Image

സ്‌നേഹത്തിന്റെ നീലത്താമര

Published on 21 May, 2011
സ്‌നേഹത്തിന്റെ നീലത്താമര
കഥയും കവിതയും എഴുതിത്തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നത് നീലപദ്മനാഭന്റെ വാശിയാണ്. അതിനാണ്, 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന്റെ നീക്കിയിരുപ്പു തുകയില്‍ നിന്ന് ചെറിയൊരു വിഹിതം അദ്ദേഹം മാറ്റിവെച്ചത്. കെ. എസ്. ഇ. ബി. യില്‍ നിന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായി വിരമിച്ചപ്പോള്‍ ലഭിച്ച പണത്തില്‍ നിന്ന് ഒരു പങ്ക് ഉപയോഗിച്ചാണ് പുതിയ എഴുത്തുകാര്‍ക്കായി അദ്ദേഹം എന്‍ഡോവ്‌മെന്റ് ആരംഭിച്ചത്. 'നീലപദ്മം-തലമുറൈകള്‍' അവാര്‍ഡ് എന്ന പേരില്‍ വര്‍ഷം തോറും ഒരു കവിയെയും ഒരു കഥാകാരനെയും ആദരിക്കും. 1997-ല്‍ തുടങ്ങിയ ഈ പുരസ്‌കാരദാനം ഒരു വര്‍ഷം പോലും മുടക്കിയിട്ടില്ല. തിരുവനന്തപുരം തമിഴ് സംഘവുമായി ചേര്‍ന്നാണ് അവാര്‍ഡിന് എഴുത്തുകാരെ കണ്ടെത്തുന്നത്.



''നവാഗതരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അയ്യപ്പപ്പണിക്കരാണ് എന്റെ മാര്‍ഗദര്‍ശി''യെന്ന് തമിഴ്-മലയാള സാഹിത്യ രംഗങ്ങളില്‍ ഒരുപോലെ പ്രശസ്തനായ നീലപദ്മനാഭന്‍ പറഞ്ഞു. പഴയ 'നാഞ്ചിനാട്ടി'ലെ തിരുവിതാങ്കോടാണ് സ്വദേശമെങ്കിലും പദ്മനാഭന്റെ കര്‍മരംഗം കേരളമാണ്. തമിഴ് ശൈലിയില്‍ അച്ഛന്റെ പേരിന്റെ തുടക്കം ഇനീഷ്യലായപ്പോഴാണ് 'നീലപദ്മനാഭന്‍' പേരില്‍ പൂര്‍ണനായത്.
തിരുവനന്തപുരം പഴയ മരക്കട റോഡിലെ (പവര്‍ഹൗസ് റോഡ്) സി. പി. സണ്‍സ് കടയില്‍ ജീവനക്കാരനായിരുന്നു അച്ഛന്‍ നീലകണ്ഠപ്പിള്ള. തക്കല സ്വദേശിനിയായ ജാനകിഅമ്മാളാണ് അമ്മ. ഇവരുടെ പത്ത് മക്കളില്‍ ഏറ്റവും മൂത്തയാളാണ് നീലപദ്മനാഭന്‍.
മരക്കട റോഡിനടുത്ത് പാട്ടുവിളാകം തെരുവില്‍ 'പദ്മവിലാസം' വീട്ടിലായിരുന്നു പദ്മനാഭന്റെ കുട്ടിക്കാലം. ചാല മിഡില്‍ സ്‌കൂളിലായിരുന്നു മൂന്നാം ക്ലാസ്സുവരെ പഠനം. കിള്ളിപ്പാലത്ത് ചാല ജി. എച്ച്. എസ്സില്‍ നിന്നും പത്താംക്ലാസ് വിജയിച്ചു. ആര്യശാല കൊട്ടകയിലെ നാടകങ്ങളും ആട്ടവും പാട്ടും കുട്ടിക്കാലത്തിന്റെ ഹരമായിരുന്നു. ''കഥയിലും കവിതയിലുമൊക്കെ അങ്ങനെയാകാം താത്പര്യമുണ്ടായത്''-പദ്മനാഭന്‍ ഓര്‍ക്കുന്നു.

ഇന്റര്‍മീഡിയറ്റിന് 1953-ല്‍ മാര്‍ ഇവാനിയോസ് കോളേജില്‍ ഫസ്റ്റ് ഗ്രൂപ്പിന് ചേര്‍ന്നു. ബി.എസ്‌സി. ഫിസിക്‌സിനാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെത്തുന്നത്. അവിടെ അയ്യപ്പപ്പണിക്കരും എന്‍. കൃഷ്ണപിള്ളയും അധ്യാപകരായിരുന്നു. ആ ബന്ധം പിന്നീടുള്ള സാഹിത്യ ജീവിതത്തെ ഏറെ സഹായിച്ചിട്ടുണ്ട്.

ബി. എസ്‌സി കഴിഞ്ഞതോടെ പി. എസ്. സി. യുടെ ക്ലര്‍ക്ക് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ കയറി. തൃശ്ശൂരില്‍ ജലസേചന വകുപ്പില്‍ 1958-ല്‍ ജോലിക്ക് ചേര്‍ന്നു. എന്നിട്ടും അച്ഛന്‍ നിര്‍ബന്ധിച്ചതനുസരിച്ച് എന്‍ജിനീയറിങ് കോഴ്‌സിന് അപേക്ഷിച്ചു. മൂന്നുമാസമേ തൃശ്ശൂരില്‍ ക്ലര്‍ക്കായി ജോലി ചെയ്യാനായുള്ളൂ. നീണ്ട അവധിക്ക് എഴുതിക്കൊടുത്ത് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ പ്രവേശനം നേടി. ബി. എസ്‌സി. (എന്‍ജിനീയറിങ്) എന്ന് പേരുള്ള കോഴ്‌സിന്റെ കാലാവധി നാല് വര്‍ഷമായിരുന്നു. 1963-ല്‍ കോഴ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ കെ. എസ്. ഇ. ബി. യില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലിയും കിട്ടി. വീടിനടുത്ത് പവര്‍ഹൗസിലായിരുന്നു നിയമനം. രണ്ട് മാസം കഴിഞ്ഞപ്പോള്‍ കല്യാണമായി.

വീട്ടുകാര്‍ക്കൊക്കെ പരിചയമുള്ള കൃഷ്ണമ്മാളാണ് ജീവിതസഖിയായത്. കൊത്തുവാള്‍ സ്ട്രീറ്റില്‍ വലിയ കച്ചവടക്കാരനായിരുന്ന എ. പി. ഗണപതിയാപിള്ളയുടെയും ഉമയ പാര്‍വതിയുടെയും മകളാണ് കൃഷ്ണമ്മാള്‍. ഈ ദമ്പതിമാര്‍ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനും.
മൂത്തമകള്‍ ജാനകി എം. ബി. ബി. എസ്. കഴിഞ്ഞ് ബാംഗ്ലൂരില്‍ പ്രാക്ടീസ് ചെയ്യുന്നു. അവിടെ സെന്റ് ജോസഫ് കോളേജില്‍ കെമിസ്ട്രി അധ്യാപകനായ ഡോ. മോഹന്‍ദാസാണ് ഭര്‍ത്താവ്. രണ്ടാമത്തെ മകള്‍ ഉമ ചെന്നൈയില്‍ കെമിക്കല്‍ എന്‍ജിനീയറാണ്. ഭര്‍ത്താവ് സുന്ദരേഷ് അവിടെ വ്യവസായിയാണ്.

മൂന്നാമത്തെ മകന്‍ നവനീത നീലകണ്ഠന്‍ ബാംഗ്ലൂരില്‍ ആര്‍ക്കിടെക്ടാണ്. ഭാര്യ ശോഭന ബയോടെക്‌നോളജിയില്‍ എം.ഫില്‍ ബിരുദധാരിണിയാണ്. അവസാനത്തെ മകള്‍ കവിത ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പില്‍ ഉദ്യോഗസ്ഥയാണ്. ഭര്‍ത്താവ് ശിവാനന്ദന്‍ അവിടെ ലണ്ടനില്‍ സോഫ്ട് വേര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.

അസിസ്റ്റന്റ് എന്‍ജിനീയറായി പുനലൂരിലേക്കായിരുന്നു നീലപദ്മനാഭന്റെ ആദ്യത്തെ പ്രൊമോഷന്‍. പിന്നീട് മാവേലിക്കര, മൂവാറ്റുപുഴ എന്നിവിടങ്ങളിലും ജോലി ചെയ്തു. എവിടെയായിരിക്കുമ്പോഴും അടുത്തുള്ള സാഹിത്യകാരന്മാരുമായി സൗഹൃദമുണ്ടാക്കാന്‍ പദ്മനാഭന് കഴിഞ്ഞിരുന്നു. പാറപ്പുറത്ത്, കടമ്മനിട്ട തുടങ്ങിയവരൊക്കെ അങ്ങനെയാണ് നല്ല സുഹൃത്തുക്കളായത്.

എക്‌സിക്യൂട്ടീവ് എന്‍ജിനീയറായി തിരുവനന്തപുരത്തേക്കായിരുന്നു പ്രൊമോഷന്‍. തിരുമല ട്രാന്‍സ്‌ഫോര്‍മര്‍ റിപ്പയര്‍ യൂണിറ്റില്‍ ജോലി ചെയ്യുമ്പോഴാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായത്. പവര്‍ഹൗസ് റോഡില്‍ നിന്നും കെ.എസ്.ഇ.ബി.യുടെ ആസ്ഥാനം പട്ടത്തേക്ക് മാറ്റിയ സമയമായിരുന്നു അത്. പട്ടത്ത് പണി പൂര്‍ത്തിയാകാത്ത വൈദ്യുതി ഭവനിലെ അസൗകര്യങ്ങളിലും ജോലി ചെയ്യേണ്ടിവന്നത് ഏറെ കൗതുകത്തോടെയാണ് പദ്മനാഭന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്. വീണ്ടും പവര്‍ഹൗസ് റോഡിലെ ഓഫീസില്‍ ജോലി ചെയ്യുമ്പോഴാണ് 58-ാം വയസ്സില്‍ 1993 ഏപ്രില്‍ 26ന് വിരമിക്കുന്നത്. അങ്ങനെ ജോലി തുടങ്ങിയ ഓഫീസില്‍ നിന്നുതന്നെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങാനും നീല പദ്മനാഭന് കഴിഞ്ഞു.

തിരക്കിട്ട ഔദ്യോഗിക ജീവിതത്തിനിടയിലാണ് അതിലേറെ സങ്കീര്‍ണവും മാനസിക സംഘര്‍ഷങ്ങളും നേരിട്ട സാഹിത്യ ജീവിതവും നയിച്ചത്. തമിഴിലാണ് പദ്മനാഭന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഏറെയുണ്ടായത്. 20 നോവലുകള്‍, 10 ചെറുകഥാ സമാഹാരങ്ങള്‍. നാല് കവിതാ സമാഹാരങ്ങള്‍, 10 ഉപന്യാസ പുസ്തകങ്ങള്‍ എന്നിവ തമിഴിലുണ്ട്. മലയാളത്തില്‍ ഒരു നോവല്‍, നാല് ചെറുകഥാ സമാഹാരങ്ങള്‍, ഓരോ കവിതാ സമാഹാരം, ഉപന്യാസ സമാഹാരം എന്നിവയുണ്ട്, ഇംഗ്ലീഷിലും ഓരോ കവിതാ സമാഹാരവും ഉപന്യാസ സമാഹാരവുമുണ്ട്. ജര്‍മന്‍, റഷ്യന്‍ എന്നിവയിലേക്കും പത്തിലേറെ ഇന്ത്യന്‍ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്. 2005ല്‍ പുറത്തിറങ്ങിയ തമിഴ് നോവല്‍ ''ഇളൈ ഉതിര്‍കാല''ത്തിന് 2007ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പദ്മനാഭന് ലഭിച്ചു. ഇതിനുമുമ്പ് 2003ലും കേന്ദ്ര സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിവര്‍ത്തനത്തിനായിരുന്നു അത്. അയ്യപ്പപ്പണിക്കരുടെ കവിതകളാണ് അന്ന് തമിഴിലേക്ക് മൊഴിമാറ്റിയത്. തമിഴില്‍ നിന്ന് മലയാളത്തിലേക്കും തിരിച്ചും നിരവധി സാഹിത്യകൃതികള്‍ തര്‍ജമ ചെയ്ത് താരതമ്യ സാഹിത്യ ശാഖയ്ക്ക് ഇദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കി.

കേരള സര്‍വകലാശാലയുടെ അക്കാദമിക് ബോര്‍ഡില്‍ അംഗത്വമുണ്ടായിരുന്ന നീല പദ്മനാഭന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'ആധുനിക ഇന്ത്യന്‍ സാഹിത്യ'ത്തിന്റെ തമിഴ് എഡിറ്ററായും പ്രവര്‍ത്തിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിര്‍വാഹകസമിതി അംഗം, തമിഴ് ഉപദേശകസമിതി കണ്‍വീനര്‍ എന്നീ നിലകളിലും സേവനം ചെയ്തു. 1977ന് 'ഉറവുകള്‍' എന്ന തമിഴ് നോവലിന് പ്രശസ്തമായ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ അവാര്‍ഡ് ലഭിച്ചു. 'തേരോടും വീഥി'ക്ക്് 1987-ലെ തമിഴ്‌നാട് സര്‍ക്കാരിന്റെ നോവല്‍ അവാര്‍ഡ് കിട്ടി. മലയാളം ചെറുകഥാ സമാഹാരമായ 'അര്‍ക്കന്റെ കോണില്‍' 2006ലെ മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന്റെ ഭാഷാഭാരതി പുരസ്‌കാരത്തിന് അര്‍ഹമായി. നീല പദ്മനാഭനെ ഏറെ പ്രശസ്തനാക്കിയ തമിഴ് നോവല്‍ 'തലൈമുറൈകള്‍' 30-ാമത്തെ വയസ്സിലാണ് പുറത്തിറങ്ങിയത്. മലയാളം ഉള്‍പ്പടെ ഒട്ടേറെ ഭാഷകളിലേക്ക് ഈ നോവല്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

73-ാം വയസ്സിലും തളര്‍ച്ചയില്ലാത്ത സാഹിത്യ പ്രവര്‍ത്തനങ്ങളുമായി ഇദ്ദേഹം ആര്യശാല ബൈപ്പാസ് റോഡരുകിലെ 'നീലകണ്ഠ' വീട്ടിലുണ്ട്. വൈകീട്ടത്തെ നടത്തം, യോഗാഭ്യാസം എന്നിവയുമായി വാര്‍ധക്യത്തോടും പൊരുതുകയാണ്.
സ്‌നേഹത്തിന്റെ നീലത്താമര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക