Image

കെ.എച്ച്‌.എന്‍.എ സംഗമത്തിന്‌ കൊടിയിറങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
കെ.എച്ച്‌.എന്‍.എ സംഗമത്തിന്‌ കൊടിയിറങ്ങി
വാഷിംഗ്‌ടണ്‍ ഡി.സി: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ഹിന്ദു സംഗമത്തിന്‌ സത്യാനന്ദ സരസ്വതി നഗറില്‍ (ഹയത്ത്‌ റീജന്‍സി, ക്രിസ്റ്റല്‍സിറ്റി, വിര്‍ജീനിയ) കൊടിയിറങ്ങി. ജൂലൈ ഒന്നുമുതല്‍ നാലുവരെ വിപുലമായ പരിപാടികളോടെ ആഘോഷമായി പര്യവസാനിച്ചു. പ്രസിഡന്റ്‌ എം.ജി. മേനോന്റേയും ചെയര്‍മാന്‍ ഡോ. മുരളീരാജന്റേയും നേതൃത്വത്തില്‍ നാലുദിവസം നീണ്ടുനിന്ന ഈ സംഗമം ഏവരേയും ആനന്ദപുളകിതരാക്കി.

ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി സ്വാമിജിമാരേയും, മറ്റ്‌ നേതാക്കന്മാരേയും സദസിലേക്ക്‌ ആനിയിച്ച്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ സ്വാമി സത്യാനന്ദ സരസ്വതി നഗറില്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി കൊടി കയറ്റിക്കൊണ്ട്‌ ഹിന്ദു മഹാസംഗമത്തിന്‌ തിരശ്ശീല ഉയര്‍ത്തി. സ്വാമി സിദ്ധാനന്ദ, സ്വാമി ഉദിത്‌ ചൈതന്യ, ആചാര്യ വിവേക്‌, ഡോ. ഗോപാലകൃഷ്‌ണന്‍, ശശികല ടീച്ചര്‍, ജെ. ലളിംതാംബിക, ജയരാജ്‌ വാര്യര്‍, കെ.കെ. നമ്പൂതിരി തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.

എല്ലാ ദിവസവും രാവിലെ യോഗ, അതിനുശേഷം അയ്യപ്പ പൂജ, ഭജന എന്നിവയ്‌ക്കുശേഷമായിരുന്നു പരിപാടികള്‍ നടത്തിയിരുന്നത്‌. വിവിധ കലാപരിപാടികള്‍, ആത്മീയ സെമിനാറുകള്‍, ക്ലാസ്സുകള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേക സെമിനാറുകള്‍, കലാമത്സരങ്ങള്‍ തുടങ്ങിയവ ഈ കണ്‍വെന്‍ഷന്റെ പ്രത്യേകതയായിരുന്നു.

ഭരതനാട്യം, കഥകളി, കര്‍ണ്ണാടക സംഗീതം (ശങ്കരന്‍ നമ്പൂതിരി), വിധു പ്രതാപും ശ്വേതാ മോഹനും നയിച്ച ഗാനമേള, രമേഷ്‌ നാരായണന്റെ ഹിന്ദുസ്ഥാനി സംഗീതം എന്നിവ കണ്‍വെന്‍ഷന്‌ കൊഴുപ്പേകി. സദസ്യരെ വളരെയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ജയരാജ്‌ വാര്യരുടെ പ്രകടനം വളരെ മികവുറ്റതായിരുന്നു. കൂടാതെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അതിമനോഹരമായിരുന്നു. ധനജ്ഞയന്‍ ദമ്പതിമാര്‍ അവതരിപ്പിച്ച നൃത്തശില്‍പ്പങ്ങള്‍ സദസിനെ ആനന്ദഭരിതരാക്കി. തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ `കല്യാണസൗഗന്ധികം' കഥകളി വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

ഹിന്ദു സംഗമത്തോടനുബന്ധിച്ച്‌ പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. കൂടാതെ ശ്രീനാരായണ ഗുരുവിന്റെ കൃതികള്‍ ചേര്‍ത്ത്‌ `ഗുരുവന്ദനം' എന്ന പേരില്‍ രമേഷ്‌ നാരായണന്റെ ഓഡിയോ സിഡിയും പ്രകാശനം ചെയ്‌തു.

കാനഡയില്‍ നിന്നും അമേരിക്കയില്‍നിന്നുമായി 1500-ലധികം പേര്‍ പങ്കെടുത്ത ഈ ഹിന്ദു സംഗമം വളരെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഉളവാക്കി. സ്വാമി ചിദാനന്ദപുരി, സ്വാമി ഉദിത്‌ ചൈതന്യ, സ്വാമി ഈശ്വരാനന്ദജി, ഡോ. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ദിനചര്യകളെക്കുറിച്ചും സനാതന ധര്‍മ്മപരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും വിവിധ സെമിനാറുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഏവരേയും ബോധവാന്മാരാക്കി. നാലുദിവസം നീണ്ടുനിന്ന ഈ ഹിന്ദു സംഗമം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും വളരെയേറെ പ്രയോജനകരാമായ അനുഭവമായിരുന്നു. കൂടാതെ കുട്ടികളുടേയും യുവാക്കളുടേയും പ്രവര്‍ത്തനവും സാന്നിധ്യവും പരിപാടികള്‍ക്ക്‌ കൊഴുപ്പേകി. കേരളത്തനിമയിലുള്ള ഭക്ഷണവും വസ്‌ത്രധാരണവും മലയാള ഭാഷയുംകൊണ്ട്‌ സ്വാമി സത്യാനന്ദ സരസ്വതി നഗറിനെ ആത്മീയാന്തരീക്ഷം ഉളവാക്കി ഒരു കൊച്ചു കേരളമാക്കി മാറ്റി.

നാരായണന്‍ കുട്ടപ്പന്റെ തനാതായ ശൈലിയില്‍ നിര്‍മ്മിച്ച സത്യാനന്ദ നഗര്‍ അവിസ്‌മരണീയംതന്നെ. സ്വാമി സത്യാനന്ദ സരസ്വതിയുടെ അതികായ പ്രതിമയും, അതിനു മുമ്പില്‍ നിര്‍മ്മിച്ച കൊടിമരവും, ക്ഷേത്രാങ്കണത്തിന്റെ പ്രതീതിയുളവാക്കിയ സ്റ്റേജ്‌ സംവിധാനവും ആര്‍ക്കും മറക്കാനാവുന്നതല്ല.

ഹിന്ദു സംഗമത്തോടനുബന്ധിച്ച്‌ സംഘടനയുടെ മുന്‍കാല പ്രസിഡന്റുമാരേയും ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍മാരേയും മറ്റ്‌ പ്രമുഖ വ്യക്തികളേയും ഫലകം നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ സ്‌പോണ്‍സര്‍മാരേയും കണ്‍വെന്‍ഷനുവേണ്ടി അഹോരാത്രം പ്രയത്‌നിച്ച ഏവരോടും പ്രസിഡന്റ്‌ എം.ജി. മേനോന്‍ നന്ദി അറിയിച്ചു.

അടുത്ത ഹിന്ദു സംഗമം 2013-ല്‍ ഫ്‌ളോറിഡയില്‍ വെച്ച്‌ നടത്തുവാനും തീരുമാനിച്ചു. പുതിയ പ്രസിഡന്റായി ആനന്ദന്‍ നിരവേലിനെ തെരഞ്ഞെടുത്തു. സതീശന്‍ നായര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
കെ.എച്ച്‌.എന്‍.എ സംഗമത്തിന്‌ കൊടിയിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക