Image

കിംങും കമ്മീഷണറും ഒരുമിച്ചെത്തുന്നു

Published on 14 July, 2011
കിംങും കമ്മീഷണറും ഒരുമിച്ചെത്തുന്നു
കാലങ്ങള്‍ക്ക്‌ ശേഷം കിംങും കമ്മീഷണറും ഒരുമിച്ചെത്തുകയാണ്‌ മലയാള സിനിമയിലേക്ക്‌. ഒരു കാലത്ത്‌ മലയാള സിനിമയെ പ്രകമ്പനം കൊള്ളിച്ച രണ്ട്‌ കഥാപാത്രങ്ങള്‍. കാലങ്ങള്‍ക്കിപ്പുറം അവര്‍ ഒരുമിച്ച്‌ വീണ്ടുമെത്തുന്നു. കിംങും കമ്മീഷണറും ഒരുമിക്കുമ്പോള്‍ മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒന്നിക്കുന്നു എന്നത്‌ തന്നെയാണ്‌ ഹൈലൈറ്റ്‌. ഒപ്പം മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ്‌ കൂട്ടുകെട്ടായ ഷാജി കൈലാസ്‌ - രഞ്‌ജി പണിക്കര്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും. ആഗസ്റ്റ്‌ 31ന്‌ ഈ ചിത്രം തീയേറ്ററുകളിലെത്തും.

1994ലാണ്‌ സുരേഷ്‌ഗോപി നായകനായ കമ്മീഷണര്‍ എന്ന ചിത്രം റിലീസിനെത്തുന്നത്‌. ഷാജി കൈലാസിനെ മലയാള സിനിമയുടെ ഹിറ്റ്‌മേക്കറാക്കിയ ചിത്രം. രഞ്‌ജി പണിക്കരെ മുന്‍നിര തിരക്കഥാകൃത്താക്കിയ ചിത്രം. ഒപ്പം സുരേഷ്‌ഗോപി എന്ന സൂപ്പര്‍താരത്തെ മലയാള സിനിമക്ക്‌ സമ്മാനിച്ച ചിത്രം. ഭരത്‌ചന്ദ്രന്‍ ഐ.പി.എസ്‌ എന്ന കഥാപാത്രം മലയാള സിനിമയുടെ ചരിത്രം തന്നെയായിരുന്നു. കേരളത്തിലെ തീയേറ്ററുകളില്‍ ഭരത്‌ചന്ദ്രന്‍ ഒരു പ്രകമ്പനം തന്നെയാകുകയായിരുന്നു. എന്നാല്‍ ഏറ്റവും കൗതുകകരമായ സംഗതി കമ്മീഷണര്‍ തെലുങ്ക്‌ സിനിമയിലും വന്‍ ഹിറ്റായി മാറി എന്നതായിരുന്നു. മലയാളത്തില്‍ കമ്മീഷണര്‍ ഹിറ്റായതോടെ പോലീസ്‌ കമ്മീഷണര്‍ എന്നപേരില്‍ മൊഴിമാറ്റി ആന്ധ്രയില്‍ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചു. 200 ദിവസങ്ങളാണ്‌ അന്ന്‌ തെലുങ്കില്‍ പോലീസ്‌ കമ്മീഷണര്‍ ഓടിയത്‌. ഒപ്പമിറങ്ങിയ ചിരംഞ്‌ജീവി ചിത്രത്തേക്കാള്‍ കളക്ഷന്‍ നേടിയാണ്‌ ഈ സുരേഷ്‌ഗോപി ചിത്രം ആന്ധ്രയില്‍ ശക്തിയറിച്ചത്‌.

കമ്മീഷണറിലൂടെ ഷാജി കൈലാസും രഞ്‌ജി പണിക്കരും ഏറെ ശ്രദ്ധ നേടിയപ്പോഴാണ്‌ തൊട്ടടുത്ത വര്‍ഷം മമ്മൂട്ടിയെ നായകനാക്കി ഇരുവരും ചിത്രമൊരുക്കിയത്‌. ഇത്തവണ കിംങ്‌ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ എക്കാലത്തെയും കരുത്തുറ്റ കഥാപാത്രമായ തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്‌സിനെ ഇരുവരും ചേര്‍ന്ന്‌ സൃഷ്‌ടിച്ചു. കിംങും കിംങിലെ ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസിലെ ഓര്‍മ്മകളാണ്‌. മമ്മൂട്ടിയെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക്‌ ഓടിയെത്തുന്ന ഡയലോഗുകള്‍ പോലും കിംങിലേതാണ്‌.

ഇന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കിംങിനെയും കമ്മീഷണറെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ രഞ്‌ജി പണിക്കര്‍ തന്നെയാണ്‌ തുടങ്ങിവെച്ചത്‌. എന്നാല്‍ മമ്മൂട്ടിയും സുരേഷ്‌ ഗോപിയും തമ്മിലുള്ള ശീതസമരം ഇതിന്‌ തടസമായി. പഴശ്ശിരാജയിലേക്ക്‌ ഇടച്ചേന കുങ്കന്‍ എന്ന കഥാപാത്രമാവാന്‍ ഹരിഹരന്‍ നിര്‍ബന്ധിച്ചിട്ടും മമ്മൂട്ടിക്കൊപ്പം ഒരു സിനിമ വേണ്ടെന്നു തീരുമാനിച്ചതിനാല്‍ സുരേഷ്‌ഗോപി ഒഴിവാകുകയായിരുന്നു. സുരേഷ്‌ഗോപി അഭിനയിക്കാന്‍ വിസമ്മതം പറഞ്ഞതോടെ പൃഥ്വിരാജിനെ ഭരത്‌ചന്ദ്രന്‍ ഐ.പി.എസ്‌ എന്ന റോളിലേക്ക്‌ പരിഗണിച്ചുകൊണ്ട്‌ അണിയറ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയിരുന്നു. എന്നാല്‍ തേവള്ളി പറമ്പില്‍ ജോസഫ്‌ അലക്‌സും, ഭരത്‌ചന്ദ്രനും ഒന്നിക്കുമ്പോള്‍ അത്‌ മമ്മൂട്ടിയും, സുരേഷ്‌ഗോപിയും വേണമെന്ന തീരുമാനത്തില്‍ ഈ സിനിമക്കായി രഞ്‌ജി പണിക്കര്‍ വീണ്ടും സുരേഷ്‌ ഗോപിയെ സമീപിക്കുകയായിരുന്നു. അവസാനം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സുരേഷ്‌ഗോപി സമ്മതം പറഞ്ഞതോടെ കിംങും കമ്മീഷണറും യഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ ആറുമാസത്തോളമായി സിനിമകളെല്ലാം ഒഴിവാക്കിയാണ്‌ സുരേഷ്‌ഗോപി കിംങ്‌ ആന്‍ഡ്‌ കമ്മീഷണറിന്‌ വേണ്ടി തയാറെടുത്തുകൊണ്ടിരുന്നത്‌.

പഞ്ച്‌ ഡയലോഗുകള്‍, തീപ്പൊരി ആക്ഷന്‍ രംഗങ്ങള്‍, രാഷ്‌ട്രീയ അന്തര്‍നാടകങ്ങളുടെ തുറന്നുകാട്ടല്‍...ഇതൊക്കെ തന്നെയാണ്‌ ഇത്തവണയും ഷാജി കൈലാസ്‌ - രഞ്‌ജി പണിക്കര്‍ കൂട്ടുകെട്ടിന്റെ ഹൈലൈറ്റ്‌. ഇവരില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും ഇതു തന്നെ. ദില്ലിയാണ്‌ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയും സുരേഷ്‌ ഗോപിയുമടങ്ങുന്ന ടീം ഇപ്പോള്‍ ദില്ലിയിലെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയാണ്‌.

ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ ഷാജി കൈലാസ്‌ സംസാരിക്കുന്നു....

ഒന്നര പതിറ്റാണ്ടിന്‌ ശേഷം കിംങും കമ്മീഷണറും വീണ്ടുമെത്തുമ്പോള്‍ കാലത്തിന്റേതായ മാറ്റങ്ങള്‍ തീര്‍ച്ചയായും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കിംങിലെ തേവള്ളപ്പറമ്പില്‍ ജോസഫ്‌ അലക്‌സ്‌ എന്ന കഥാപാത്രവും കമ്മീഷണറിലെ ഭരത്‌ചന്ദ്രന്‍ എന്ന കഥാപാത്രവും ഇപ്പോള്‍ ദില്ലിയില്‍ സെന്‍ട്രല്‍ പോലീസിംഗ്‌ ഏജന്‍സികളിലാണ്‌. ദേശസുരക്ഷയെ സംബന്ധിക്കുന്ന നമ്മുടെ പ്രശ്‌നങ്ങളാണ്‌ ഈ ചിത്രത്തിന്‌ പ്രമേയമാകുന്നത്‌. ഇവിടെ ജോസഫ്‌ അലക്‌സും, ഭരത്‌ചന്ദ്രനും എങ്ങനെ ഇടപെടുന്നു എന്നതാണ്‌ ചിത്രത്തിന്റെ കഥ.

ഒപ്പം പ്രേക്ഷകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്ന തരത്തില്‍ മമ്മൂട്ടിയുടെയും സുരേഷ്‌ഗോപിയുടെയും താരമൂല്യവും നന്നായി ഉപയോഗിച്ചിരിക്കുന്നു. പഞ്ച്‌ ഡയലോഗുകളും നേരിട്ടുള്ള സംഘടനങ്ങളുമൊക്കെയുണ്ടാവും ഇവിടെ.

കിംങ്‌ എന്ന സിനിമയുടെയോ, കമ്മീഷണര്‍ എന്ന സിനിമയുടെയോ തുടര്‍ച്ചയായിട്ടല്ല ഈ സിനിമ. മലയാള സിനിമയിലെ ഏറ്റവും പ്രസക്തമായ രണ്ട്‌ കഥാപാത്രങ്ങളെ പുതിയൊരു കഥയിലേക്ക്‌ കൊണ്ടുവരുകയാണ്‌ എന്ന്‌ വേണമെങ്കില്‍ പറയാം. ജോസഫ്‌ അലക്‌സും, ഭരത്‌ചന്ദ്രനും എക്കാലവും ഓര്‍മ്മിക്കപ്പെടുന്നവരാണ്‌ എന്നത്‌ തന്നെയാണ്‌ ഹൈലൈറ്റ്‌.

താങ്കളുടെ കഴിഞ്ഞ രണ്ട്‌ ചിത്രങ്ങള്‍ വന്‍ പരാജയങ്ങളായിരുന്നു?

കഴിഞ്ഞ രണ്ടു ചിത്രങ്ങളും പരാജയങ്ങളായിരുന്നു എന്നത്‌ ഞാനും അംഗീകരിക്കുന്നു. ആ പരാജയങ്ങള്‍ക്ക്‌ പകരം വെക്കാനാവുന്ന ഒരു വിജയമാകണം ഈ ചിത്രം എന്നതാണ്‌ എന്റെ ആഗ്രഹം. എന്റെ ചിത്രങ്ങളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌ ഫയറാണ്‌. തുടക്കകാലത്ത്‌ കോമഡി ചിത്രങ്ങളും ഫാമിലി ചിത്രങ്ങളുമൊക്കെ ഞാന്‍ ചെയ്‌തിട്ടുണ്ട്‌. ഡോക്‌ടര്‍ പശുപതി പോലുള്ള ചിത്രങ്ങള്‍. ഡോക്‌ടര്‍ പശുപതി ഒരു വന്‍ ഹിറ്റുമായിരുന്നു. പക്ഷെ എന്റെ വഴി അതല്ല എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പ്രേക്ഷകര്‍ക്ക്‌ വളരെ ഇഷ്‌ടപ്പെടുന്ന ഫയറാണ്‌ ഞാന്‍ എന്റെ സിനിമകളിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്നത്‌. അതുപോലെ തന്നെ ഞാനും രഞ്‌ജി പണിക്കരും ഒരുമിക്കുമ്പോള്‍ രാഷ്‌ട്രീയ കഥകള്‍ പറയാനാണ്‌ ഞങ്ങള്‍ക്ക്‌ താത്‌പര്യം. എന്തുകൊണ്ടോ സിനിമ ചര്‍ച്ച ചെയ്‌തു വരുമ്പോള്‍ ഞങ്ങള്‍ അവിടെ തന്നെ എത്തിച്ചേരുന്നു.

പക്ഷെ കിംങ്‌ എന്ന സിനിമക്ക്‌ ശേഷം നിങ്ങള്‍ പിന്നീട്‌ ഒരുമിച്ചിട്ടേയില്ലല്ലോ. ഷാജി കൈലാസും, രഞ്‌ജി പണിക്കരും ഇപ്പോള്‍ പതിനഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമല്ലേ ഒരു സിനിമക്കായി ഒരുമിക്കുന്നത്‌?

പലരും പറയുന്നത്‌ പോലെ അത്‌ ഞങ്ങള്‍ക്കിടയിലെ അഭിപ്രായ വിത്യാസങ്ങള്‍ കാരണമായിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. കിംങ്‌ മലയാള സിനിമയെ മെഗാഹിറ്റായിരുന്നു. ഞാനും രഞ്‌ജിയും വീണ്ടും ഒന്നിക്കുമ്പോള്‍ ഇതിലും വലിയൊരു ക്യാന്‍വാസില്‍ ഇതിലും വലിയൊരു സിനിമ ചെയ്യണമെന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. രഞ്‌ജിയും ഞാനും ഒരുമിച്ചാണ്‌ ഈ തീരുമാനമെടുത്തത്‌. പലതുകൊണ്ടും ഞങ്ങള്‍ക്കൊരുമിച്ച്‌ ഒരു സിനിമയൊരുക്കാനുള്ള സാഹചര്യം വൈകിക്കൊണ്ടിരുന്നു. ഇതിനിടയില്‍ ഞാന്‍ മറ്റു സിനിമകളിലേക്ക്‌ പോയി. രഞ്‌ജിക്കും ഹിറ്റുകളുണ്ടായി. അവസാനം നമുക്ക്‌ ചെയ്യാന്‍ കഴിയുന്ന ഒരു കഥയായിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ രഞ്‌ജി തന്നെയാണ്‌ എന്നെ സമീപിച്ചത്‌.

വീണ്ടും രഞ്‌ജിപണിക്കരുടെ തിരക്കഥയില്‍ ഒരു സിനിമ ഒരുക്കുമ്പോള്‍ എന്താണ്‌ പ്രതീക്ഷകള്‍?

ഇന്നത്തെ സാഹചര്യത്തില്‍ പറയേണ്ട ഒരു സിനിമയാണ്‌ രഞ്‌ജി പണിക്കര്‍ എഴുതിയിരിക്കുന്നത്‌. ഏറ്റവും പ്രധാന സംഭവം ഇതൊരു മലയാള സിനിമ മാത്രമായി നില്‍ക്കുന്നില്ല എന്നതാണ്‌. മൊത്തം ഇന്ത്യയുടെ സാഹചര്യങ്ങളാണ്‌ നമ്മളിവിടെ ചിത്രീകരിക്കുന്നത്‌. കേരളത്തിനു പുറത്തേക്കും ഈ ചിത്രത്തിന്‌ വലിയ പ്രസക്തിയുണ്ടാകുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.
കിംങും കമ്മീഷണറും ഒരുമിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക