Image

ശശികുമാര്‍ മലയാളത്തില്‍

Published on 19 July, 2011
ശശികുമാര്‍ മലയാളത്തില്‍
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട പേരാണ്‌ എം.ശശികുമാര്‍. സുബ്രമണ്യപുരം എന്ന ഒറ്റ തമിഴ്‌ ചിത്രം കൊണ്ടു തന്നെ തമിഴില്‍ സിനിമയില്‍ വിപ്ലവം സൃഷ്‌ടിച്ച ചെറുപ്പക്കാരന്‍. ആദ്യ സിനിമയായ സുബ്രമണ്യപുരത്തില്‍ തന്നെ തിരക്കഥാകൃത്ത്‌, സംവിധായകന്‍, നിര്‍മ്മാതാവ്‌, അഭിനേതാവ്‌ തുടങ്ങിയ റോളുകളിലെല്ലാം ശശികുമാര്‍ കഴിവു തെളിയിച്ചു. സുബ്രമണ്യപുരം തമിഴ്‌ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി. വെറും മൂന്ന്‌ കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സുബ്രമണ്യപുരം അമ്പത്‌ കോടിയുടെ സാമ്പത്തിക വിജയം നേടിയതാണ്‌ ചരിത്രം.

വെറും കൊമേഴ്‌സ്യല്‍ എന്റര്‍ടെയനിര്‍ കൊണ്ട്‌ നിറഞ്ഞു നിന്ന തമിഴ്‌ സിനിമയില്‍ ഒരു നവതരംഗം കൊണ്ടു വന്ന സംവിധായകനും നടനുമാണ്‌ ശശികുമാര്‍ എന്ന്‌ പറയാം. ശശികുമാറിന്റെ സുബ്രമണ്യപുരം ശരിക്കും ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു വിപ്ലവം തന്നെയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ തമിഴ്‌ സിനിമ ഒരുമാറ്റത്തിന്റെ പാതയിലേക്ക്‌ കടന്നു വന്നു എന്നത്‌ പിന്നീടുള്ള ചരിത്രം.

ഇന്ന്‌ കോളിവുഡ്‌ സിനിമയിലെ മുന്‍നിര സംവിധായകനും നടനുമാണ്‌ ശശികുമാര്‍. അതുകൊണ്ടു തന്നെ ശശികുമാര്‍ ഒരു മലയാള സിനിമയില്‍ നായകനായി എത്തുന്നു എന്നത്‌ കേള്‍ക്കുമ്പോള്‍ ഏറെ പ്രത്യേകതകളുണ്ട്‌. ജോണി ആന്റണി സംവിധാനം ചെയ്യുന്ന മാസ്റ്റേഴ്‌സ്‌ എന്ന ചിത്രത്തിലൂടെയാണ്‌ ശശികുമാര്‍ ആദ്യമായി മലയാള സിനിമയിലേക്ക്‌ എത്തുന്നത്‌.

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്കായി കഴിഞ്ഞ ദിവസം ശശികുമാര്‍ കൊച്ചിയിലെത്തി...

ശശികുമാറുമായി സംസാരിച്ചതില്‍ നിന്ന്‌...

എനിക്ക്‌ മലയാളം അറിയില്ല. പക്ഷെ മലയാള സിനിമയില്‍ ചിലരുമായി നല്ല ബന്ധമാണ്‌. ഏറ്റവും അടുപ്പമുള്ളത്‌ സംവിധായകന്‍ ബ്ലസിയുമായാണ്‌. ബ്ലസി അദ്ദേഹത്തിന്റെ ഒരു മലയാള സിനിമയിലേക്ക്‌ അഭിനയിക്കാന്‍ എന്നെ നേരത്തെ ക്ഷണിച്ചിട്ടുണ്ട്‌. പക്ഷെ പല കാരണങ്ങളാലും അത്‌ നടന്നില്ല. പക്ഷെ ഞാന്‍ രണ്ടാമതായി സംവിധാനം ചെയ്‌ത ഈശന്‍ എന്ന ചിത്രത്തില്‍ ബ്ലസി ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്‌തു.

പിന്നീടാണ്‌ ജോണി ആന്റണി അദ്ദേഹത്തിന്റെ സിനിമക്കായി എന്നെ സമീപിക്കുന്നത്‌. ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോള്‍ തന്നെ ഞാന്‍ മലയാളത്തിലേക്ക്‌ വരാന്‍ സമ്മതിക്കുകയായിരുന്നു.

മലയാള സിനിമകള്‍ കണാറുണ്ടോ?

തീര്‍ച്ചയായും. സിനിമയില്‍ വരുന്നതിന്‌ മുമ്പ്‌ ഞാനും സഹസംവിധായകനായി കുറെക്കാലം ചിലവഴിച്ചിട്ടുണ്ട്‌. അന്നും അതിനു മുമ്പും മലയാള സിനിമകള്‍ ഏറെ ഹരമായിരുന്നു. ഭാഷയുടെ പ്രശ്‌നമേ മലയാള സിനിമകള്‍ കാണുന്നതിന്‌ ഇല്ലായിരുന്നു. പത്മരാജന്റെയും ഭരതന്റെയും സിനിമകളോടായിരുന്നു ഏറ്റവും താത്‌പര്യം. പിന്നീട്‌ ഏറ്റവുമധികം സ്വാധീനിച്ചത്‌ ലോഹിതദാസിന്റെ സിനിമകളായിരുന്നു. ലോഹിതദാസിന്റെ കിരീടം, ചെങ്കോല്‍ എന്നീ സിനിമകള്‍ ഒറ്റ സിനിമയായി തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്യണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കീരീടം തമിഴിലേക്ക്‌ റീമേക്ക്‌ ചെയ്‌തുപോയതുകൊണ്ട്‌ ആ ആഗ്രഹം നടന്നില്ല.

സുബ്രമണ്യപുരം എന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്‌തവരാണ്‌ ഞങ്ങള്‍ മലയാളികളും. സുബ്രമണ്യപുരം കേരളത്തിലും ഹിറ്റായിരുന്നു. ആ സിനിമയിലേക്ക്‌ എത്തിപ്പെട്ടത്‌ എങ്ങനെയായിരുന്നു?

പെട്ടന്ന്‌ ഒരു ദിവസം കൊണ്ട്‌ സാധിച്ച സിനിമയായിരുന്നില്ല സുബ്രമണ്യപുരം. ഒരു നിര്‍മ്മാതാവിനെ പോലും ലഭിച്ചിരുന്നില്ല. പിന്നീട്‌ ഞാന്‍ തന്നെ നിര്‍മ്മാതാവാകുകയായിരുന്നു. ഞങ്ങളുടെ ഒരു കൂട്ടായ്‌മയില്‍ നിന്നും സൃഷ്‌ടിക്കപ്പെട്ട സിനിമയായിരുന്നു സുബ്രമണ്യപുരം. സുബ്രമണ്യപുരം എന്ന സിനിമ ചെയ്യുന്നതിന്‌ മുമ്പ്‌ ഞാന്‍ അമീറിന്റെ (പരുത്തിവിരന്‍ ഫെയിം) സഹസംവിധായകനായിരുന്നു. സുബ്രമണ്യപുരത്തിന്റെ കഥ പലോരടും ചര്‍ച്ച ചെയ്‌തപ്പോള്‍ എല്ലാവരും നിരുല്‍സാഹപ്പെടുത്തുകയാണ്‌ ഉണ്ടായത്‌. എന്നാല്‍ ആ തിരക്കഥ സിനിമയാക്കാന്‍ കഴിയുമെന്ന്‌ എനിക്ക്‌ വിശ്വാസമുണ്ടായിരുന്നു. സുബ്രമണ്യപുരം കേരളത്തിലും ഹിറ്റായിരുന്നു. ഞാനന്ന്‌ കേരളത്തിലേക്ക്‌ പ്രമോഷന്റെ ഭാഗമായി വന്നിട്ടുണ്ട്‌. അതുപോലെ സുബ്രമണ്യപുരത്തിന്റെ തിരക്കഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌.

മാസ്റ്റേഴ്‌സ്‌ എന്ന ചിത്രത്തെക്കുറിച്ച്‌? തമിഴില്‍ പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്‌?

എനിക്ക്‌ മലയാളമറിയില്ല. എന്നാലും ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുക എന്നത്‌ വലിയ അഭിമാനം തന്നെയാണ്‌. ഞാന്‍ മനസിലാക്കിയ ഒരു കേരളത്തിന്റെ ഒരു ആത്മാവുള്ള സിനിമയാണ്‌ മാസ്റ്റേഴ്‌സ്‌ എന്നാണ്‌ തിരക്കഥ കേട്ടപ്പോള്‍ എനിക്ക്‌ തോന്നിയത്‌. എന്തായാലും ഇതൊരു നല്ല ചിത്രം തന്നെയായിരിക്കും.

തമിഴില്‍ പോരാളി എന്ന ചിത്രത്തില്‍ അഭിനയക്കുകയാണ്‌ ഞാനിപ്പോള്‍. ഞാന്‍ നായകനായ നാടോടികള്‍ സംവിധാനം ചെയ്‌ത സമുദ്രക്കനി തന്നെയാണ്‌ പോരാളിയും സംവിധാനം ചെയ്യുന്നത്‌. ഒരുപാട്‌ സിനിമകള്‍ ഒരേ സമയം ചെയ്യുന്ന രീതിയിലല്ല ഞാന്‍ സിനിമയെ സമീപിക്കുന്നത്‌. ഒരു സമയത്ത്‌ ഒരു സിനിമ മാത്രം. മാസ്റ്റേഴ്‌സില്‍ അഭിനയിക്കാന്‍ ആഗസ്റ്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഈ സിനിമക്കൊപ്പം ഉണ്ടാവും.

ശശികുമാറിനൊപ്പം പൃഥ്വിരാജും

ശശികുമാര്‍ നായകനാകുന്നു എന്നതിനൊപ്പം മലയാള സിനിമയുടെ യുവതാരം പൃഥ്വിരാജും മാസ്റ്റേഴ്‌സിലെ നായകനാണ്‌. ശശികുമാറും പൃഥ്വിയും നായകന്‍മാരാകുമ്പോള്‍ ഈ ചിത്രം ഒരു ക്ലീന്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമാകുന്നു. ശ്രീരാമകൃഷ്‌ണന്‍ എന്ന പോലീസ്‌ ഓഫീസറായിട്ടാണ്‌ ഈ ചിത്രത്തില്‍ പൃഥ്വിരാജ്‌ അഭിനയിക്കുന്നു. മിലന്‍പോള്‍ എന്ന പോലീസ്‌ ഓഫീസറായി ശശികുമാര്‍ അഭിനയിക്കുന്നു. ശ്രീരാമകൃഷ്‌ണനും മിലനും ഒരുമിച്ച്‌ പഠിച്ചവരാണ്‌. ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്‌തമായ തലങ്ങളിലേക്ക്‌ എത്തുമ്പോഴും അവര്‍ തമ്മിലുള്ള സൗഹൃദം തുടരുന്നു. പോലീസ്‌ ഓഫീസറും ജേര്‍ണലിസ്റ്റും തമ്മിലുള്ള സൗഹൃദബന്ധത്തിന്റെ കഥകളിലൂടെയാണ്‌ മാസ്റ്റേഴ്‌സ്‌ വികസിക്കുന്നത്‌.

പൃഥ്വിരാജിന്റെ ഒരു ക്ലീന്‍ പോലീസ്‌ ഓഫീസര്‍ കഥാപാത്രം കൂടിയാണ്‌ മാസ്റ്റേഴ്‌സിലേത്‌. മണിരത്‌നത്തിന്റെ രാവണനിലടക്കം പൃഥ്വി അവതരിപ്പിച്ചിട്ടുള്ള ഐ.പി.എസ്‌ കഥാപാത്രങ്ങളുടെ ഒരു പുതിയ മുഖമാണ്‌ മാസ്റ്റേഴ്‌സിലേത്‌.

പിയ ആദ്യമായി മലയാളത്തില്‍

ശശികുമാറും പൃഥ്വിരാജും ഒന്നിക്കുമ്പോള്‍ നായികമാരെക്കൊണ്ടും സമ്പന്നമാണ്‌ മാസ്റ്റേഴ്‌സ്‌, പിയവാജ്‌പേയി, അനന്യ, രമ്യാനമ്പീശന്‍, ഓവിയ എന്നീ നാല്‌ നായികമാരാണ്‌ ചിത്രത്തിലുള്ളത്‌. തമിഴിലെ മുന്‍നിര നായികയായ പിയ വാജ്‌പേയി തന്നെയാണ്‌ ഇതില്‍ ശ്രദ്ധാ കേന്ദ്രം. ഡല്‍ഹി സ്വദേശിയായ പീയ തമിഴ്‌, തെലുങ്ക്‌ സിനിമകളിലെ മുന്‍ നിര നായികയാണ്‌. ഗോവ, കോ എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയുമാണ്‌ പിയ. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി പിയ എത്തുമ്പോള്‍ ശശികുമാറിന്റെ നായികയായി അനന്യ അഭിനയിക്കുന്നു. അനന്യ ഇത്‌ രണ്ടാം തവണയാണ്‌ ശശികുമാറിന്റെ നായികയാവുന്നത്‌. ശശികുമാര്‍ നായകനായ നാടോടികള്‍ എന്ന തമിഴ്‌ ചിത്രത്തിലും അനന്യയായിരുന്നു നായിക.

കോമഡി ചിത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ഹിറ്റുകള്‍ നല്‍കിയിട്ടുള്ള ജോണി ആന്റണിയാണ്‌ മാസ്റ്റേഴ്‌സിന്റെ സംവിധായകന്‍. സി.ഐ.ഡി മൂസ, തുറുപ്പുഗുലാന്‍ തുടങ്ങിയ ജോണി ആന്റണി ചിത്രങ്ങള്‍ കോമഡിയിലാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. എന്നാല്‍ വിനീത്‌ ശ്രീനിവാസന്‍, വിനുമോഹന്‍ എന്നിവരെ നായകന്‍മാരാക്കി ജോണി ആന്റണി ഒരുക്കിയ സൈക്കിള്‍ ഒരു ന്യൂജനറേഷന്‍ സിനിമ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോണി ആന്റണിയുടെ പുതിയ ചുവടുമാറ്റം കൂടിയായിരിക്കും മാസ്റ്റേഴ്‌സ്‌ എന്ന ചിത്രം.
ശശികുമാര്‍ മലയാളത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക