Image

`ഗുരുമഹിമ' ഗുരുദേവ കൃതികള്‍ക്ക്‌ രമേശ്‌ നാരായണന്റെ ഗാനാവിഷ്‌കാരം

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
`ഗുരുമഹിമ' ഗുരുദേവ കൃതികള്‍ക്ക്‌ രമേശ്‌ നാരായണന്റെ ഗാനാവിഷ്‌കാരം
വാഷിംഗ്‌ടണ്‍: ശ്രീനാരായണ ഗുരുദേവന്റെ കൃതികളുടെ ഗാനാവിഷ്‌കാരമായ `ഗുരുമഹിമ -വിഷന്‍ ഓഫ്‌ ഗുരുദേവ്‌' പ്രകാശനം ചെയ്‌തു. പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണനാണ്‌ ഗാനാവിഷ്‌കാരം നടത്തിയിരിക്കുന്നത്‌.

ദൈവദശകം, വിനായകാഷ്‌ഠകം, ജാതിനിര്‍ണ്ണയം, ശിവപ്രസാദ പഞ്ചകം, ചിദംബരാഷ്‌ടകം, അസത്യദര്‍ശനം, ജ്ഞാനദര്‍ശനം എന്നീ പ്രധാന ഗുരുദേവ സൃഷ്‌ടികളാണ്‌ `ഗുരുദേവ മഹിമ' എന്ന കാസറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

നാരായണന്‍, അമിത ജയശങ്കര്‍, അമല മോഹന്‍, മാധുരി നാരായണന്‍ എന്നിവരാണ്‌ രമേശ്‌ നാരായണന്‌ പുറമെ ഗുരുദേവ കൃതികള്‍ക്ക്‌ ശബ്‌ദം നല്‍കിയിരിക്കുന്നത്‌. പ്രമുഖ ഹിന്ദുമത പ്രചാരകനും, കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രഥമ ട്രസ്റ്റി ചെയര്‍മാനുമായ ഉദയഭാനു പണിക്കര്‍ ആണ്‌ ഗുരുമഹിമ എന്ന കാസറ്റ്‌ സമര്‍പ്പണം നടത്തിയിരിക്കുന്നത്‌. ശ്രീനാരായണ ഗുരുവുമായി തന്റെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ ഉദയഭാനു പണിക്കര്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുദേവന്റെ നിര്‍ദ്ദേശ പ്രകാരം ശിവഗിരി തീര്‍ത്ഥാടനത്തിന്‌ തുടക്കംകുറിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത അഞ്ചു പേരില്‍ പ്രമുഖനായ എം.കെ. രാഘവന്റെ അനന്തിരവനാണ്‌ ഉദയഭാനു പണിക്കര്‍.

വാഷിംഗ്‌ടണില്‍ നടന്ന ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ.പി. ശശികല ടീച്ചര്‍, കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ എം.ജി. മേനോന്‍ എന്നിവര്‍ക്ക്‌ കോപ്പി നല്‍കി ഉദയഭാനു പണിക്കര്‍ കാസറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു. രമേശ്‌ നാരായണന്‍ സന്നിഹിതനായിരുന്നു.
`ഗുരുമഹിമ' ഗുരുദേവ കൃതികള്‍ക്ക്‌ രമേശ്‌ നാരായണന്റെ ഗാനാവിഷ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക