Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ദുക്‌റാന തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 13 July, 2011
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ദുക്‌റാന തിരുനാള്‍
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലന്‍ വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടും, വര്‍ണ്ണശബളമായ വിവിധ കലാപരിപാടികളോടുംകൂടി ആഘോഷിച്ചു.

ജൂണ്‍ 26-ന്‌ ഞായറാഴ്‌ച വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാളിന്‌ തുടക്കംകുറിച്ചു. ജൂണ്‍ 27 മുതല്‍ 30 വരെ തീയതികളില്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരുന്നു.

ജൂലൈ 1-ന്‌ വെള്ളിയാഴ്‌ച വിശുദ്ധ കര്‍മ്മാദികളോടും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടുംകൂടി സീറോ മലബാര്‍ നൈറ്റും, അതോടുകൂടി ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടേയും, അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു.

ജൂലൈ 2-ന്‌ ശനിയാഴ്‌ച വിശുദ്ധ തിരുകര്‍മ്മങ്ങളോടും വിവിധ കലാപരിപാടികളോടുംകൂടി തിരുനാള്‍ നൈറ്റ്‌ അരങ്ങേറി. പ്രസിദ്ധ സിനിമാ പിന്നണി ഗായകന്‍ ജി. വേണുഗോപാലും, ഗായത്രിയും നേതൃത്വം നല്‍കിയ ഗാനമേളയായിരുന്നു കലാപരിപാടികളിലെ മുഖ്യ ഇനം.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 3-ന്‌ ഞായറാഴ്‌ച നാലുമണിക്ക്‌ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികനായിരുന്നു. വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരില്‍ എന്നിവര്‍ക്ക്‌ പുറമെ 16-ലധികം ബഹുമാനപ്പെട്ട വൈദീകരും സഹകാര്‍മ്മികരായിരുന്നു. ഫാ. സെബാസ്റ്റ്യന്‍ മുണ്ടയ്‌ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കി.

തുടര്‍ന്ന്‌ പമ്പരാഗത കേരളത്തനിമയില്‍ നിരവധി വിശുദ്ധരുടെ തിരുസ്വരൂപങ്ങളും തോളില്‍വെച്ചുകൊണ്ട്‌, ചെണ്ട, വാദ്യമേളങ്ങള്‍, നൂറുകണക്കിന്‌ വര്‍ണ്ണപ്പകിട്ടാര്‍ന്ന മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ കേരളീയ വസ്‌ത്രങ്ങളണിഞ്ഞ അയ്യായിരത്തിലധികം വരുന്ന മലയാളി വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി ഒരുമൈല്‍ ദൂരം വരുന്ന നഗരവീഥിയിലൂടെ, ഫ്‌ളാഷ്‌ ലൈറ്റുകളിട്ട പോലീസ്‌ വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം, തങ്ങളുടെ നാട്ടിന്‍പുറങ്ങളിലെ ദേവാലയങ്ങളില്‍ നടന്നിരുന്ന തിരുനാള്‍ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂര്‍വ്വകാല സ്‌മരണകള്‍ ജനിപ്പിക്കുന്ന ഒന്നായിരുന്നു. റോഡിന്‌ ഇരുവശങ്ങളിലും നിന്നിരുന്ന തദ്ദേശവാസികള്‍ക്ക്‌ ഇതൊരു വ്യത്യസ്‌ത അനുഭവമായിരുന്നു.

തുടര്‍ന്ന്‌ നടന്ന നേര്‍ച്ച-കാഴ്‌ച സമര്‍പ്പണത്തിനും, അടിമ സമര്‍പ്പണത്തിനും, വി. തോമാശ്ശീഹായുടെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനുംവേണ്ടി വിശ്വാസികളുടെ നീണ്ട നിര ദൃശ്യമായിരുന്നു.

മൂവാറ്റുപഴ ചാമക്കാലാ കുടുംബാംഗമായ ജോസ്‌ -സൂസന്‍ ദമ്പതികളാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌. ഇവരുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹവിരുന്നിനും തുര്‍ന്ന്‌ നടന്ന വര്‍ണ്ണാഭമായ കരിമരുന്ന്‌ കലാപ്രകടനത്തിനുശേഷം, കേരളത്തിനു വെളിയില്‍, പ്രവാസി മലയാളി ക്രിസ്‌ത്യാനികളുടെ ഇടയില്‍ നടക്കുന്ന ഏറ്റവും വലിയ തിരുനാള്‍ ആഘോഷം സമാപിച്ചു.

അഭിവന്ദ്യ അങ്ങാടിയത്തു പിതാവിന്‌ പുറമെ, താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയൂസ്‌ മരിയാ പോള്‍ ഇഞ്ചാനിയില്‍, വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരില്‍, ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍, റവ.ഡോ ബ്രിട്ടോ ബര്‍ക്കുമാന്‍സ്‌, ഫാ. ജോസഫ്‌ മുട്ടത്ത്‌, റവ.ഡോ. മാത്യു ചാലില്‍, ഫാ. റ്റോം പന്നലക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടയ്‌ക്കല്‍, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, റവ.ഡോ. ജോണ്‍ കുടയിരുപ്പില്‍, ഫാ. മാര്‍ട്ടിന്‍ കാളാപറമ്പില്‍, ഫാ. ജോര്‍ജ്‌ നങ്ങച്ചിവീട്ടില്‍, ഫാ. ജോര്‍ജ്‌ മംഗലപ്പള്ളില്‍, ഫാ. സ്റ്റീവന്‍ കച്ചിറമറ്റത്തില്‍, ഫാ. മാത്യു ഇളയടത്തുമഠം, ഫാ. റ്റോം വാത്തോപ്പള്ളി, ഫാ. റോബി ആലഞ്ചേരി, ഫാ. സജീവ്‌, ഫാ. ഡേവിസ്‌ ഇടശ്ശേരി, ഫാ. സാബു, ഫാ. ജോസഫ്‌ കൈപ്പള്ളി എന്നീ ബഹുമാനപ്പെട്ട വൈദീകരും തിരുനാള്‍ ദിവസങ്ങളില്‍ നടന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ കാര്‍മ്മകരായിരുന്നു.

കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ കത്തീഡ്രല്‍ ഗായകസംഘം ആലപിച്ച ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ വിവിധ ദിനങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്‌സായ ജോസുകുട്ടി നടക്കപ്പാടം, ജോണ്‍ വര്‍ഗീസ്‌ തയ്യില്‍പീഡിക, ചെറിയാന്‍ കിഴക്കേഭാഗം തുടങ്ങിയവരടങ്ങിയ അള്‍ത്താരസംഘം, അള്‍ത്താര ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ റോയി തച്ചില്‍, ജോമോന്‍ ചിറയില്‍, സിറിയക്‌ തട്ടാരേട്ട്‌, ജിബു ജോസഫ്‌, ആന്‍ഡ്രൂസ്‌ പി. തോമസ്‌, കള്‍ച്ചറല്‍ അക്കാഡമി ഭാരവാഹികളായ ഡോ. ജോഷി കുഞ്ചെറിയ, ബിജി മാണി ചാലിക്കോട്ടയില്‍, മോഹന്‍ സെബാസ്റ്റ്യന്‍, പോള്‍സണ്‍ കൈപ്പറമ്പാട്ട്‌, സിനു പാലയ്‌ക്കാത്തടം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, പോള്‍ വാത്തിക്കുളം, ലാലു പാലമറ്റം, ബീന വള്ളിക്കളം, അനില്‍, ജില്‍സി, രാജു പാറയില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വാര്‍ഡുകളിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ ലീഡേഴ്‌സ്‌, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, റിലീജിയസ്‌, മലയാളം സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കുവാന്‍ പ്രവര്‍ത്തിച്ചു.

തിരുനാള്‍ പ്രസുദേന്തി ജോസ്‌ ചാമക്കാലയും കുടുംബവും സ്‌പോണ്‍സര്‍ ചെയ്‌തതും, അയ്യായിരത്തിലധികം വിശ്വാസികള്‍ക്ക്‌ നല്‍കിയതുമായ വിഭവസമൃദ്ധമായ ഭക്ഷണം ക്രമീകരിക്കുവാന്‍ ജോര്‍ജുകുട്ടി തെങ്ങുംമൂട്ടില്‍, റോയി ചാവടി, ജോയി വട്ടത്തില്‍, ജോസഫ്‌ ഐക്കര, ജോര്‍ജ്‌ അമ്പാട്ട്‌, ജോസ്‌ പവ്വത്തില്‍, കുഞ്ഞമ്മ വിജയന്‍ കടമപ്പുഴ, സാലിച്ചന്‍ (ജോസ്‌ ജോര്‍ജ്‌) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കേരളത്തനിമയില്‍ പത്തുമില്യന്‍ ഡോളര്‍ മുടക്കി നിര്‍മ്മിച്ച മനോഹരമായ കത്തീഡ്രല്‍ ദേവാലയം, കേരളത്തില്‍ നിന്നും പ്രത്യേകം കൊണ്ടുവന്ന ദീപാലങ്കാരം കൊണ്ടും, മറ്റും മോടിപിടിപ്പിക്കുവാന്‍ നേതൃത്വം നല്‍കിയ ജോണ്‍ കൂള, അനിയന്‍കുഞ്ഞ്‌ വള്ളിക്കളം, ജോ വെളിയത്തുമാലി, ജില്‍സ്‌ ജോര്‍ജ്‌ എന്നിവരും മറ്റ്‌ സി.വൈ.എം പ്രവര്‍ത്തകരും ഏവരുടേയും പ്രശംസയേറ്റുവാങ്ങി. മരിയാ ഡിജിറ്റല്‍ (224 381 8506) ഫോട്ടോഗ്രാഫിയും, ബിജു സഖറിയ വീഡിയോയും കൈകാര്യം ചെയ്‌തു.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ദുക്‌റാന തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക