Image

ഇന്ത്യയും ദക്ഷിണ കൊറിയയും ആണവ കരാര്‍ ഒപ്പിട്ടു

Published on 25 July, 2011
ഇന്ത്യയും ദക്ഷിണ കൊറിയയും ആണവ കരാര്‍ ഒപ്പിട്ടു
സോള്‍ : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മില്‍ സൈനികേതര ആണവ സഹകരണത്തിനുള്ള കരാര്‍ ഒപ്പിട്ടു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലും കൊറിയന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് കരാറിലൊപ്പുവെച്ചത്. കരാര്‍ പ്രകാരം കൊറിയന്‍ കമ്പനികള്‍ക്ക് ഇന്ത്യയുടെ ആണവോര്‍ജ്ജ പദ്ധതികളുമായി സഹകരിക്കാന്‍ സാധിക്കും.

ഇന്ത്യ ആണവ സഹകരണ കരാറിലേര്‍പ്പെടുന്ന ഒമ്പതാമത്തെ രാജ്യമാണ് ദക്ഷിണ കൊറിയ. ഇന്ത്യക്ക് വേണ്ടി ആണവോര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ.ശ്രീകുമാര്‍ ബാനര്‍ജിയും കൊറിയന്‍ വിദേശകാര്യ മന്ത്രി കിം സുങ് വാനുമാണ് കരാറിലൊപ്പുവെച്ചത്. 20 ആണവ പ്ലാന്റുകളുള്ള ദക്ഷിണ കൊറിയ രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 35 ശതമാനവും ഉത്പാദിപ്പിക്കുന്നത് ആണവോര്‍ജ്ജമുപയോഗിച്ചാണ്. അമേരിക്ക, ഫ്രാന്‍സ്, റഷ്യ, കാനഡ, മംഗോളിയ, കസാക്കിസ്താന്‍, അര്‍ജന്റീന, നമീബിയ എന്നിവയാണ് ഇന്ത്യയുമായി ആണവ കരാറിലേര്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.

കഴിഞ്ഞ ദിവസം കൊറിയയുടെ തലസ്ഥാനമായ സോളിലെത്തിയ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ വാദ്യഘോഷങ്ങളോടെ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിദേശകാര്യ ഉപമന്ത്രിയും വാണിജ്യമന്ത്രിയുമായ മിന്‍ ദോങ് സൂക്കിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയെ എതിരേല്‍ക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

കൊറിയയിലും മംഗോളിയയിലുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയും സംഘവും സോളിലെത്തിയത്. പ്രമുഖ ഇലക്‌ട്രോണിക് ഉത്പന്ന നിര്‍മാണ കേന്ദ്രമായ കൊറിയയിലെ പ്രാദേശിക വ്യാപാര സമൂഹവുമായും പ്രതിഭാ പാട്ടീല്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച രാഷ്ട്രപതി മംഗോളിയയിലേക്കു തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക