Image

വിചാരവേദിയില്‍ സാഹിത്യചര്‍ച്ച

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
വിചാരവേദിയില്‍ സാഹിത്യചര്‍ച്ച
ഷിക്കാഗോ: ജോസ്‌ ചെരിപുറത്തിന്റെ കവിതകള്‍ ജൂലൈ 17-ന്‌ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കേരള കള്‍ച്ചറല്‍ സെന്ററില്‍ ബാബുക്കുട്ടി ദാനിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു. സാംസി കൊടുമണ്ണിന്റെ സ്വാഗത പ്രസംഗത്തോടെ യോഗം ആരംഭിച്ചു. വാസുദേവ്‌ പുളിക്കല്‍ ജോസ്‌ ചെരിപുറത്തിന്റെ ഏതാനും കവിതകള്‍ വിലയിരുത്തിക്കൊണ്ട്‌ അദ്ദേഹം സമൂഹത്തില്‍ കാണുന്ന അനീതികള്‍ക്കെതിരേ പ്രതികരിക്കുന്ന സാമൂഹ്യപ്രതിബദ്ധതയും ആദര്‍ശശുദ്ധിയുമുള്ള കവിയാണെന്ന്‌ സമര്‍ത്ഥിക്കുന്ന പ്രബന്ധം അവതരിപ്പിച്ചു.

പ്രൊഫസര്‍ ജോയ്‌ കുഞ്ഞാപ്പു കവിതയ്‌ക്കു പൊതുവെ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തെന്നും നവീനമായ ആശയങ്ങളും ആവിഷ്‌കാരവും സൃഷ്‌ടിയുടെ മേന്മ വര്‍ധിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട്‌ ജോസ്‌ ചെരിപുറത്തിന്റെ ചില കവിതകളുടെ സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തി ചൂണ്ടിക്കാട്ടി. എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ജോസ്‌ ചെരിപുറത്തിന്റെ കവിതകള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കുന്നതാണെന്നും കവിതകള്‍ക്ക്‌ വൃത്തഭംഗി ഉണ്ടായിരിക്കണമെന്നും പറയുകയും വിചാരവേദിയുടെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്‌തു. മാതൃസ്‌നേഹത്തിന്റെ മഹത്വം ഉയര്‍ത്തിക്കാണിക്കുന്ന `മാതൃസ്‌നേഹം' ആണ്‌ തനിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട കവിതയെന്നും ഗീതയിലെ ഒരു ശ്ശോകം ഉദ്ധരിച്ചുകൊണ്ട്‌ ജോസ്‌ ചെരിപുറം അലസനാകാതെ കവിതാ രചനയില്‍ മുഴുകണമെന്നും കുന്നപ്പള്ളില്‍ രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കവിതയെഴുതാന്‍ സമയം കണ്ടെത്തുന്നത്‌ അഭിനന്ദനീയമാണെന്നും ജോസ്‌ ചെരിപുറത്തിന്റെ കൂടുതല്‍ കവിതകള്‍ വായിക്കാന്‍ അവസരം ഉണ്ടാകട്ടെയെന്നും വര്‍ഗീസ്‌ ചുങ്കത്തില്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരെ അംഗീകരിക്കുന്നത്‌ വിചാരവേദിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്‌, ആശയത്തിന്റെ പോരായ്‌മ കൊണ്ടല്ല സമൂഹം നന്നാകാത്തത്‌, സാഹിത്യത്തില്‍ പറയാന്‍ ഒന്നുമില്ല, പുതിയ രീതിയില്‍ സംഗതികള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുമ്പോള്‍ അതിന്‌ പുതുമയുണ്ടാകുന്നു, കലാമേന്മയുണ്ടാകുന്നു എന്നൊക്കെ രാജു തോമസ്‌ പറഞ്ഞു. `ലഹരി' എന്ന കവിത വിലയിരുത്തിക്കൊണ്ട്‌ സാംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളില്‍ തകര്‍ന്നുപോകാതെ, സ്വന്തം കഴിവ്‌ വികസിപ്പിച്ചുകൊണ്ട്‌ എഴുത്തുകാര്‍ രചനയില്‍ ഏര്‍പ്പെടണമെന്ന്‌ സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ ഉപയോഗിക്കുന്ന ഭാഷ സഭ്യതയുടെ സീമ കടുന്നുപോകുന്നത്‌ അഭികാമ്യമല്ലെന്ന്‌ ബാബുക്കുട്ടി ദാനിയേല്‍ ഉപസംഹരിച്ചു.

തന്റെ കവിതകള്‍ ചര്‍ച്ചയ്‌ക്കെടുത്തതിന്‌ ജോസ്‌ ചെരിപുറം വിചാരവേദിയോട്‌ നന്ദി രേഖപ്പെടുത്തി. ചെറുപ്പത്തില്‍തന്നെ കവിതാവാസന ഉണ്ടായിരുന്നുവെങ്കിലും കവിത എഴുതുവാന്‍ പ്രചോദനം ലഭിച്ചത്‌ അമ്മയില്‍ നിന്നാണെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു.
വിചാരവേദിയില്‍ സാഹിത്യചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക