Image

ഒടുവില്‍ സത്യമായ മൂത്രശങ്ക

ജി.കെ. Published on 24 July, 2011
ഒടുവില്‍ സത്യമായ മൂത്രശങ്ക
രണ്‌ടു സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയപ്പോള്‍ മുതല്‍ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാര്‍ പേടിച്ചിരുന്നത്‌ സംഭവിക്കാന്‍ അധികം കാത്തിരിക്കേണ്‌ടിവന്നില്ല. പ്രഖ്യാപിച്ച നൂറു ദിന കര്‍മപരിപാടി പോലും പൂര്‍ത്തിയാകുന്നതിനു മുമ്പേ ഭരണം നഷ്‌ടമായ സര്‍ക്കാരെന്ന കുപ്രസിദ്ധിയില്‍ നിന്ന്‌ കുഞ്ഞൂഞ്ഞും കൂട്ടരും തലനാരിഴയ്‌ക്കാണ്‌ കരകയറിയത്‌. അതും നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ അവസാന ദിവസം തന്നെ. അങ്ങനെ യുഡിഎഫ്‌ ഭരണത്തിലേറിയപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ച ആക്ഷേപം സത്യമാവുകയും ചെയ്‌തു. ഭരണപക്ഷത്തെ ആര്‍ക്കെങ്കിലും മൂത്രശങ്ക തോന്നിയാല്‍ പോലും പോകാനാവാത്ത ഭൂരിപക്ഷമാണ്‌ സര്‍ക്കാരിനുള്ളതെന്ന്‌.

നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം ധനവിനിയോഗ ബില്ല്‌ വോട്ടിനാടിനായി തയാറെടുക്കുമ്പോഴാണ്‌ ഭരണപക്ഷത്ത്‌ വേണ്‌ടത്ര അംഗബലമില്ലെന്നകാര്യം മാണി സാറും കൂട്ടരും തിരിച്ചറിഞ്ഞത്‌. ഇത്‌ തിരിച്ചറിയാന്‍ പ്രതിപക്ഷം അല്‍പം വൈകിയതും മാണി സാറുടെയും സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്റെ തന്ത്രപരമായ സമീപനവും ഇല്ലായിരുന്നെങ്കില്‍ കുഞ്ഞൂഞ്ഞും കൂട്ടരും ഇപ്പോള്‍ വിട്ടിലിരുന്നേനെ എന്നാണ്‌ കോണ്‍ഗ്രസുകാര്‍ പോലും അടക്കം പറയുന്നത്‌. ആ പറയുന്നതില്‍ അല്‍പം അതിശയോക്തിയുണ്‌ടെങ്കില്‍ പോലും അലസ സമീപനം തുടരുന്നത്‌ ഭാവിയില്‍ സര്‍ക്കാരിന്റെ നിലനില്‍പിനുപോലും ഭീഷണിയായേക്കുമെന്ന സത്യം കാണാതിരുന്നുകൂടാ.

നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ തന്നെ അംഗങ്ങളെ സീറ്റിലെത്തിക്കേണ്‌ട ചുമതല അതത്‌ പാര്‍ട്ടികളുടെ വിപ്പുമാര്‍ക്കുള്ളതാണ്‌. ഈ ചുമതല ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ പോലും ഭരണമുന്നണിക്ക്‌ ഭൂരിപക്ഷം ഉറപ്പാക്കാമായിരുന്നു. എന്നാല്‍ മൂന്നു ദിവസം മുമ്പ്‌ അംഗങ്ങള്‍ക്ക്‌ വിപ്പു നല്‍കുന്നതില്‍ പാര്‍ട്ടി വിപ്പുമാരുടെ കരുതല്‍ അവസാനിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടി വിപ്പുമാര്‍ക്ക്‌ മാത്രമല്ല ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനു നേരെയും ഉത്തരവാദിത്തത്തിന്റെ ചൂണ്‌ടുവിരല്‍ ഉയരുന്നുണ്‌ട്‌. പി.ജെ.ജോസഫിനെതിരായ എസ്‌എംഎസ്‌ ആരോപണങ്ങളുടെ പേരില്‍ വിവാദത്തിന്റെ നടുക്കടലിലായ ജോര്‍ജിന്‌ വ്യക്തിപരമായി ഏറ്റ മറ്റൊരു തിരിച്ചടികൂടിയായിരുന്നു നിയമസഭാ സമ്മേളനത്തിന്റെ അവസാനദിനത്തിലെ സര്‍ക്കാരിന്റെ നൂല്‍പ്പാല യാത്ര.

സഭയില്‍ ഹാജരല്ലാതിരുന്ന മൂന്ന്‌ അംഗങ്ങള്‍ കൂടി എത്തി എന്ന്‌ ഉറപ്പാക്കുന്നതുവരെ വെറുതെ എഴുന്നേറ്റു നിന്ന്‌ സമയം കളഞ്ഞ കെ.എം.മാണിയുടെ കുടിലതയും വോട്ടെടുപ്പ്‌ പരമാവധി നീട്ടിക്കൊണ്‌ടുപോകാന്‍ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ കാണിച്ച ശുഷ്‌കാന്തിയുമാണ്‌ വലിയൊരു നാണക്കേടില്‍ നിന്ന്‌ ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭയെ രക്ഷിച്ചത്‌. മാണി സാറുടെ കുടിലബുദ്ധിയെ അംഗീകരിച്ചുകൊടുക്കാമെങ്കിലും നിഷ്‌പക്ഷനായിരിക്കുമെന്ന്‌ പേരിനെങ്കിലും വിശ്വസിക്കപ്പെടുന്ന സ്‌പീക്കര്‍ എത്രമാത്രം നിഷ്‌പക്ഷനാണെന്ന്‌ പ്രതിപക്ഷത്തിന്‌ ചോദ്യം ചെയ്യാന്‍ അവസരമൊരുക്കിയതില്‍ കാര്‍ത്തികേയനും കടുത്ത അതൃപ്‌തിയുണ്‌ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

സഭയില്‍ ഹാജരാകാതിരുന്ന നാലില്‍ മൂന്നു പേര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണെന്നത്‌ വരുംദിവസങ്ങളില്‍ പാര്‍ട്ടിയിലും ചില പൊട്ടിത്തെറികള്‍ക്ക്‌ വഴിവെച്ചേക്കാം. മൂന്നു പേരും എ ഗ്രൂപ്പുകാരല്ലെന്നതും പൊട്ടിത്തെറിയുടെ ശബ്‌ദം ഉയര്‍ത്തിയേക്കാം. സഭയില്‍ നിന്ന്‌ വിട്ടുനിന്ന കെ.അച്യുതനും വര്‍ക്കല കഹാറും വയലാര്‍ രവിയുടെ മൂന്നാം ഗ്രൂപ്പുകാരാണെങ്കില്‍ ഹൈബി ഈഡല്‍ ചെന്നിത്തലയുടെ ദത്തുപുത്രനാണ്‌. ഒരുദിവസത്തെ അവധിക്കാണ്‌ ഹൈബി അപേക്ഷിച്ചിരുന്നതെന്നും അനുമതിയില്ലാതെ രണ്‌ടു ദിവസം സഭയില്‍ നിന്ന്‌ വിട്ടുനിന്നു എന്നുമുള്ള ആരോപണങ്ങളും സജീവമാണ്‌.

എന്നാല്‍ സംഘടനാച്ചുമതലയുടെ ഭാഗമായാണ്‌ ഡല്‍ഹിക്ക്‌ പോയതെന്നും നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ സംഘടനാച്ചുമതല ഒഴിയാമെന്നുമുള്ള ഹൈബി ഈഡന്റെ പ്രസ്‌താവന ഒരാള്‍ക്ക്‌ ഒരു പദവി എന്ന വാദം വിണ്‌ടും ഉയര്‍ന്നുവരാനും അവസരമൊരുക്കും. ഇതിനെല്ലാം പുറമെ നിയമസഭാകക്ഷി ഭാരവാഹികളുടെ പരിചയക്കുറവും പിടിപ്പുകേടുമാണ്‌ നിയമസഭയില്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയതെന്നു കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ തന്നെ പരാതി ഉയര്‍ന്നിട്ടുണ്‌ട്‌. അംഗങ്ങള്‍ക്ക്‌ അവധി അനുവദിക്കുമ്പോള്‍ കാണിച്ച അവധാനതയും തിരുവനന്തപുരത്ത്‌ ഉള്ള അംഗങ്ങളെപോലും സഭയില്‍ എത്തിക്കാനാവാഞ്ഞതും സര്‍ക്കാരിനെ നാണെകെടുത്തി എന്ന്‌ കോണ്‍ഗ്രസുകാര്‍ തന്നെ സമ്മതിക്കുന്നു.

പാര്‍ട്ടി ചീഫ്‌ വിപ്പ്‌ ടി.എന്‍. പ്രതാപനെ ഒഴിച്ചുനിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്റെ മറ്റു നിയമസഭാകക്ഷി ഭാരവാഹികളാരും മുന്‍പരിചയമുള്ളവരല്ലെന്നാണ്‌ പ്രധാന ആക്ഷേപം. ഇത്‌ ധനവിനിയോഗ ബില്ലിന്റെ പ്രാധാന്യം അംഗങ്ങള്‍ക്കു ബോധ്യമാക്കിക്കൊടുക്കുന്നതിലും പ്രതിഫലിച്ചു എന്നാണ്‌ ആരോപണം. കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍. ഹൈബി ഈഡന്‍, കെ.അച്യുതന്‍ എന്നിവരും കേരളാ കോണ്‍ഗ്രസിന്റെ ടി.യു.കുരുവിളയുമാണ്‌ അവസാന ദിവസം സഭയില്‍ ഇല്ലാതിരുന്നത്‌.

കെ.എം.മാണി നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ മൂന്നാം ഭാഗം വായിക്കുമ്പോള്‍ ഉംറയ്‌ക്കു തിരിക്കുന്നതിന്‌ മുന്നോടിയായുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മരുന്നും വാങ്ങാനായി മെഡിക്കല്‍ കോളജിലായിരുന്നു വര്‍ക്കല കഹാര്‍. കെ. അച്യുതന്‍ ഊണുകഴിക്കാനായി ഹോസ്‌റ്റലിലായിരുന്നു. മറ്റൊരംഗമായ ഹൈബി ഈഡനാകട്ടെ ഡല്‍ഹിയിലും. ടി.യു.കുരുവിള ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുകൊണ്‌ടിരിക്കുകയുമായിരുന്നു.

വികസനത്തിനൊപ്പം കരുതലും എന്നാണ്‌ ഉമ്മന്‍ ചാണ്‌ടി സര്‍ക്കാരിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്‌. ജനങ്ങളുടെ കാര്യത്തിലെന്ന പോലെ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കാര്യത്തിലും അതുണ്‌ടായില്ലെങ്കില്‍ ഉമ്മന്‍ ചാണ്‌ടിക്കും കൂട്ടര്‍ക്കും അധികകാലം ഭരണചക്രം തിരിക്കാനാവില്ലെന്നാണ്‌ കഴിഞ്ഞ ദിവസം നിയമസഭയിലുണ്‌ടായ സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക