Image

"രാജാവിന്റെ പായസം"

ജോസ് കാടാപുറം Published on 30 July, 2011
"രാജാവിന്റെ പായസം"
പണ്ടൊരു രാജാവ് സ്വന്തമായി പായസം ഉണ്ടാക്കി, സ്വന്തമായി രുചിച്ചുനോക്കിയ പായസം ഒന്നാന്തരമാണെന്ന് രാജാവ് സ്വയം തന്നെ ജനങ്ങളോട് പറഞ്ഞു…ഇതൊരു പഴയകഥ…ഏതാണ്ട് ഇതുപോലെതന്നെയാണ് കേരള ബഡ്ജറ്റ് അവതരിപ്പിച്ച് പൊല്ലാപ്പാക്കിയ മാണി സാറിന്റെ കഥയും, കാരണം ഈ ബഡ്ജറ്റിനെ കുറിച്ച് നല്ലത് പറഞ്ഞത് മാണിസാര്‍ മാത്രം…മാത്രമല്ല ഈ ബഡ്ജറ്റിന്റെ ധനവിനിയോഗ ബില്ലിന്റെ വോട്ടിംഗ് നടന്ന ബുധനാഴ്ച കേരള നിയമസഭയുടെ 'കറുത്ത ബുധനാഴ്ച'യായിരുന്നു. കേരളനിയമസഭയുടെ 54 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ധനവിനിയോഗ ബില്‍ യഥാര്‍ത്ഥത്തില്‍ പാസാകാതെ പോകുന്നത്. അവിശ്വാസ പ്രമേയം, ബഡ്ജറ്റ്, ധനസംബന്ധമായ ബില്ലുകള്‍ എന്നിവയില്‍ തോല്‍വിയുണ്ടായാല്‍ സര്‍ക്കാര്‍ ഭരണഘടനാപരമായി തന്നെ രാജിവയ്ക്കണം …എന്തുചെയ്യാം ഭരണംനിലനിന്നില്ലെങ്കില്‍ മരണതുല്യമാണ് ഭരണപക്ഷത്തിന്…

മാണിസാറിന്റെ ബഡ്ജറ്റിലെ 4 മാസത്തെ ചെലവിനുള്ള പണം വിനിയോഗിക്കാന്‍ സര്‍ക്കാരിന് അനുമതി നല്കാനുള്ള ബില്ലിലെ വോട്ടെടുപ്പാണ് കഴിഞ്ഞ ബുധനാഴ്ച നടന്നത്.-വോട്ടെടുക്കുന്ന സമയത്ത് ഭരണപക്ഷത്ത് 62 അംഗങ്ങളും പ്രതിപക്ഷത്ത് 67 അംഗങ്ങളും. ഈ അവസ്ഥയെ മറികടക്കാന്‍ ബഹു.സ്പീക്കര്‍ വോട്ടെടുപ്പ് സമയം നീട്ടാനുള്ള തന്ത്രത്തില്‍ ആദ്യത്തെ 10 മിനിട്ട് പത്രോസിന്റെ പാറപോലെ സ്പീക്കര്‍ കസേരയില്‍ ചലനമറ്റിരുന്നു. പണ്ട് ബ്രിട്ടനിലെ ജനാധിപത്യം ശക്തിപ്പെട്ടു വരുന്ന കാലത്ത്, രാജാവും ജനപ്രതിനിധികളും കടുത്ത മത്സരം ഉണ്ടായിരുന്ന കാലയളവില്‍ പാര്‍ലമെന്റ് സമ്മേളിക്കുന്ന സഭയിലേക്ക് രാജാവ് നേരിട്ട് കയറി ചെന്ന്….തന്റെ അധികാരത്തെ ചോദ്യം ചെയ്ത അംഗങ്ങള്‍ ആരെക്കെയാണെന്ന് രാജാവ് സ്പീക്കറോട് ചോദിച്ചു…ആ അംഗങ്ങളെ ചൂണ്ടി കാണിക്കാന്‍ രാജാവ് സ്പീക്കറോട് ആവശ്യപ്പെട്ടു…സ്പീക്കര്‍ അദ്ദേഹത്തെ ആദരവോടെ സഭയിലിരുത്തിയിട്ട് പറഞ്ഞു…“തിരുമേനി ഈ സഭ കാണിച്ചുതരുന്നതിനപ്പുറം കേള്‍ക്കാന്‍ എനിക്ക് കാതില്ല..സഭ പറയുന്നതിനപ്പുറം കാണാന്‍ എനിക്ക് കണ്ണില്ല…സഭപറയുന്നതിനപ്പുറം ഉച്ചരിക്കാന്‍ എനിക്ക് നാവില്ല”….രാജാവിന്റെ മുമ്പില്‍ ശിരസ്സുയര്‍ത്തി നിന്ന പാരമ്പര്യമൊന്നും നമ്മുടെ സ്പീക്കര്‍ക്കില്ലാതെ പോയത് ഭരണത്തോടുള്ള സ്പീക്കറുടെ പക്ഷപാതപരമായ സമീപനം കൊണ്ടാണ്…

ഈ പൊല്ലാപ്പുകളൊക്കെ ഉണ്ടാക്കിയ മാണിസാറിന്റെ ബഡ്ജറ്റ് പിന്നെ ധവളപത്രമിറക്കുന്നതിലേക്ക് എത്തിച്ചു..എന്നാല്‍ ഇതൊരു വൈറ്റ് പേപ്പറല്ല മറിച്ച്, blank (ബ്ലാങ്ക്) പേപ്പറായിരുന്നുവെന്ന് മനസ്സിലായത് തോമസ് ഐസക്കിന്റെ ബദല്‍ ധവളപത്രം വായിച്ചപ്പോഴാണ്…അന്ധമായ രാഷ്ട്രീയ വിദ്വേഷത്തിന്റെയും പകപോക്കലിന്റെയും തെറ്റിധാരണപരത്തുന്ന പരാമര്‍ശങ്ങളെല്ലാതെ ഒന്നും തന്നെ മാണിസാറിന്റെ ധവളപത്രത്തില്‍ -ധനതന്ത്ര വിദ്യാര്‍ത്ഥികള്‍ കാണുന്നില്ല..

റവന്യൂകമ്മിറ്റിയെകുറിച്ചു ഉത്കണ്ഠ പ്രകടിപ്പിക്കുന്ന മാണിസാറിന്റെ ധവളപത്രം…1980 കളില്‍ യൂഡിഎഫ് മന്ത്രിസഭയും അതിലെ ധനമന്ത്രിയായിരുന്ന മാണിസാറിനെയും പൊതുസമൂഹം ഒരിക്കലും മറക്കില്ല. കാരണം അന്ന് മാണിസാര്‍ , തന്റെ വളഞ്ഞ തന്ത്രങ്ങളിലൂടെ 'കമ്മിയാകെ' മൂടിവെച്ചു, 'മിച്ച' ബഡ്ജറ്റാണെന്ന് പറഞ്ഞു അവതരിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കമ്മി ബഡ്ജറ്റാണെന്ന് പ്രതിപക്ഷം ചൂണ്ടികാണിച്ചിട്ടും മാണിസാര്‍ 'മിച്ച' ബഡ്ജറ്റാണെന്ന് വാശിപിടിച്ചു സമര്‍ത്ഥിച്ചു….തൊട്ടടുത്ത ദിവസമാണ് കേന്ദ്ര ധനകമ്മീഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ , മാണിസാര്‍ മിച്ച ബഡ്ജറ്റാണെന്ന് അവരോട് പറഞ്ഞു…ഫലം എന്തായി…. ആ വര്‍ഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും കമ്മി നികത്താന്‍ അനുവദിച്ചു. പ്രത്യേക സാമ്പത്തിക സഹായം കിട്ടാതെ പോയി…ചുരുക്കത്തില്‍ അന്ന് കേരളത്തിന് കിട്ടേണ്ട സാമ്പത്തികസഹായം കേരളത്തിന് നഷ്ടപ്പെടുത്തി. പിന്നീട് അപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലുടെ മിച്ചമാണെന്ന് മാണിസാര്‍ പറഞ്ഞ ബഡ്ജറ്റ് കമ്മിയാണെന്ന് തെളിഞ്ഞു..അന്ന് മാണിസാര്‍ കള്ള കണക്ക് സഭയില്‍ വയ്ക്കാതിരുന്നെങ്കില്‍ 2014-2015 കാലഘട്ടത്തില്‍ കേരളത്തിന് ഉണ്ടാകേണ്ട മറ്റ് സീറോ ഡഫിസിറ്റ് അവസ്ഥകളും 80 കളില്‍ തന്നെ നേടാമായിരുന്നു…യഥാര്‍ത്ഥ കണക്കുകളെ തന്റെ രാഷ്ട്രീയ സൗകര്യത്തിനായി ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ 80 കളിലുണ്ടായ ധനനഷ്ടം തന്നെയാണ് ധവളപത്രത്തിലൂടെ നല്കിയ കണക്കുകളെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ നോക്കി കാണുന്നത്. കാരണം റവന്യൂ ചിലവുകള്‍ തട്ടികിഴിച്ചാല്‍ പദ്ധതി നടത്തിപ്പിന് പണമില്ലെന്ന് ധവളപത്രം പറയുന്നതു തന്നെ അടിസ്ഥാനരഹിതമായിരിക്കുന്നതു കൊണ്ടാണ്. 2009-10 ലെ സര്‍ക്കാരിന്റെ വരവ് ചിലവ് കണക്കുകള്‍ ധവളപത്രത്തില്‍ പരാമര്‍ശിച്ചുകാണാത്തതുകൊണ്ടാണ് വൈറ്റ് പേപ്പര്‍ ബ്ലാന്‍ങ്ക് പേപ്പറുകളാകുന്നത്!!..
മികച്ച ധനമാനേജ്‌മെന്റിന്റെ ഫലം കണ്ട ആ വര്‍ഷത്തെ പരിഗണിച്ചാല്‍ മാണിസാറിന്റെ ധവളപത്രം വിശ്വസിനീയമാകുമായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 31 ന് ട്രഷറിയില്‍ 3881 കോടി രൂപാ മിച്ചമുണ്ടായിരുന്നുവെന്ന റിസര്‍വ് ബാങ്ക് രേഖയെ മാണിസാറിന് തള്ളികള്ളയാനാകില്ലല്ലോ?! ഡോ.തോമസ് ഐസക്ക് ചാര്‍ജ് എടുത്തപ്പോള്‍ ട്രഷറിയിലെ കമ്മിയും, കൊടുത്തു തീര്‍ക്കാനുള്ള വന്‍ബാധ്യതകള്‍ മാണിസാര്‍ വിസ്മിരിക്കരുത്…അന്ന് പൊതുമരാമത്ത് കരാര്‍കാര്‍ക്ക് കൊടുക്കാനുള്ള വന്‍ബാധ്യത ഒരു വശത്ത്, കൊടുക്കാന്‍ ഒരു പൈസപോലുമില്ലാത്ത ട്രഷറി മറുവശത്ത് ഇതായിരുന്നു അവസ്ഥ… ഇതില്‍നിന്നും റിസര്‍വ്ബാങ്ക് പറഞ്ഞ 3881 കോടി രൂപയിലേക്ക് ട്രഷറി മിച്ചത്തിലേക്ക് കൊണ്ടുവന്നത് ഡോ.ഐസക്കിന്റെ മികച്ച ധനമാനേജ്‌മെന്റിന്റെ തെളിവാണെന്ന് ആര്‍ക്കാണ് അ
റിഞ്ഞുകൂടാത്തത്..

ചുരുക്കത്തില്‍ ഇത്തരം പ്രാദേശിക പാര്‍ട്ടികളുടെ ഉയര്‍ന്ന രാഷ്ട്രീയ കുടിലതാല്പര്യങ്ങളെ കേരളം പലകുറി കണ്ടതാണ്.. ഇതറിയാന്‍ മൂന്നാറിലെ കൈവശഭൂമിയുടെ കഥമാത്രം പരിശോധിച്ചാല്‍ മതി…മൂന്നാറില്‍ കേരള സര്‍ക്കാരിനും, സര്‍ക്കാറില്‍ നിന്നും പാട്ടത്തിന് എടുത്തിട്ടുള്ള ടാറ്റായ്ക്കും മാത്രമേ ഭൂമിയുള്ളൂ…പിന്നെയെങ്ങനെയാണ് ചില നേതാക്കളുടെ പെണ്‍മക്കളുടെ പേരിലുള്ള അനധികൃത റിസോര്‍ട്ടുകള്‍ മൂന്നാറിലുള്ളത്…ഇങ്ങനെ രഹസ്യ ബിനാമികളിലൂടെ കോടികളുടെ സ്വത്ത് സ്വന്തം മക്കള്‍ക്കുവേണ്ടി കൂടെ നില്‍ക്കുന്ന പാര്‍ട്ടികാരോട് പോലും നീതികാണികാത്ത ഇക്കൂട്ടര്‍ സ്വാര്‍ത്ഥതയും, കുതികാല്‍വെട്ടും, അഴിമതിയും ഒക്കെ കൂടെപ്പിറപ്പായുള്ള ഈ വ്യാജരാഷ്ട്രീയക്കാരെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞു,.. ഇവര്‍ തന്നെയാണ് വനംകയ്യേറ്റം, സര്‍ക്കാറിന്റെ ടൂറിസം മേഖലയിലുള്ള സ്ഥലങ്ങള്‍ അധികാരം ഉപയോഗിച്ച് കൈയ്യേറി റിസോര്‍ട്ടുകള്‍ കെട്ടുന്ന വില്ലന്‍മാര്‍ …സമുദായത്തെയും, രാഷ്ട്രീയത്തെയും കൂട്ടിക്കുഴച്ചു തെരഞ്ഞെടുപ്പ് വരുമ്പോള്‍ നേട്ടങ്ങള്‍ കൊയ്യുന്ന ഇക്കൂട്ടര്‍ എല്ലാകാലത്തും കേരളത്തിലെ ജനങ്ങളുടെ മൂല്യവിചാരത്തെ തകര്‍ക്കാമെന്നോര്‍ക്കരുത്..!!!.
"രാജാവിന്റെ പായസം"
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക