Image

നോര്‍വേയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ 87 പേര്‍ കൊല്ലപ്പെട്ടു.

Published on 23 July, 2011
നോര്‍വേയില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ 87 പേര്‍ കൊല്ലപ്പെട്ടു.
ഓസ്‌ലോ: നോര്‍വേയില്‍ പോലീസ് വേഷം ധരിച്ചെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവെയ്പില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ഉട്ടോയ ദ്വീപില്‍ ഭരണകക്ഷിയുടെ യുവജന വിഭാഗത്തിന്റെ ക്യാമ്പിലേക്ക് ഇരച്ചുകയറിയാണ് അക്രമി ക്രൂരമായ നരഹത്യ നടത്തിയത്. അക്രമിയെ കീഴ്‌പ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലില്‍ തന്നെ 80 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് പോലീസ് മേധാവി വെളിപ്പെടുത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

തലസ്ഥാനമായ ഓസ്‌ലോയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സമീപമുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ മറവിലാണ് നരവേട്ട അരങ്ങേറിയത്. സ്‌ഫോടനത്തിന് പിന്നിലും വെടിവെയ്പ് നടത്തിയ അക്രമി തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു.വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗിന്റെ ഓഫീസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ പറ്റിയതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രി ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നില്ല. അദ്ദേഹം സുരക്ഷിതനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമീപത്തുണ്ടായിരുന്ന മറ്റ് ഓഫീസുകള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും സ്‌ഫോടനത്തില്‍ കേടുപറ്റിയിട്ടുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധ തിരിച്ചുവിട്ട ശേഷമാണ് 20 മൈല്‍ അകലെ ഉട്ടോയ ദ്വീപില്‍ ഭരണകക്ഷി തന്നെ സംഘടിപ്പിച്ച ക്യാമ്പ് നടക്കുന്ന സ്ഥലത്ത് ആക്രമി വെടിവെയ്പ് നടത്തിയത്. യൂത്ത് വിങ്ങിന്റെ ക്യാമ്പിനെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഉട്ടോയയില്‍ ശനിയാഴ്ച എത്താനിരിക്കുകയായിരുന്നു. അക്രമിയെ പിടകൂടിയെങ്കിലും ഇയാളുടെ പേര് വ്യക്തമാക്കാന്‍ പോലീസ് തയാറായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക