷണം. പിന്നീട്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത എല്ലാവരേയും ചേര്‍ത്ത്‌ ഫോട്ടോ സെഷന്‍. തുടര്‍ന്ന്‌ വിവിധ മീറ്റിംഗ്‌ മുറികളില്‍ ആത്മീയ പ്രഭാഷണങ്ങളും, ചര്‍ച്ചാ ക്ലാസുകളും. ഉച്ചയ്‌ക്കുശേഷം നന്ദി പ്രകടനത്തിനായും യോഗം ചേര്‍ന്നു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി അഹോരാത്രം പണിപ്പെട്ടവരെ ആദരിക്കുന്ന ചടങ്ങില്‍ മെത്രാപ്പോലീത്തമാരും, വൈദീകരും, അത്മായരും പങ്കെടുത്തു.

കോര്‍ഡിനേറ്റര്‍ ഫാ. എം.കെ. കുര്യാക്കോസും, ജനറല്‍ സെക്രട്ടറി ആഷാ തോമസും നന്ദി രേഖപ്പെടുത്തു. തദവസരത്തില്‍ സ്‌പോര്‍ട്‌സ്‌ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങളും നല്‍കി.

ബെര്‍ഗന്‍ഫീല്‍ഡ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ദേവാലയ ഗായക സംഘം വികാരി ഫാ. ബാബു കെ. മാത്യുവിനും, ഫാ. അലക്‌സ്‌ കെ. ജോയിക്കുമൊപ്പം ശ്രുതിമധുരമായി ഗാനങ്ങള്‍ ആലപിച്ചു.

ലോബിയില്‍ യുവജനങ്ങളുടെ മിഷന്‍ പ്രൊജക്‌ടിന്റെ ജോലികളും നടന്നു. പ്ലീനറി സെഷനില്‍ 13 ഗ്രൂപ്പുകളുടെ പേരില്‍ ലീഡര്‍ ചിന്താവിഷയത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ ദൈനംദിന ജീവിതവുമായി താരതമ്യപ്പെടുത്തി സംസാരിച്ചു.

വൈകുന്നേരത്തോടെ കോണ്‍ഫറന്‍സിന്റെ മൊത്തത്തിലുള്ള പരിവേഷം മാറി. വി. കുമ്പസാരത്തിന്‌ ഒരുക്കപ്പെടുവാന്‍ ധ്യാനയോഗവും, പ്രാര്‍ത്ഥനയുമായി ആത്മീയതയുടെ തീഷ്‌ണതയുമായി മറ്റൊരു കിളിവാതില്‍ അവിടെ തുറക്കപ്പെടുകയായിരുന്നു.

കോണ്‍ഫറന്‍സ്‌ അവസാനിക്കുവാന്‍ ഒരുദിവസം അവശേഷിക്കെ വിശ്വാസബോധ മണ്‌ഡലത്തില്‍ ദൈവീകതയുടെ വര്‍ഷമാരി പ്രവഹിക്കുവാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തെയാണ്‌ ഇവിടെ കാണുവാന്‍ കഴിയുന്നത്‌.

ശനിയാഴ്‌ച രാവിലെ നടക്കുന്ന വി. കുര്‍ബാനയ്‌ക്കുശേഷം മാര്‍ നിക്കളാവോസ്‌ തിരുമേനി നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന്‌ ഉച്ചയോടെ ഭക്ഷണത്തിനുശേഷം കോണ്‍ഫറന്‍സിന്‌ തിരശ്ശീല വീഴും.
മണ്ണും സമയവും സൃഷ്‌ടിയുടെ ഭാഗം: ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക