Image

എന്റെ ജീവിതം നദിപോലെ: മാതാ അമൃതാനന്ദമയി

Published on 11 July, 2011
എന്റെ ജീവിതം നദിപോലെ: മാതാ അമൃതാനന്ദമയി

ന്യൂയോര്‍ക്ക്‌: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറയില്‍ നിന്ന്‌ 90,000 കോടിയുടെ നിധിശേഖരം കണ്ടെത്തിയത്‌ തിരുവിതാംകൂര്‍ രാജവംശത്തിന്റെ മൂല്യബോധം തെളിയിക്കുന്നുവെന്ന്‌ മാതാ അമൃതാനന്ദമയി.

നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണിത്‌. യൂറോപ്പില്‍ പൈതൃകസമ്പത്ത്‌ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. ഇറ്റലിയിലെ പുരാതനമായ ഒരു കൃഷിയിടത്തില്‍ പുതുതായി ഒരു കല്ല്‌ ഇടാന്‍പോലും സമ്മതിക്കില്ല.

സംരക്ഷിക്കേണ്ടവയെ എല്ലാം സംരക്ഷിക്കകയും, ബാക്കി ജനങ്ങളുടെ നന്മയ്‌ക്കായി ഉപയോഗിക്കുകയും വേണമെന്ന്‌ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്ന അമ്മ പറഞ്ഞു. ക്ഷേത്ര സ്വത്താണെങ്കിലും ഹിന്ദുക്കള്‍ക്ക്‌ മാത്രമായി നല്‍കണമെന്ന്‌ താന്‍ പറയില്ല. അമ്മമാര്‍ക്ക്‌ മക്കള്‍ എല്ലാവരും ഒരുപോലെയാണ്‌. എല്ലാവരും ഈശ്വരന്റെ മക്കളാണ്‌. ഹിന്ദുവായാലും, മുസ്‌ലീമായാലും വേദന ഒരുപോലെയാണ്‌.

ക്ഷേത്രസ്വത്ത്‌ എല്ലാവരുടേയും നന്മയ്‌ക്ക്‌ ഉപയോഗിക്കണമെന്ന്‌ മുമ്പ്‌ പറഞ്ഞപ്പോള്‍, ``പള്ളിയുടെ സ്വത്തൊന്നും എല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നില്ലല്ലോ'' എന്ന്‌ ചിലര്‍ മറുചോദ്യം ചോദിക്കയുണ്ടായി. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും മക്കളാണ്‌. ആരേയും ദ്രോഹിക്കാന്‍ പറ്റില്ല.

മുമ്പ്‌ ഇന്ത്യ ഹിന്ദുരാഷ്‌ട്രമല്ലെന്ന്‌ താന്‍ പറഞ്ഞപ്പോഴും കുറെപ്പേര്‍ എതിര്‍പ്പുമായി വന്നു. എതിര്‍പ്പുകളോ, ആക്ഷേപങ്ങളോ തന്നെ ബാധിക്കാറില്ല. കല്ലും പൂവും തനിക്ക്‌ ഒരുപോലെതന്നെ- 1987-ല്‍ മുതല്‍ എല്ലാവര്‍ഷവും അമേരിക്കയിലെത്തുന്ന അമ്മ പറഞ്ഞു.

രാജകുടുംബത്തിലെ ദരിദ്രരായ പലരേയും തനിക്കറിയാം. അവരെ സഹായിക്കാന്‍വേണ്ടി നിധിശേഖരത്തില്‍ നിന്ന്‌ കുറെ എടുക്കാമായിരുന്നു. അതുമല്ലെങ്കില്‍ നിധിയില്‍ കുറെ രാജവംശത്തിലെ അംഗങ്ങളുടെ വീടുകളിലേക്ക്‌ മാറ്റാമായിരുന്നു. അതൊന്നും ചെയ്യാതിരുന്നത്‌ രാജകുടുംബത്തിലെ മഹത്വവും മൂല്യബോധവും വെളിവാക്കുന്നു.

ആരെങ്കിലും തന്നോട്‌ മോശമായി പെരുമാറിയാലും തനിക്കൊരിക്കലും അലോസരമില്ല. കുഞ്ഞുങ്ങള്‍ ദേഷ്യപ്പെട്ടാല്‍ അമ്മ പ്രതികരിക്കുമോ?

ചെറുപ്പത്തില്‍ ഒരു കുഗ്രാമത്തില്‍ വളര്‍ന്നുവന്നതാണ്‌ താന്‍. കടുത്ത പാരമ്പര്യങ്ങള്‍ നിറഞ്ഞ കാലവും സ്ഥലവും. 12 വയസ്സുകഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പുറത്തുവിടുകപോലും ചെയ്യാത്ത സ്ഥിതിയില്‍ നിന്നാണ്‌ താന്‍ ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്‌.

സ്വന്തം വീടുതന്നെ ആശ്രമത്തിന്‌ നല്‍കിയ ചരിത്രം വിരളമെന്നുതന്നെ പറയാം. ഗ്രാമവാസികളൊക്കെ ഏറെ നന്മനിറഞ്ഞവരായിരുന്നു. എതിര്‍പ്പുമായി നിന്നവര്‍ പോലും പിന്നീട്‌ പൂവെറിഞ്ഞു.

ലോകമെങ്ങും പൊതുവില്‍ ആത്മീയമായ ഉണര്‍വ്വും, പ്രകൃതിയെ സ്‌നേഹിക്കുന്നതുമൊക്കെ കൂടിയിട്ടുണ്ട്‌. അതേപോലെതന്നെ താമസിക ശക്തികളും കരുത്താര്‍ജ്ജിച്ചു. വര്‍ധിച്ചുവരുന്ന മദ്യാസക്തി തന്നെ ഒരു തെളിവ്‌. സ്‌കൂള്‍ കുട്ടികള്‍ പോലും മദ്യത്തിനടികളാകുന്നു. മൂല്യങ്ങളില്‍ വളര്‍ന്ന വ്യക്തികള്‍ ഇത്തരം സ്ഥിതിയിലെത്തില്ല. കുറെയൊക്കെ മൂല്യബോധം കാട്ടും. മൂല്യബോധമില്ലാത്തവരാകട്ടെ ബ്രേക്കില്ലാത്ത വാഹനം പോലെയോ, നിയന്ത്രണം നഷ്‌ടപ്പെട്ട റോക്കറ്റ്‌ പോലെയോ എങ്ങോട്ടോ കുതിക്കുന്നു. എല്ലാം തനിക്ക്‌, തനിക്ക്‌ എന്ന ചിന്താഗതിയിലാണവര്‍. സമൂഹത്തിന്‌ എന്തു സംഭവിച്ചാലും പ്രശ്‌നമില്ലെന്ന ചിന്ത.

ഇത്തരം കാര്യങ്ങളെപ്പറ്റി അവബോധമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആചാരപ്രഭാഷകയായി നടക്കാന്‍ തനിക്ക്‌ ഇഷ്‌ടമില്ല.

അമ്മ പോകാത്ത നാടുകളില്ലെന്നുതന്നെ പറയാം. എവിടെയെങ്കിലും ഭാഷ പ്രശ്‌നമായിട്ടുണ്ടോ? മക്കള്‍ക്ക്‌ അമ്മയുടെ ഭാഷയോ, അമ്മയ്‌ക്ക്‌ മക്കളുടെ ഭാഷയോ മനസ്സിലാക്കാന്‍ പ്രത്യേക ഭാഷാപരിജ്ഞാനമൊന്നും ആവശ്യമില്ല. താനുമായി സംവദിക്കുന്നതിന്‌ ഭാഷ തടസ്സമായി എന്ന്‌ ആരും പറഞ്ഞിട്ടുമില്ല. തന്നെ സമീപിക്കുന്നവരൊക്കെ ആത്മീയമായ ജിജ്ഞാസയാല്‍ പ്രേരിതരായി എത്തുന്നവരാണ്‌.

അമേരിക്കയില്‍ ആത്മീയത പിന്നോക്കംപോയി എന്നു പറയാനാവില്ല. കാരുണ്യമുള്ള മനസ്സുള്ളവര്‍ ഇവിടെ ധാരാളമുണ്ട്‌.

ഈശ്വരനുണ്ടോ എന്ന്‌ നമുക്ക്‌ സംശയിക്കാം. പക്ഷെ കഷ്‌ടപ്പാടും വേദനയും ഉണ്ടെന്നതില്‍ സംശയത്തിനവകാശമില്ല. ദു:ഖിക്കുന്നവരോട്‌ കാരുണ്യം കാട്ടുമ്പോള്‍ തന്നെ ഈശ്വരവിശ്വാസമാണ്‌ നാം പ്രകടിപ്പിക്കുന്നത്‌. അമേരിക്കയിലെ സംസ്‌കാരം നമ്മുടേതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. പക്ഷെ മനുഷ്യര്‍ എല്ലായിടത്തും ഒന്നുപോലെതന്നെ. തീയും തേനും എല്ലായിടത്തും ഒരേപോലെ എന്നതുപോലെ തന്നെ.

ഇന്ത്യയുടെ മൂന്നിലൊന്നു ജനസംഖ്യ പോലുമില്ലാത്ത അമേരിക്കയില്‍ ഇന്ത്യയുടെ പത്തിരട്ടി ജയിലുകളും അതില്‍ നിറയെ അന്തേവാസികളുമുണ്ടെന്നതില്‍ അമ്മ ദുഖം പ്രകടിപ്പിച്ചു. ചെറുപ്പത്തിലേതന്നെ അവരില്‍ മൂല്യം പകര്‍ന്നുനല്‍കാത്തതിനാല്‍ സംഭവിച്ചതാണിത്‌. ഇന്ത്യക്കാരുടെ രണ്ടാം തലമുറയും ലഹരിക്കടിമപ്പെടുന്നതും അധ്വാനിക്കാതെ പണമുണ്ടാക്കാമെന്ന ചിന്താഗതി പുലര്‍ത്തുന്നതുമൊക്കെ ദുഖകരമാണെന്നും അമ്മ പറഞ്ഞു.

സ്‌നേഹോശ്ശേഷത്തിലൂടെ ജനകോടികളെ വര്‍ഷങ്ങളായി ആശ്വസിപ്പിച്ച അമ്മയ്‌ക്ക്‌ അതില്‍ ഒരു മടുപ്പുമില്ല. സ്‌നേഹത്തിനു മടുപ്പില്ല. പ്രായമാകുംതോറും ശരീരം അതിന്റെ സ്വഭാവം കാണിക്കുമെന്നുമാത്രം.

2012-ല്‍ ലോകം അവസാനിക്കുമെന്ന്‌ ചിലര്‍ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ ഇപ്പോള്‍ തന്നെ ലോകം അവസാനിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അമ്മ പറഞ്ഞു. സ്‌നേഹവും ദയയും കുറയുമ്പോള്‍ ലോകം അവസാനിക്കുകയാണ്‌. കുറെ മനുഷ്യര്‍ കൂടിയാല്‍ മാത്രം ലോകം ആവില്ല.

പത്തുവര്‍ഷം കഴിയുമ്പോള്‍ അമ്മ എന്താണ്‌ ലക്ഷ്യമിടുന്നത്‌ എന്നു ചോദിച്ചപ്പോള്‍ ഈ നിമിഷത്തെപ്പറ്റിയല്ലാതെ ഭാവിയെപ്പറ്റി ചന്തിക്കാറില്ലെന്ന്‌ അമ്മ പറഞ്ഞു. വര്‍ത്തമാനകാലം നന്നായി ഉപയോഗിച്ചാല്‍ ഭാവിയില്‍ നന്മ വരും. ഒരു നദി പോലെയാണ്‌ തന്റെ ജീവിതം. എവിടെ അവസാനിക്കുമെന്ന്‌ ചിന്തിക്കുന്നില്ല. നമുക്ക്‌ കൈമുതലായി ഇന്നേയുള്ളൂ. ഓരോ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടാകുന്നത്‌ ഓരോ സാഹചര്യത്തിനനുസരിച്ചാണ്‌. അല്ലാതെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമല്ല.

സത്യസായി ബാബ സമാധിയാപ്പോള്‍ 36 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും വസതിയില്‍ നിന്ന്‌ കണ്ടെടുത്തതിനെപ്പറ്റിയും അമ്മ പ്രതികരിച്ചു. മഠത്തില്‍ തങ്ങള്‍ 15 ലക്ഷത്തില്‍ കൂടുതല്‍ തുകയുടെ സ്വര്‍ണ്ണം കരുതിവെയ്‌ക്കാറില്ല. അതില്‍ കൂടുതല്‍ സ്വര്‍ണ്ണം വെയ്‌ക്കണമെങ്കില്‍ ഒരുലക്ഷം രൂപയ്‌ക്ക്‌ 1000 രൂപ വീതം നികുതി കൊടുക്കണമെന്നതാണ്‌ നിയമംതന്നെ.

താന്‍ പണം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാറില്ല. കിട്ടുന്നതില്‍ പരമാവധി വിവാഹ സഹായത്തിനും മറ്റും നല്‍കുകയാണ്‌. സ്വര്‍ണ്ണ കിരീടം താന്‍ വെയ്‌ക്കാറില്ല. കിട്ടിയാല്‍ തന്നെ വിവാഹാവശ്യങ്ങള്‍ക്കായി നല്‍കും. പണ്ടൊരു ഭക്തന്‍ നല്‍കിയ 500 രൂപ വിലയുള്ള കിരീടമാണ്‌ താന്‍ വെയ്‌ക്കുന്നത്‌.

മഠം സന്യാസ പാരമ്പര്യമാണ്‌ പിന്തുടരുന്നത്‌. പല മഠങ്ങളും കുടുംബങ്ങളുടെ കൈവശമാണ്‌. എന്നാല്‍ മഠം സന്യാസികളിലേക്ക്‌ മാത്രമാണ്‌ കൈമാറപ്പെടുക. അതുപോലെ പണം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ വിനിയോഗിക്കാനും പാടില്ല.

രാമകൃഷ്‌ണമിഷന്റെ നിയമാവലിയാണ്‌ മഠം പിന്തുടരുന്നത്‌. സര്‍ക്കാരിന്‌ കണക്ക്‌ കൊടുക്കുവാന്‍ വൈകിയാല്‍ അന്വേഷണം വരും. ട്രസ്റ്റാണ്‌ എല്ലാ കാര്യങ്ങളും നോക്കുന്നത്‌. ചെയ്യുന്നകാര്യങ്ങള്‍ വസ്‌തുനിഷ്‌ഠമാണെന്ന്‌ താനും പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നു.

അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയായതിനാലാണ്‌ പ്രവേശനം സ്വയം നടത്താന്‍ അനുമതി ലഭിച്ചത്‌.

ഡീംഡ്‌ യൂണിവേഴ്‌സിറ്റിക്ക്‌ വിവിധ സ്റ്റേറ്റുകളില്‍ അഞ്ച്‌ കാമ്പസുകളുണ്ട്‌. രാജ്യത്തൊട്ടാകെയുള്ള ഡീംഡ്‌ യൂണിവേഴ്‌സിറ്റികള്‍ക്ക്‌ കേന്ദ്രനിയമമാണ്‌ ബാധകം. കൂടുതല്‍ പണം പിരിക്കുകയോ, സര്‍ക്കാര്‍ നിയമം അവഗണിക്കുകയോ ചെയ്യേണ്ട ആവശ്യമൊന്നും തങ്ങള്‍ക്കില്ല. കാര്യങ്ങളെല്ലാം കൃപകൊണ്ട്‌ നടന്നുപോകുന്നു. സുനാമി വന്നപ്പോള്‍ പോലും സഹായത്തിനായി അഭ്യര്‍ത്ഥിച്ചില്ല. എല്ലാം വന്നുചേരുകായായിരുന്നു. പത്തുസെന്റ്‌ സ്ഥലം മാത്രമുള്ളവര്‍ കാച്ചില്‍ പറിച്ച്‌ അയച്ചുതന്നതും ഓര്‍ക്കുന്നു. റെഡ്‌ക്രോസ്‌ പോലെ ഒരു സ്ഥാപനം ഇന്ത്യയിലില്ല. അത്തരമൊന്ന്‌ ഉണ്ടാവണമെന്ന്‌ ആഗ്രഹമുണ്ട്‌.

പൂര്‍വ്വാശ്രമത്തിലെ കാര്യങ്ങളെല്ലാം അമ്മ സംസാരിച്ചു. അച്ഛന്‍ കച്ചിയും പനയോലയും പിന്നീട്‌ ചെമ്മീനും കച്ചവടം ചെയ്‌ത കാലങ്ങള്‍. വീട്ടിലെ ഒരു മുറി തനിക്ക്‌ പൂജയ്‌ക്കായി വിട്ടുതന്നു. ചെമ്മീന്‍ കച്ചവടം നഷ്‌ടമായിരുന്നു. പിന്നീട്‌ വള്ളം നിര്‍മ്മിച്ചുനല്‍കുന്നതായി കച്ചവടം. 75,000 രൂപകൊണ്ട്‌ വള്ളം തീരും. 90,000 രൂപയെങ്കിലും കിട്ടും. അങ്ങനെ അറുപത്‌ വള്ളങ്ങളെങ്കിലും പണിത്‌ വിറ്റു. അവസാനകാലമായപ്പോഴേക്കും ബോട്ട്‌ വാങ്ങി. മരിക്കുംവരെ ഉപ്പുവെള്ളത്തില്‍ ജോലി എന്നതായിരുന്നു അച്ഛന്റെ നിലപാട്‌. ഒരു ബോട്ട്‌ തനിക്കും എഴുതിവച്ചു.

ന്യൂയോര്‍ക്ക്‌ നഗരമധ്യത്തിലെ അതിസമ്പന്നരിലൊരാളുടെ പെന്റ്‌ ഹൗസില്‍ താമസിക്കുന്നതിനെപ്പറ്റിയും ചോദ്യമുണ്ടായി. തലേന്ന്‌ ചെറിയ വീട്ടിലായിരുന്നു താമസമെന്ന്‌ അമ്മ പറഞ്ഞു. യൂറോപ്പിലൊക്കെ പോകുമ്പോള്‍ ബാത്ത്‌റൂം സൗകര്യങ്ങള്‍പോലുമില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്‌. അതിനാല്‍ വലിപ്പച്ചെറുപ്പമൊന്നും നോക്കാറില്ല. ജീവിതംതന്നെ ഒരു ലോഡ്‌ജ്‌. അതിലപ്പുറമൊന്നും ഞാന്‍ കരുതാറില്ല.

ജീവിതത്തില്‍ തനിക്ക്‌ ഒരു മോശം ദിവസവുമില്ല. എല്ലാം നല്ലതുതന്നെ. പത്രങ്ങള്‍ വായിക്കാറില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിനെപ്പറ്റിയൊക്കെ അമ്മ ബോധവതിയാണ്‌. ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും അമ്മക്കറിയാം.

ലോകത്തില്‍ സംഭവിക്കുന്നതൊക്കെ ജഗത്തിന്റെ ചലനങ്ങളാണ്‌. മായയും. പക്ഷെ, മറ്റുള്ളവരിലെ ദുഖം കാണുമ്പോള്‍ താന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ മടങ്ങിവരുന്നു.

പ്രപഞ്ചത്തിന്‌ താളമുണ്ട്‌. എല്ലാം പരസ്‌പരം ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഒരിടത്തു സംഭവിക്കുന്ന ചെറിയ ആന്ദോളനം പോലും മറ്റിടങ്ങളില്‍ അനുഭവവേദ്യമാകുന്നു.

എന്തായാലും മറ്റുള്ളവര്‍ പ്രവര്‍ത്തിക്കട്ടെ എന്നു കരുതി കാത്തിരിക്കാതെ നാം തന്നെ കര്‍മ്മരംഗത്ത്‌ വരികയാണ്‌ വേണ്ടത്‌. നാം ആരും ദ്വീപുകളല്ല. മരുഭൂമിയില്‍ നില്‍ക്കുന്ന പുഷ്‌പം പോലെ നാം പരിമളം പ്രസരിപ്പിക്കണം.

ഹൃദയംകൊണ്ടുള്ള സ്‌നേഹം കുറയുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്‌നം. എല്ലാം യാന്ത്രികമായിപ്പോകുന്ന സ്വന്തം ജീവിതത്തില്‍ സ്വയം തൃപ്‌തി കണ്ടെത്താന്‍ നാം പഠിക്കണം.

ആധുനിക സാങ്കേതികവിദ്യക്കും നൂതനമായ വാര്‍ത്താവിനിമയ രീതിക്കുമൊന്നും താന്‍ എതിരല്ല. അമ്മ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക