Image

കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌ യോങ്കേഴ്‌സില്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2011
കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌ യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക്‌: കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോംസിന്റെ കീഴിലുള്ള കൈരളി ഹോംസിന്റ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ഒരു വിശദീകരണ യോഗവും, സ്ലൈഡ്‌ ഷോയും 2011 ജൂലൈ 30-ന്‌ ശനിയാഴ്‌ച രാവിലെ പത്തുമണിക്ക്‌ 54, യോങ്കേഴ്‌സ്‌ ടെറസിലുള്ള ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ നടത്തുന്നു. ഏബ്രഹാം മാത്യു (തങ്കച്ചന്‍) ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

ഡാളസിലെ റോയ്‌ സിറ്റിയിലുള്ള എഫ്‌.എം. റോഡിലാണ്‌ കേരള ക്രിസ്‌ത്യന്‍ അഡള്‍ട്ട്‌ ഹോം എന്ന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കൈരളി ഹോംസ്‌ എന്ന ഭവന പദ്ധതി ആരംഭിക്കുന്നത്‌. 432 ഏക്കര്‍ വിസ്‌തൃതിയിലുള്ള സ്ഥലത്ത്‌ 600 വീടുകള്‍ നിര്‍മ്മിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. അതിന്റെ ആദ്യഘട്ടത്തില്‍ 38 വീടുകള്‍ നിര്‍മ്മിക്കുമെന്ന്‌ ഇതിന്റെ മുഖ്യശില്‍പിയും, ഈ പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ വെരി റവ. ഫാ. ഗീവര്‍ഗീസ്‌ പുത്തൂര്‍കുടിലിലും, കെ.സി.എ.എച്ച്‌ സെക്രട്ടറിയും, കൈരളി ഹോംസിന്റെ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ ചെയര്‍മാനുംകൂടിയായ ഡോ. ഏബ്രഹാം വര്‍ഗീസും പറഞ്ഞു.

അഞ്ച്‌ വ്യത്യസ്‌ത പ്ലാനുകളിലായി രണ്ടു മുതല്‍ നാല്‌ ബെഡ്‌റൂമുകള്‍ വീതമുള്ള വീടുകളായിരിക്കും നിര്‍മ്മിക്കുക. 1527 മുതല്‍ 2900 ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന 38 വീടുകളുടെ നിര്‍മ്മാണം 2012 മെയ്‌മാസത്തോടെ പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കാന്‍ ലക്ഷ്യമിടുന്ന മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, ഒരു കൊച്ചു കേരളം റോയ്‌ സിറ്റിയില്‍ പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ ഇത്തരമൊരു നൂതന പദ്ധതിക്ക്‌ രൂപംകൊടുത്തിരിക്കുന്നത്‌. ഡാളസിലെ ഏറ്റവും ശാന്തമായ പ്രദേശമായ റോയ്‌ സിറ്റി താരതമ്യേന ഹ്യുമിഡിറ്റി കുറഞ്ഞ സ്ഥലമാണ്‌. അതേസമയം എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്‌. 15 മൈല്‍ ചുറ്റളവില്‍ പ്രധാന ആശുപത്രികളും, 48 മൈല്‍ ചുറ്റളവില്‍ വിമാനത്താവളവുമുണ്ട്‌. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന റോയ്‌ സിറ്റിയില്‍ സ്റ്റേറ്റ്‌ ടാക്‌സ്‌ നല്‍കേണ്ടതില്ല എന്നതും മറ്റൊരു സവിശേഷതയാണ്‌.

1970-കളുടെ അവസാനവും, 80-കളിലും അമേരിക്കയില്‍ എത്തിയവരായ മലയാളികളില്‍ ഭൂരിഭാഗവും ജന്മനാട്ടില്‍ തിരിച്ചുപോയി വിശ്രമജീവിതം നയിക്കാമെന്ന്‌ കരുതിയിരുന്നവരാണ്‌. എന്നാല്‍ ജന്മനാട്ടിലെ പണപ്പെരുപ്പവും, വിലക്കയറ്റവും, ഹര്‍ത്താലും, ക്രൈംവര്‍ധനവും എല്ലാം കണക്കിലെടുക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ സാധരാണക്കാര്‍ക്ക്‌ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുവാന്‍ കഴിയുമെന്ന്‌ ഇതിന്റെ മുഖ്യസംഘടാകനായ പുത്തുര്‍കുടിലിലച്ചന്‍ പറഞ്ഞു.

ടെന്നീസ്‌ കോര്‍ട്ട്‌, ക്ലബ്‌ ഹൗസ്‌, ലെയ്‌ക്‌, ചാപ്പല്‍, ഹെല്‍ത്ത്‌ ക്ലബ്‌, ഗിഫ്‌റ്റ്‌ ഷോപ്പ്‌, പൊതു സ്വിമ്മിംഗ്‌ പൂള്‍ തുടങ്ങിയ നിരവധി ആധുനിക സൗകര്യങ്ങളോടുകൂടിയാണ്‌ ഈ ഭവനപദ്ധതി വിഭാവനം ചെയ്യുന്നത്‌.

യോഗത്തില്‍ പദ്ധതിയുടെ സവിശേഷതകളെക്കുറിച്ചും മറ്റും ചെയര്‍മാന്‍ ഡോ. ഏബ്രഹാം വര്‍ഗീസ്‌ വിശദീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ഡോ. ഏബ്രഹാം വര്‍ഗീസ്‌ (845 553 0879), രാജു ഏബ്രഹാം (718 413 8113), തോമസ്‌ എം. തോമസ്‌ (201 289 7256).
കൈരളി ഹോംസിന്റെ സെയില്‍സ്‌ മീറ്റിംഗ്‌ യോങ്കേഴ്‌സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക