Image

നാനോ മൊബൈല്‍ ഫോണ്‍ ബാറ്ററി: പഫ. അജയനും സംഘവും ചരിത്രനേട്ടം

Published on 01 August, 2011
നാനോ മൊബൈല്‍ ഫോണ്‍ ബാറ്ററി: പഫ. അജയനും സംഘവും ചരിത്രനേട്ടം
മൊബൈല്‍ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററിയുടെ നാനോ പതിപ്പ്‌ വികസിപ്പിച്ചെടുത്തുകൊണ്ട്‌ മലയാളി ശാസ്‌ത്രജ്ഞന്‍ പ്രൊഫസര്‍ അജയനും സംഘവും അമേരിക്കന്‍ റൈസ്‌ സര്‍വകലാശാലയില്‍ ചരിത്ര നേട്ടം കൈവരിച്ചു.

ഒരു നാനോ (ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരംശം വലുപ്പം) വയറില്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ പായ്‌ക്കിംഗ്‌ ഉള്‍ക്കൊള്ളിക്കുന്ന അതിസങ്കീര്‍ണമായ കണ്‌ടുപിടിത്തമാണു സംഘം നടത്തിയത്‌. മൊബൈല്‍ ഫോണ്‍ വൈദ്യുതി ചാര്‍ജിംഗ്‌ രംഗത്തും ഫോണുകളുടെ വലുപ്പം ഇനിയും വളരെ കുറയ്‌ക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ട സംഭാവന നല്‌കാന്‍ കഴിവുള്ളതാണ്‌ ഈ കണ്‌ടുപിടിത്തം. ഇവരുടെ കണ്‌ടുപിടിത്തം അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രസിദ്ധീകരണമായ നാനോ ലെറ്റേഴ്‌സില്‍ ചേര്‍ത്തു.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും മെറ്റീരിയല്‍ സയന്‍സിലും ഗവേഷകനായ ഇദ്ദേഹം നാനോ സാങ്കേതികരംഗത്ത്‌ 20 വര്‍ഷമായി ഗവേഷണം നടത്തുന്നു. 350 പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്‌ട്‌. സമീപകാലത്ത്‌ ഏറ്റവും ചെറുതും കാഠിന്യമേറിയതുമായ ഗ്രഫീന്‍ കണ്‌ടുപിടിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന നിര്‍ണായകമായിരുന്നു.

നാനോ ബ്രഷും ഏറ്റവും ഇരുണ്‌ട വസ്‌തുവും കണ്‌ടുപിടിച്ചതിന്‌ അദ്ദേഹം ഗിന്നസ്‌ ബുക്കിലും സ്ഥാനംപിടിച്ചു. കാര്‍ബണ്‍ നാനോ ട്യൂബുകളടങ്ങിയ ഇരുണ്‌ട വസ്‌തു പ്രകാശത്തിന്റെ 0.045% മാത്രമെ പ്രതിഫലിപ്പിക്കുകയുള്ളൂ. 2007ല്‍ പേപ്പര്‍ ബാറ്ററി കണ്‌ടുപിടിച്ച്‌ അദ്ദേഹം ശ്രദ്ധേയനായി.

കൊടുങ്ങല്ലൂര്‍ പുളിക്കല്‍ മാധവപ്പണിക്കരുടെ മകനാണ്‌ നാല്‌പത്തൊമ്പതുകാരനായ പ്രഫ. അജയന്‍. അമേരിക്ക, ചൈന, ജപ്പാന്‍, ഫ്രാന്‍സ്‌, ജര്‍മനി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വിസിറ്റിംഗ്‌ പ്രഫസര്‍ കൂടിയാണ്‌ അദ്ദേഹം. പൂര്‍ണിമയാണ്‌ ഭാര്യ. അനഘ, അഹി എന്നിവര്‍ മക്കള്‍.

ഏറെ വര്‍ഷങ്ങളായി പ്രഫ. അജയനും സംഘവും ഏക നാനോ വയറുള്ള ഒരു ഉപകരണം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചുകൊണ്‌ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ത്രിമാന നാനോ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തുകൊണ്‌ട്‌ വന്‍നേട്ടം കൈവരിച്ചു. പ്ലെക്‌സിഗ്ലാസ്‌ എന്നറിയപ്പെടുന്ന, വ്യാപകമായി ഉപയോഗിക്കുന്ന ഒരു പോളിമറില്‍ ഇലക്‌ട്രോലൈറ്റും ഇന്‍സുലേറ്ററും എന്ന നിലയില്‍ നിക്കല്‍ ടിന്‍ നാനോ വയറുകള്‍ സമാന്തരമായി ചേര്‍ത്തുകൊണ്‌ടുള്ളതായിരുന്നു ഈ ബാറ്ററി. അന്നു നിക്കല്‍ ടിന്‍ ആനോഡായി ഉള്ളില്‍ ഉപയോഗിച്ചുവെങ്കിലും കാഥോഡ്‌ പുറത്തായിരുന്നു. എന്നാല്‍ പുതിയ ബാറ്ററിയില്‍ കാഥോഡ്‌ ഉള്ളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണു സുപ്രധാന നേട്ടമായത്‌. അതോടെ ബാറ്ററി നാനോ വയറിനുള്ളിലാക്കാനും കഴിഞ്ഞു.
നാനോ മൊബൈല്‍ ഫോണ്‍ ബാറ്ററി: പഫ. അജയനും സംഘവും ചരിത്രനേട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക