Image

ഗീവറുഗീസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ 12- ാമത് ഓര്‍മപ്പെരുന്നാളിന് തുടക്കമായി.

ജോര്‍ജ് തുമ്പയില്‍ Published on 18 July, 2011
ഗീവറുഗീസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ 12- ാമത് ഓര്‍മപ്പെരുന്നാളിന് തുടക്കമായി.
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി ഹോളി ട്രിനിറ്റി ആശ്രമ സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന ഗീവറുഗീസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ 12- ാമത് ഓര്‍മപ്പെരുന്നാളിന് 2011 ജൂലൈ 17 ന് തുടക്കമായി. 23 വരെ വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ നടക്കും.

മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ നടക്കുന്ന ഓര്‍മപ്പെരുന്നാള്‍ ശുശ്രൂഷകളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും മുഖ്യകാര്‍മികത്വം വഹിക്കുന്നു.

പെരുന്നാളിന്റെ പ്രധാന ദിനങ്ങളായ 22,23 തീയതികളില്‍ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ ദേവാലയങ്ങളില്‍ നിന്നും തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ ഹോളി ട്രിനിറ്റി ആശ്രമത്തില്‍ എത്തിച്ചേരും.

തിരുവനന്തപുരം ഭദ്രാസനത്തില്‍ നിന്നും കഴിഞ്ഞ 11 വര്‍ഷമായി കബറിങ്കലേക്കു തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്നുണ്ട്. ആയൂര്‍ , ഇടമുളയ്ക്കല്‍ വിഎംഡിഎം സെന്റ്‌റില്‍ 22നു രാവിലെ എട്ടിനു തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പത്തിനു റാന്നിയിലേക്കുള്ള പാവനസ്മരണാറാലി ആരംഭിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിനു റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തില്‍ എത്തിച്ചേരുന്ന പാവന സ്മരണ റാലിയെ വിസിറ്റര്‍ ബിഷപ് പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, സുപ്പീരിയര്‍ റവ.ഫാ.സൈമണ്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ വെരി.റവ.ജോസഫ് സാമുവല്‍ കറുകയില്‍ കോറെപ്പിസ്‌കോപ്പ അനുസ്മരണ സന്ദേശം നല്‍കും. നിലയ്ക്കല്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള പദയാത്ര തീര്‍ത്ഥാടകസംഘങ്ങളും തുടര്‍ന്ന് ആശ്രമത്തില്‍ എത്തിച്ചേരും.

വൈകീട്ട് 5.30ന് പരിശുദ്ധ കാതോലിക്കാ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും ആശ്രമ കവാടത്തില്‍ സ്വീകരണം നല്‍കും. ആറിനു പ.കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌ക്കാരവും തുടര്‍ന്ന് ഫാ.ഷാലു ലൂക്കോസ് വചനശുശ്രൂഷയും നിര്‍വഹിക്കും.

23 ന് രാവിലെ ഏഴിനു പ്രഭാത നമസ്‌ക്കാരവും എട്ടിനു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മിത്വത്തില്‍ . 9.30 ന് മാര്‍ ദീയസ്‌കോറസ് അനുസ്മരണ പ്രഭാഷണം തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. മാര്‍ ദീയസ്‌കോറസ് സ്മാരകമായി എല്ലാവര്‍ഷവും പെരുന്നാളില്‍ ആശ്രമത്തിന്റെ ചുമതലയില്‍ വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഭവനദാനം, വിദ്യാഭ്യാസ സഹായം എന്നിവയാണ് ഇതില്‍ പ്രധാനം. ജാതിമതഭേദമെന്യേ ഏവര്‍ക്കും ഇതിന്റെ സഹായങ്ങള്‍ ലഭിക്കുന്നു. ഇക്കൊല്ലം പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോല്‍ദാനം പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ , എന്‍ഡോവ്‌മെന്റെ വിതരണം എന്നിവ മറ്റു മെത്രാപ്പോലീത്തമാരും നിര്‍വഹിക്കും. കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.

കോഴഞ്ചേരി തേവര്‍വേലില്‍ കുടുംബാംഗമായിരുന്ന മെത്രാപ്പോലീത്ത വൈദികനായിരിക്കുമ്പോഴാണ് 1970-ല്‍ റാന്നിയില്‍ ഹോളി ട്രിനിറ്റി ആശ്രമപ്രസ്ഥാനത്തിനു തുടക്കമിടുന്നത്. അദ്ദേഹത്തിന് ലഭിച്ച പിതൃസ്വത്തില്‍ ആശ്രമപ്രസ്ഥാനം ആരംഭിക്കുകയും സഭയുടെ ശുശ്രൂഷയിലേക്ക് ആളുകളെ വാര്‍ത്തെടുക്കുകയും ചെയ്തു. സാമൂഹ്യ, വിദ്യാഭ്യാസ, ആതുരശുശ്രൂഷ മേഖലകളില്‍ കൈത്താങ്ങ് നല്‍കാനും സഭയുടെ ആത്മീയ പുരോഗതിയില്‍ പങ്കാളിയാകാനും ഇതിലൂടെ കഴിഞ്ഞു. മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ശേഷം തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം അവിടെയും വിവിധങ്ങളായ മേഖലകളില്‍ തന്റെ സംഭാവനകള്‍ നല്‍കി. ശാരീരിക വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മെത്രാപ്പോലീത്ത പ്രത്യേക ശ്രദ്ധ നല്‍കി. രോഗികളെയും പാവപ്പെട്ടവരെയും കരുതുന്നതില്‍ എന്നും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. കേരളത്തിന്റെ തലസ്ഥാനത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അഭിമാനമാകുന്ന തരത്തില്‍ ഭദ്രാസനത്തെ ഉയര്‍ത്തിക്കൊണ്ടുവരാനും സാമൂഹ്യമായ മേഖലകളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ ഉണ്ടാക്കാനും മെത്രാപ്പോലീത്ത ശ്രമിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക