Image

ഭാരതീയത‍ പ്രവാസി മലയാളികള്‍ ഉള്‍ക്കൊള്ളണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

ജോയിച്ചന്‍ പുതുക്കുളം Published on 30 July, 2011
ഭാരതീയത‍ പ്രവാസി മലയാളികള്‍ ഉള്‍ക്കൊള്ളണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
കൊച്ചി: എല്ലാ മതങ്ങളോടും സമുദായാംഗങ്ങളോടും ഐക്യദാര്‍ഢ്യം പുലര്‍ത്തി ഭാരതീയതയുടെ അംശം ഉള്‍ക്കൊണ്ട്‌ പ്രവാസി മലയാളികള്‍ ജീവിക്കണമെന്ന്‌ ലോകമെമ്പാടുമുള്ള 40 ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുടെ ആത്മീയാചാര്യനായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ആഹ്വാനം ചെയ്‌തു.

മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ സ്ഥാനലബ്‌ദിയില്‍ അമേരിക്കന്‍ മലയാളികളുടെ സന്തോഷം നേരിട്ട്‌ അറിയിക്കുവാന്‍ കാക്കനാട്ടെ സഭാ ആസ്ഥനമായ മൗണ്ട്‌ സെന്റ്‌ തോമസിലെത്തിയ മുന്‍ ഫോമാ സെക്രട്ടറിയും തന്റെ ശിഷ്യനുമായ അനിയന്‍ ജോര്‍ജിനോട്‌ പിതാവ്‌ മനസ്സുതുറന്നത്‌.

ക്രൈസ്‌തവ വിശ്വാസവും പാരമ്പര്യങ്ങളും അകമേയും പുറമെയുംനിന്ന്‌ ഭീഷണി നേരിടുമ്പോള്‍ സഭയെ നയിക്കുക എന്നത്‌ കടുത്ത വെല്ലുവിളി തന്നെ. എന്നാല്‍ ദൈവത്തിന്റെ അനന്തകാരുണ്യത്തില്‍ വിശ്വാസമര്‍പ്പിച്ച്‌ സഭാനേതൃത്വം ഏറ്റെടുത്തപ്പോള്‍ എല്ലാം ദൈവ കൃപയാല്‍ നടത്തപ്പെടും എന്ന വിശ്വാസമാണ്‌ നയിക്കുന്നത്‌. വിവിധ രാജ്യങ്ങളിലായി 40 ലക്ഷത്തോളം വിശ്വാസികളുള്ള സഭയുടെ പ്രവര്‍ത്തനമേഖലകള്‍ വൈവിധ്യപൂര്‍ണ്ണമാണ്‌. ഈ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്‌ സുവിശേഷ സാക്ഷ്യംകൂടിയാകണം. ക്രൈസ്‌തവ പ്രവര്‍ത്തനമണ്‌ഡലങ്ങളുടെ അന്തസത്ത സുവിശേഷമാണ്‌. സുവിശേ സാക്ഷ്യത്തിനുള്ള കരുത്തുറ്റ നേതൃപാടവം എല്ലാവരിലുമുണ്ടാകണം- മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഓര്‍മ്മിപ്പിച്ചു.

വിശാല വിശ്വാസി സമൂഹത്തെ ആദ്ധ്യാത്മികതയില്‍ പരിപോഷിപ്പിക്കുന്നതിനോടൊപ്പം സഭാഘടനയെ സദൃഡമായി മുന്നോട്ടു നയിക്കുവാന്‍, അങ്ങയുടെ പ്രവര്‍ത്തനമണ്‌ഡലങ്ങളില്‍ പരിശുദ്ധാത്മാവിന്റെ കൃപാവരം ധാരാളമായി ഉണ്ടാകട്ടെയെന്നും, വടക്കേ അമേരിക്കയിലെ സഭാ വിശ്വാസികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും പിതാവിനോടൊപ്പം എക്കാലവും ഉണ്ടായിരിക്കുമെന്നും അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

കാവുകാട്ട്‌ പിതാവിന്റെ വിശുദ്ധിയും പടിയറ പിതാവിന്റെ സ്‌നേഹവും ആവേശത്തോടെ ഉള്‍ക്കൊണ്ട്‌ പൗരോഹിത്യത്തില്‍ നിന്നും മേല്‍പ്പട്ടക്കാരന്റെ പദവിയിലെത്തിയ മാര്‍ ആലഞ്ചേരി, വ്യക്തിബന്ധങ്ങള്‍ പാലിക്കുന്നതിലും അതിലെ ഊഷ്‌മളത കാത്തുസൂക്ഷിക്കുന്നതിലും അനിതരസാധാരണമായ കഴിവുണ്ട്‌. സംഭാഷണങ്ങളിലെ മധുരതരമായ നര്‍മ്മം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഒരു സ്വര്‍ണ്ണക്കസവാണ്‌. വേഗത്തില്‍ നടന്ന്‌, തോളത്ത്‌ തട്ടി, കുശലാന്വേഷണം നടത്തി, ജനക്കൂട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ആരേയും അവഗണിക്കാതിരിക്കാനുള്ള കരുതലും കാണിച്ചുകൊടുക്കുന്നു. ആശയങ്ങളില്‍ വ്യക്തതയും സംവാദങ്ങളില്‍ സമഭാവനയും കാണിക്കുവാന്‍ പിതാവിന്‌ കഴിയും. അള്‍ത്താരയില്‍ ചിന്തകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി, ഭക്തിതീഷ്‌ണതയോടും സ്‌ഫുടമായും പ്രാര്‍ത്ഥനകള്‍ ചൊല്ലി ദിവ്യബലി അര്‍പ്പിക്കുമ്പേള്‍ പിതാവിന്റെ സ്വരം ഹൃദയങ്ങളിലേക്ക്‌ കടന്നുചെല്ലുന്നതാണ്‌. പ്രസംഗങ്ങളില്‍ സരളസുന്ദരമായ പദങ്ങള്‍, സുതാര്യമായ ആശയങ്ങള്‍, ജനഹൃദയങ്ങളില്‍ തുളച്ചുകയറുന്ന വാക്കുകള്‍. പിതാവിന്റെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പാകിയത്‌ കുടുംബത്തില്‍ നിന്നാണ്‌. കൊന്ത ചൊല്ലുമ്പോള്‍ മുട്ടിന്മേല്‍ നില്‍ക്കണമെന്ന്‌ ശാഠ്യംപിടിച്ചിരുന്ന പിതാവ്‌, പ്രാര്‍ത്ഥനയും ഭക്തികര്‍മ്മങ്ങളും നിറഞ്ഞ കുടുംബാന്തരീക്ഷം. ദൈവിളിയുടെ വിത്തുകള്‍ അവിടെ മുളപൊട്ടി. ആറ്‌ ആണ്‍മക്കളില്‍ മൂന്നുപേരെ ദൈവികാന്തസിലേക്ക്‌ പറഞ്ഞുവിട്ട കുടുംബം. തീര്‍ച്ചയായും കാര്‍ഡിനല്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട ആലഞ്ചേരി പിതാവ്‌, ലോകമെങ്ങും മറ്റ്‌ സഭാ വിശ്വാസികളോടും തോളോടുതോള്‍ ചേര്‍ന്ന്‌ സുവിശേഷം പ്രസംഗിക്കുവാനും, പരിശുദ്ധാത്മാവിന്റെ കൃപാവാരങ്ങള്‍ എല്ലാവരിലേക്കും പകര്‍ന്നു നല്‍കുവാനും ഓരോ പ്രവാസി മലയാളികളേയും ആഹ്വാനം ചെയ്യുന്നതായും അനിയന്‍ ജോര്‍ജ്‌ ആഹ്വാനം ചെയ്‌തു.
ഭാരതീയത‍ പ്രവാസി മലയാളികള്‍ ഉള്‍ക്കൊള്ളണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക