Image

ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍

ജോസ് മാളേയ്ക്കല്‍ Published on 30 July, 2011
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍
ഫിലാഡല്‍ഫിയ: മാനുഷികമൂല്യങ്ങളിലും, ക്രൈസ്തവ ആദര്‍ശങ്ങളിലുമൂന്നിയുള്ള നിസ്വാര്‍ത്ഥസേവനത്തിന്റെ പാതയില്‍ കാല്‍നൂറ്റാണ്ടു പിന്നിടുന്ന ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് 2011 രജതജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു. എക്യൂമെനിക്കല്‍ കൂട്ടായ്മയിലുള്ള 21 അംഗദേവാലയങ്ങളേയും സഹകരിച്ചുകൊണ്ട് രജതജൂബിലി വര്‍ഷം പുതുമയാര്‍ന്ന പല പരിപാടികളും ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നു ഫെല്ലോഷിപ് ചെയര്‍മാനും സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി വികാരിയുമായ റവ.ഫാ.ജോസ് ദാനിയേല്‍ പെയിറ്റേല്‍ , സെക്രട്ടറി കോശി കെ.വര്‍ഗീസ്, ട്രഷറര്‍ എം.എ.മാത്യൂ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

1987 ല്‍ ഏകദേശം 600 കുടുംബങ്ങളുള്ള 10 ഇടവകകള്‍ ഒന്നിച്ചുചേര്‍ന്ന് ആരംഭിച്ച ഫിലാഡല്‍ഫിയായിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനം ഇന്നു വളര്‍ന്നു പന്തലിച്ച് 21 ഇടവകകളും, 7000 ല്‍ പരം കുടുംബങ്ങളും ആയി മാറി. ക്രൈസ്തവസ്‌നേഹം വര്‍ധിപ്പിക്കുക, അംഗദേവാലയങ്ങളും, അവയുടെ നേതൃത്വം വഹിക്കുന്ന ആദ്ധ്യാല്‍മികാചാര്യന്മാരും, ക്രൈസ്തവ വിശ്വാസികളും തമ്മില്‍ വര്‍ധിച്ച സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ത്തോമ്മാ, റോമന്‍ കാത്തലിക്, ഓര്‍ത്തഡോക്‌സ്, യാക്കോബായ സി.എസ്.ഐ, ഇവാന്‍ജലിക്കല്‍ എന്നി ക്രിസ്ത്യന്‍ സമുദായങ്ങളിലെ ക്രാന്തദര്‍ശികളായ ഒരു പറ്റം വൈദികരും അല്‍മായരും ഒത്തുചേര്‍ന്ന് ആരംഭിച്ചതാണ് ഈ പ്രസ്ഥാനം. കാല്‍നൂറ്റാണ്ടിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി മെംബര്‍ഷിപ് വളരെയധികം കൂടി. എക്യൂമെനിക്കല്‍ കൂട്ടായ്മയിലുള്ള പള്ളികളെല്ലാം ഒന്നിച്ചൊരുമയോടെ നടത്തുന്ന ഈ ആഘോഷപരിപാടികള്‍ക്ക് അച്ചന്മാരും അല്‍മായരും അടങ്ങുന്ന കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നു. എക്യൂമെനിസം എന്നത് ഓരോ സമുദായത്തിന്റേയും വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ ആദരിച്ചുകൊണ്ട് എല്ലാവരുമായി വര്‍ദ്ധിച്ച സഹകരണത്തില്‍ പോകുക എന്നതാണ്. കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി എക്യൂമെനിക്കല്‍ കൂട്ടായ്മ സമൂഹത്തിന്, വിശേഷിച്ച്, യുവജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്. തത്വസംഹിതകളിലും, ആരാധനയിലും ഉള്ള വ്യത്യാസം ഒഴിച്ചാല്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും യേശുക്രിസ്തുവില്‍ ഒന്നു തന്നെ.

സില്‍വര്‍ ജൂബിലി വര്‍ഷത്തെ പ്രോഗ്രാമുകള്‍ താഴെ വിവരിക്കുന്നു.

ആഗസ്റ്റ് 14,21, 38 എന്നീ ഞായറാഴ്ചകള്‍ എക്യൂമെനിക്കല്‍ ദിനങ്ങളായി എല്ലാ ഇടവകകളിലും ആചരിക്കും. അന്നേദിവസം ഒരു ഇടവകയില്‍ നിന്നുള്ള എക്യൂമെനിക്കല്‍ പ്രതിനിധികള്‍ സമീപത്തുള്ള മറ്റൊരു ഇടവകാ സമൂഹത്തെ സന്ദര്‍ശിച്ചു പരസ്പരസ്‌നേഹം പങ്കുവയ്ക്കുകയും, എക്യൂമെനിക്കല്‍ പരിപാടികളെക്കുറിച്ചുള്ള അവബോധം എല്ലാവരിലും ഉളവാക്കാനുപകരിക്കുന്ന നയപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യും. ഇതിനായി ഈ രണ്ടു പള്ളികളെ വീതം ജോഡികളാക്കിയിട്ടുണ്ട്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിധിസമാഹരണത്തിനായി സെപ്റ്റംബര്‍ 17 ശനിയാഴ്ച കേരളത്തില്‍ നിന്നുള്ള സിനിമാ സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള മാവേലി എഫ്.എം 2011 എന്ന താരനിശ സംഘടിപ്പിക്കും. ഇതിനായി ജീമോന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഫണ്ട് റെയിസിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വിമന്‍സ് ഫെല്ലോഷിപ്പിന്റെ മേല്‍നോട്ടത്തില്‍ സെപ്റ്റംബര്‍ 24 ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടക്കും.

എക്യൂമെനിക്കല്‍ കണ്‍വന്‍ഷനും, യുവജനസെമിനാറും ഒക്‌ടോബര്‍ 29 ന് നടത്തും. റവ.ഗീവര്‍ഗീസ് ജോണ്‍ നേതൃത്വം നല്‍കുന്ന യുവജനസെമിനാറില്‍ റവ.കെ.ഇ. ഗീവര്‍ഗീസിന്റെ സുവിശേഷ പ്രഘോഷണവും, ആരാധനയും, പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടാവും. യുവജനസെമിനാറില്‍ ഫിലാഡല്‍ഫിയായിലും പ്രാന്തപ്രദേശങ്ങളിലുമുള്ള യുവജനങ്ങള്‍ പങ്കെടുക്കും.

രജതജൂബിലിയും ക്രിസ്മസും സംയുക്തമായി ഡിസംബര്‍ 10 ന് ആഘോഷിക്കും. അമേരിക്കയിലെ എല്ലാ ഭാരതക്രൈസ്തവ മേലദ്ധ്യക്ഷന്മാരെയും അന്നേദിവസം നടക്കുന്ന വിപുലമായ ആഘോഷപരിപാടിയിലേക്ക് ക്ഷണിക്കും. ജൂബിലിയും ക്രിസ്മസ് ആഘോഷങ്ങളും വന്‍പിച്ച പരിപാടികളോടെ നടത്തുന്നതിനായി സെന്റ് തോമസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും 1997 ലും 2004 ലും എക്യൂമെനിക്കല്‍ ചെയര്‍മാനുമായിരുന്ന റവ.ഫാ.എം.കെ.കുര്യാക്കോസച്ചന്റെ നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷകമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ചെയര്‍മാന്‍ റവ.ഫാ.ജോണ്‍ മേലേപ്പുറം (കോ ചെയര്‍മാന്‍ ), കോശി കെ.വര്‍ഗീസ്(സെക്രട്ടറി), കെ.വര്‍ഗീസ്(ജോ.സെക്രട്ടറി), എം.എ. മാത്യൂ(ട്രഷറര്‍ ), റവ.ഫാ.ചാക്കോ പുന്നൂസ് (റലിജിയസ് അഫയേഴ്‌സ്), എബ്രാഹാം കുന്നേല്‍ (ഫണ്ട് റെയിസിംഗ് ആന്റ് ചാരിറ്റി), സണ്ണി എബ്രാഹാം(കൊയര്‍ ) എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികള്‍ സില്‍വര്‍ ജൂബിലി വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കുന്നു.
ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍ഫിലാഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ് സില്‍വര്‍ ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക