Image

ആത്മീയ പുണ്യസ്‌മൃതികളോടെ ഭദ്രാസന കോണ്‍ഫറന്‍സ്‌ സമാപിച്ചു

ജോര്‍ജ്‌ തുമ്പയില്‍ Published on 12 July, 2011
ആത്മീയ പുണ്യസ്‌മൃതികളോടെ ഭദ്രാസന കോണ്‍ഫറന്‍സ്‌ സമാപിച്ചു
കെര്‍ഹോണ്‍സ്‌കണ്‍ (ന്യൂയോര്‍ക്ക്‌): ആത്മീയതയ്‌ക്ക്‌ അര്‍ത്ഥം നല്‍കിയ നാല്‌ ദിനങ്ങള്‍ സമ്മാനിച്ച പുണ്യസ്‌മൃതികളോടെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്‌ പരിസമാപ്‌തിയായി.

ശനിയാഴ്‌ച രാവിലെ ആറുമണിക്ക്‌ തുടങ്ങിയ നമസ്‌കാരങ്ങള്‍ക്കുശേഷം 7.15-ന്‌ കുര്‍ബാന ആരംഭിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക്‌ ഡോ. സക്കറിയാ മാര്‍ അപ്രേം മെത്രാപ്പോലീത്ത, സക്കറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത എന്നിവര്‍ക്കും ഭദ്രാസനത്തിലെ കോര്‍എപ്പിസ്‌കോപ്പമാര്‍, വൈദീകര്‍, ശെമ്മാശന്മാര്‍ എന്നിവരും സഹകാര്‍മികരായി. മാര്‍ അപ്രേം മെത്രാപ്പോലീത്ത കുര്‍ബാന മധ്യേ വചനശുശ്രൂഷ നല്‍കി. വി. യോഹന്നാന്റെ സുവിശേഷം 20: 19-29 വരെയുള്ള വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ്‌ മാര്‍ അപ്രേം സംസാരിച്ചത്‌. മനുഷ്യന്റെ ബുദ്ധിമുട്ടിന്റേയും കഷ്‌ടപ്പാടിന്റേയും മദ്ധ്യത്തിലും എങ്ങനെ നാം അവയെ നോക്കിക്കാണുന്നു എന്നതാണ്‌ പ്രധാനം. കര്‍ത്താവിന്റെ ആണിപ്പാടുകളില്‍ സ്‌പര്‍ശിച്ച്‌ മാത്രം തൃപ്‌തനായ സംശയാലുവായ തോമാശ്ശീഹായുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രേഷ്‌ഠമായ മാനങ്ങള്‍ മാര്‍ അപ്രേം പ്രസംഗിച്ചു. സാധാരണ മനുഷ്യര്‍ക്ക്‌ കാണാന്‍ പറ്റാത്തത്‌ തോമാശ്ശീഹാ കണ്ടു. പുനര്‍ജന്മത്തിന്റെ ശക്തി അദ്ദേഹം ദര്‍ശിച്ചു. യേശുക്രിസ്‌തുവിന്റെ പുനരുദ്ധാനത്തിന്റെ ശക്തി അറിയണമെങ്കില്‍ മനുഷ്യന്‍ ചില കഷ്‌ടപ്പാടുകളില്‍ക്കൂടി കടന്നുപോകേണ്ടിയിരിക്കുന്നു.

കുര്‍ബാനയ്‌ക്കുശേഷം ജനറല്‍ സെക്രട്ടറി ആശാ തോമസ്‌ നന്ദി പ്രകാശിപ്പിച്ചു. കോര്‍ഡിനേറ്റര്‍ ഫാ. എം.കെ. കുര്യാക്കോസും ആശയോടൊപ്പം ചേര്‍ന്നു.

പിന്നീട്‌ കോണ്‍ഫറന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ്‌ നടന്നു. ട്രഷറര്‍ പോള്‍ സി. മത്തായി സ്‌പോണ്‍സര്‍ ചെയ്‌ത 3 ഔണ്‍സ്‌ സ്വര്‍ണ്ണ സമ്മാനം ലഭിച്ചത്‌ ബ്രോങ്ക്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകയിലെ മൂന്നുവയസ്സുകാരിയായ മല്ലിക ചാക്കോയ്‌ക്കാണ്‌.

തുടര്‍ന്ന്‌ ഭദ്രാസന മെത്രാപ്പോലീത്തയുടെ ഊഴമായിരുന്നു. ഇവിടേയും തന്റെ മുന്‍ഗാമിയും ഗുരുവുമായ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തയെ ബഹുമാനപുരസരം സ്‌മരിച്ചുകൊണ്ടാണ്‌ മാര്‍ നിക്കളാവോസ്‌ തന്റെ കൃതജ്ഞതാ പ്രസംഗം ആരംഭിച്ചത്‌. കോണ്‍ഫറന്‍സിന്റെ നിലവാരം ഓരോ വര്‍ഷവും ഉയര്‍ന്നുവരുന്നതില്‍ മാര്‍ നിക്കളാവോസ്‌ തികഞ്ഞ സംതൃപ്‌തി രേഖപ്പെടുത്തി. എങ്കിലും കൂടുതല്‍ യുവജനപങ്കാളിത്തം ഉറപ്പാക്കാന്‍ കോണ്‍ഫറന്‍സിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട്‌ അറിയിക്കുമെന്നും മാര്‍ നിക്കളാവോസ്‌ സൂചിപ്പിച്ചു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

അവരവരുടെ ഇടവകയിലേക്ക്‌ മടങ്ങിപ്പോയ ഓരോരുത്തരുടേയും മുഖത്ത്‌ സംതൃപ്‌തിയുടെ കിരണങ്ങള്‍ ദൃശ്യമായിരുന്നു.
ആത്മീയ പുണ്യസ്‌മൃതികളോടെ ഭദ്രാസന കോണ്‍ഫറന്‍സ്‌ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക