Image

ഇനി നായികയുടെ റോളില്‍

Published on 25 July, 2011
ഇനി നായികയുടെ റോളില്‍
മലയാള സിനിമയില്‍ സനുഷക്ക്‌ സ്വന്തമായി ഒരു മേല്‍വിലാസമുണ്ട്‌. ആ മേല്‍വിലാസം നല്‍കിയത്‌ ബ്ലസി സംവിധാനം ചെയ്‌ത കാഴ്‌ച എന്ന ചിത്രമാണ്‌. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം കാഴ്‌ചയിലെ അമ്പിളി എന്ന കഥാപാത്രത്തിലൂടെ സനുഷക്ക്‌ ലഭിച്ചു. അതിനും മുമ്പേ തന്നെ സിരിയലുകളിലും സിനിമകളിലുമൊക്കെയായി ബേബി സനുഷ എന്ന ബാലതാരം ശ്രദ്ധേയയായിരുന്നു. കാഴ്‌ച ഹിറ്റായതിനു ശേഷം സനുഷ മലയാളിക്ക്‌ ബേബി സനുഷയാണ്‌. എന്നാല്‍ കാലം സനുഷയെ മാറ്റിയിരിക്കുന്നു. മലയാളത്തില്‍ സിനിമയില്‍ വീണ്ടുമെത്തുമ്പോള്‍ മുതിര്‍ന്ന നായികയാണ്‌ സനുഷ. ദിലീപ്‌ നായകനായ മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ നായികയായ രാജലക്ഷമി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സനുഷയാണ്‌.

ദിലീപിന്റെ തന്നെ മീശമാധവന്‍ എന്ന ചിത്രത്തില്‍ കാവ്യമാധവന്റെ ബാല്യകാലം അവതരിപ്പിച്ചത്‌ സനുഷയായിരുന്നു. പത്ത്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപിന്റെ നായികയായി സനുഷ എത്തുന്നു. മലയാളത്തില്‍ കഴിവുള്ള നായികമാരില്ല എന്ന സനുഷയെപ്പോലെ കഴിവ്‌ തെളിയച്ചവര്‍ ഇനി മാറ്റിയെഴുതുമെന്ന്‌ പ്രതീക്ഷിക്കാം.

ബാലതാരമായി മാത്രമല്ല ബേബി സനുഷയില്‍ നിന്നും മാറി സനുഷയായി തമിഴില്‍ മൂന്ന്‌ നായികാ കഥാപാത്രങ്ങള്‍ ചെയ്‌തതിനു ശേഷമാണ്‌ സനുഷ ഇപ്പോള്‍ മലയാളത്തിലേക്ക്‌ എത്തുന്നത്‌. തമിഴിലായിരുന്നു സനുഷയുടെ നായികയായുള്ള അരങ്ങേറ്റം എന്നതിനാല്‍ മലയാള അത്രത്തോളം അറിഞ്ഞില്ല എന്നു മാത്രം...

സനുഷ സംസാരിക്കുന്നു..

ബേബി സനുഷ എപ്പോഴാണ്‌ സനുഷയായത്‌?

2009ല്‍ തന്നെ തമിഴില്‍ നായിക വേഷം ലഭിച്ചു. റെനിഗുണ്ട എന്ന ചിത്രത്തിലൂടെ. ആ ചിത്രം വന്‍ ഹിറ്റായിരുന്നു. നായികയായി റെനിഗുണ്ടയിലേക്ക്‌ വിളിക്കുമ്പോള്‍ എനിക്ക്‌ പേടിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാരക്‌ടര്‍ ചെയ്യാമെന്ന്‌ വിശ്വാസമുണ്ടായിരുന്നു. പിന്നീട്‌ നന്ദി എന്ന തമിഴ്‌ ചിത്രം ചെയ്‌തു. അതിനു ശേഷമാണ്‌ ഇപ്പോ ഞാന്‍ നായികയായി അഭിനയിച്ച മൂന്നാമത്തെ ചിത്രം ഏത്തന്‍ റിലീസ്‌ ചെയ്‌തു. ചിത്രം വന്‍ ഹിറ്റാണ്‌ തമിഴകത്ത്‌. ഏത്തനില്‍ ഞാന്‍ ശരിക്കും മുതിര്‍ന്ന കുട്ടയാണ്‌.

റെനിഗുണ്ട മലയാളികളും കണ്ടിട്ടുള്ള ചിത്രമാണെന്ന്‌ കരുതുന്നു. റെനിഗുണ്ടയിലെ സനുഷയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു?

ഊമയായിട്ടുള്ള ഒരു കഥാപാത്രമാണ്‌ എനിക്ക്‌ റെനിഗുണ്ടയിലേത്‌. ഞാനത്‌ ചെയ്യുമോ എന്ന്‌ എല്ലാവര്‍ക്കും സംശയമായിരുന്നു. പക്ഷെ ആ കഥാപാത്രം എനിക്ക്‌ ശരിക്കും ഒരു ബ്രേക്ക്‌ നല്‍കുകയായിരുന്നു. റെനിഗുണ്ട കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌ കുറെപ്പേരൊക്കെ കണ്ടിരുന്നു. പ്രത്യേകിച്ചും ഞങ്ങളുടെ നാട്ടിലുള്ളവരൊക്കെ. ഈ സിനിമ കണ്ടപ്പോഴാണ്‌ ഞാന്‍ തമിഴില്‍ നായികയായി അഭിനയിച്ചു എന്നൊക്കെ എല്ലാവരും അറിയുന്നത്‌. സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ്‌ പറഞ്ഞത്‌.

മലയാളത്തില്‍ നിന്നും നല്ല ഓഫറുകളൊന്നും വന്നിരുന്നില്ലേ?

റെനിഗുണ്ടക്ക്‌ ശേഷം മലയാളത്തില്‍ നിന്നും പല സിനിമകളിലേക്കും വിളിച്ചിരുന്നു. പക്ഷെ നല്ലൊരു തുടക്കം വേണമെന്നായിരുന്നു തീരുമാനം. ഈ സിനിമയില്‍ എനിക്ക്‌ കൂടുതലൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. മലയാളത്തിലെ നമ്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളാണ്‌ ഉദയകൃഷ്‌ണ - സിബി.കെ.തോമസ്‌ എഴുതുന്ന സിനിമ. പിന്നെ സീനിയര്‍ സംവിധായനായ സന്ധ്യ മോഹന്‍. അങ്ങനെയാണ്‌ മലയാളത്തില്‍ ദിലീപേട്ടന്റെ നായികയായി ഞാന്‍ എത്തുന്നത്‌.

മലയാളത്തില്‍ ഹിറ്റായ പല നായികമാരും ദിലീപിനൊപ്പമാണ്‌ സിനിമകള്‍ തുടങ്ങിയത്‌...കാവ്യ, സംവൃത, ജ്യോതിര്‍മയി, മീരാജാസ്‌മിന്‍ തുടങ്ങിയവര്‍...സനുഷയുടെ പ്രതീക്ഷ എന്താണ്‌?

അവര്‍ക്കൊപ്പം എന്താമെന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷെ അവരെ പോലെ ആകണമെന്നുണ്ട്‌. ദിലീപേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ മുമ്പ്‌ ചെയ്‌ത തമിഴ്‌ സിനിമകളുടെയൊന്നും ടെന്‍ഷനില്ല. ദിലീപേട്ടന്‍ വളരെ കൂളാണ്‌.

മലയാള സിനിമയില്‍ തുടരാന്‍ തന്നെയാണ്‌ തീരുമാനം?

തീര്‍ച്ചയായും സിനിമയില്‍ ഞാനുണ്ടാകും. കുട്ടാക്കാലത്തെ കാമറക്ക്‌ മുമ്പില്‍ അഭിനയിച്ചു തുടങ്ങിയതാണ്‌. ഇപ്പോഴും സിനിമയോട്‌ തന്നെയാണ്‌ താത്‌പര്യം. കുട്ടിക്കാലത്ത്‌ മുതല്‍ എനിക്ക്‌ അറിയാവുന്നവരാണ്‌ സിനിമയില്‍ ഉള്ളവര്‍ അധികം പേരും. പിന്നെ തമിഴ്‌ സിനിമയില്‍ നല്ല സിനിമകളുണ്ടെങ്കില്‍ തമിഴിലും തുടരും. ഇപ്പോഴും തമിഴില്‍ നിന്നാണ്‌ കൂടുതല്‍ ഓഫറുകള്‍ വരുന്നത്‌.

സിനിമക്കിടയില്‍ പഠനം എങ്ങനെയാണ്‌?

സ്‌കൂളിലൊക്കെ സിനിമക്കിടയില്‍ തന്നെയാണ്‌ പഠനം തുടര്‍ന്നിരുന്നത്‌. പത്താംക്ലാസ്‌ ഫൈനല്‍ പരീക്ഷയുടെ സമയത്തൊക്കെ സിനിമ ഷൂട്ടിംഗ്‌ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ പ്ലസ്‌ വണ്‍ സ്റ്റുഡന്റാണ്‌ ഞാന്‍. സയന്‍സ്‌ ഗ്രൂപ്പ്‌ എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ സിനിമകള്‍ കമിറ്റ്‌ ചെയ്യുന്നതിനാല്‍ വേണ്ടെന്ന്‌ വെച്ചു. ഇപ്പോള്‍ കൊമേഴ്‌സാണ്‌ എന്റെ വിഷയം. ഷൂട്ടിംഗിനിടയിലും ക്ലാസുകള്‍ അധികം മുടങ്ങാതെ നോക്കാറുണ്ട്‌.

എന്താണ്‌ മിസ്റ്റര്‍മരുമകന്റെ പ്രത്യേകതകള്‍?

ഇതൊരു കോമഡി ചിത്രമാണ്‌. എനിക്കുമുണ്ട്‌ കുറച്ച്‌ കോമഡി സീനുകളില്‍ അഭിനയിക്കാന്‍. പിന്നെ ദിലീപേട്ടനുമൊത്ത്‌ മൂന്ന്‌ ഗാനരംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്‌. പ്രേക്ഷകര്‍ ഇഷ്‌ടപ്പെടുന്ന അടിപൊളി ഗാനങ്ങളാണ്‌ എല്ലാം. കൊറിയോഗ്രാഫി വളരെ മികച്ച രിതിയിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.

സനുഷ വിശേഷങ്ങള്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ കാഴ്‌ചയിലെ ബേബി സനുഷ തന്നെയാണിത്‌ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. കാഴ്‌ച പുറത്തിറങ്ങിയിട്ട്‌ ഏഴ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏഴ്‌ വര്‍ഷങ്ങള്‍ സനുഷയെ ഒരുപാട്‌ മാറ്റിയിരിക്കുന്നു. ബാലതാരമായി കാവ്യ മലയാള സിനിമയിലേക്ക്‌ വന്നതും പിന്നീട്‌ മലയാള സിനിമയിലെ മുന്‍നിര നായികയായതുമൊക്കെ പ്രേക്ഷകര്‍ കണ്ടതാണ്‌. സനുഷയും അതുപോലെയൊരു കടന്നു വരവാണ്‌ പ്രതീക്ഷിക്കുന്നത്‌. ബാലതാരമായി തിളങ്ങിയത്‌ പോലെ പുതിയ വേഷത്തിലും പ്രേക്ഷകരുടെ പ്രീയതാരമാകാം എന്ന പ്രതീക്ഷ.
ഇനി നായികയുടെ റോളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക