Image

ഫോമയുടെ മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു.

എ.സി.ജോര്‍ജ് Published on 20 July, 2011
ഫോമയുടെ മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു.
ഹ്യൂസ്റ്റന്‍ : മലയാള ഭാഷയേയും ഭാഷാപഠനത്തേയും പ്രോത്സാഹിപ്പിയ്ക്കാനായി ഫോമ-ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്കാസ് ആസൂത്രണം ചെയ്ത "മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ " പദ്ധതിയുടെ ഔപചാരികമായ ഉല്‍ഘാടനം ജൂലൈ 18-ാം തീയതി വൈകുന്നരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍സിലുള്ള സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തി. ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാന്‍ കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് മലയാളിയും ടെക്‌സാസ് സതേണ്‍ യൂണിവേര്‍സിറ്റി ബിസിനസ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടരായ സി.പി.മാത്യൂസ് ഫോമയുടെ ഫൗണ്ടിംഗ് പ്രസിഡന്റായ ശശിധരന്‍ നായരില്‍ നിന്ന് മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ വാങ്ങിക്കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. കാലിഫോര്‍ണിയായില്‍ നിന്നെത്തിയ ഫോമയുടെ നാഷനല്‍ അഡ്വവൈസറി കൗണ്‍സിലിന്റെ സെക്രട്ടറിയും "മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ " പ്രോഗ്രാമിന്റെ ഒരു സംഘാടകനുമായ സാം ഉമ്മന്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാള ഭാഷയെ നാട്ടിലും അമേരിക്കയിലും പരിപോഷിപ്പിക്കാനായി ആവുന്ന ശ്രമങ്ങള്‍ ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും അതിന്റെ ഒരു ഭാഗമായി "ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ " പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ മലയാള ഭാഷാപഠനത്തില്‍ ബിരുദത്തിലും ബിരുദാനന്തര ബിരുദത്തിലും ഏറ്റവും ഉന്നത വിജയം നേടുന്നവര്‍ക്കായി വിതരണം ചെയ്യും. ഫോമാ 2012 ജനുവരി മാസത്തില്‍ കോട്ടയത്ത് വച്ച് നടത്തുന്ന മിനി കണ്‍വന്‍ഷന്‍ കോണ്‍ഫറന്‍സില്‍ വച്ച് ആ പാരിതോഷികങ്ങള്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു.

ഫോമായുടെ ജന്മഗൃഹം എന്നു വിശേഷിപ്പിക്കാവുന്ന ഹ്യൂസ്റ്റനിലെ സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തില്‍ ഫോമയുടെ ആരംഭകാല ഭാരവാഹികള്‍ ഫോമയുടെ മലയാള ഭാഷാപോഷക പദ്ധതിയെ പിന്‍തുണയ്ക്കാനെത്തിയിരുന്നു. ആധുനികതയുടേയും ആഗോളവല്‍ക്കരണത്തിന്റേയും കുത്തൊഴുക്കില്‍ മലയാളഭാഷ ഒലിച്ചു പോയികൊണ്ടിരിക്കുന്ന ഒരു ദുരവസ്ഥയോര്‍ത്ത് ആശംസാപ്രസംഗകരില്‍ ഭൂരിഭാഗവും പരിതപിച്ചു. ആകാവുന്ന വേദികളിലും കുടുംബങ്ങളിലും മാതൃഭാഷയായ മലയാളത്തെ പ്രോത്സാഹിപ്പിയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങളെ ഫോമാ ആവിഷ്‌കരിക്കുമെന്നും അവ നടപ്പിലാക്കുമെന്നും ഫോമാ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കി. മലയാളികളുടെ ഇടയില്‍ സ്വദേശത്തും വിദേശത്തും ദിനംതോറും ക്ഷയിച്ചു കൊണ്ടരിക്കുന്ന മലയാള ഭാഷയെ സമുദ്ധരിയ്ക്കാനും നിലനിര്‍ത്താനുമായി പല നിര്‍ദേശങ്ങളും ആശംസാപ്രസംഗകരില്‍ നിന്നുണ്ടായി. മലയാള പ്രസിദ്ധീകരണങ്ങള്‍ കൂടുതലായി വായിക്കുക. ഭാഷാപരിശീലനം സ്വന്തം കുടുംബത്തില്‍ നിന്ന് മക്കളില്‍ നിന്നു തന്നെ തുടങ്ങുക. പരസ്പരം മലയാളത്തില്‍ സംഭാഷണം ചെയ്യുന്നത് ഒരു കുറച്ചിലായി കരുതാതെ അതിനെ പ്രോത്സാഹിപ്പിക്കുക. അറിവും മൂല്യബോധവും നല്‍കുന്ന മലയാള സിനിമാ-ടി.വി. പരിപാടികള്‍ കാണുക തുടങ്ങിയവയൊക്കെ ചില നിര്‍ദേശങ്ങളായിരുന്നു. സാമൂഹിക- സാംസ്‌ക്കാരിക പ്രവര്‍ത്തകരുള്‍പ്പെടെ ധാരാളം പേര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഫോമയുടെ നൂതന പദ്ധതിയായ "ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ "പ്രോഗ്രാമിലേയ്ക്ക് സന്നിഹിതരായവരില്‍ നിന്ന് നല്ലൊരു തുക സമാഹരിച്ചു. കെന്‍ മാത്യൂ, ശശിധരന്‍ നായര്‍ ബേബി മണകുന്നേല്‍ ആര് ‍.സുഗുണന്‍ , ജോണ്‍ ചാക്കോ, എം.ജി.മാത്യൂ, ജോര്‍ജ് കാക്കനാട്ട്, ജോമോന്‍ കുളപ്പുരക്കല്‍ , എ.സി.ജോര്‍ജ്, ബോസ് കുര്യന്‍ , തോമസ് മാത്യൂ, എസ്.കെ.ചെറിയാന്‍ , ജോണ്‍ വര്‍ഗ്ഗീസ്, രാജന്‍ യോഹന്നാന്‍ , മിസ് ലാലു സക്കറിയാ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ജോയി സാമുവല്‍ , റജി വര്‍ഗ്ഗീസ്, വര്‍ഗീസ് മാത്യൂ, ജോര്‍ജ് തെക്കേമല, മേരി ഉമ്മന്‍ സ്റ്റീവ് ഉമ്മന്‍ , പൊന്നമ്മ നായര്‍ തുടങ്ങിയവര്‍ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ഈ സമീപകാലത്ത് തിരുവനന്തപുരത്ത് ഏതാനും സാമൂഹ്യ വിരുദ്ധരും 
ഗുണ്ടകളും ഏഷ്യാനെറ്റ് ന്യൂസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഏഷ്യാനെറ്റ് ഹ്യൂസ്റ്റണ്‍ മേഖലാ പ്രൊസക്ഷന്‍ സികെര്‍ ജോര്‍ജ് തെക്കേമല അവതരിപ്പിച്ച പ്രതിഷേധ പ്രമേയത്തെ ഏവരും പിന്‍താങ്ങി. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കാനും അത് ജനലക്ഷങ്ങളില്‍ എത്തിയ്ക്കാനും മാധ്യമങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജോര്‍ജ് പറഞ്ഞു. ഭാഷയ്ക്കും സംസ്‌ക്കാരത്തിനും മാധ്യമങ്ങളുടെ സേവനം അനിവാര്യമാണെന്നും പ്രസംഗകര്‍ എല്ലാവരും തന്നെ അഭിപ്രായപ്പെട്ടു. ബാബു സക്കറിയായുടെ നന്ദി പ്രസംഗത്തോടെ യോഗം പര്യവസാനിച്ചു.
ഫോമയുടെ മലയാള ഭാഷയ്ക്ക് ഒരു പിടി ഡോളര്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക