Image

'പൂമുഖ' അവാര്‍ഡിന് ഡൈജു-റിനിമാര്‍ അര്‍ഹരായി

എ.സി.ജോര്‍ജ് Published on 02 August, 2011
'പൂമുഖ' അവാര്‍ഡിന് ഡൈജു-റിനിമാര്‍ അര്‍ഹരായി

ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റണിലെ മിസൂറി സിറ്റിയിലെ സിയന്നാപ്ലാന്റേഷനിലെ വാട്ടര്‍ഫോര്‍ഡ് ഹൗസിംഗ് സബ് ഡിവിഷനിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും വഴിപോക്കരും ഡൈജു-റിനി മുട്ടത്ത് ദമ്പതിമാരുടെ ഭവനത്തിന്റെ പൂമുഖത്തേയ്ക്ക് ഒരു നിമിഷമെങ്കിലും ആശ്ച്യര്യത്തോടെ കണ്ണോടിക്കാതിരിക്കില്ല."പൂമുഖ വാതിക്കല്‍ പൂഞ്ചിരിതൂകുന്ന പുന്തിങ്കളാകുന്നു ഭാര്യ" എന്ന മലയാള ചലചിത്രഗാനത്തിന്റെ ഈരടികള്‍ കുറച്ചെങ്കിലും അനുസ്മരിപ്പിക്കുമാറ് ഇവിടെ ഭാര്യമാത്രമല്ല. ഭര്‍ത്താവും ചേര്‍ന്ന് തങ്ങളുടെ കൊച്ചു പാര്‍പ്പിടത്തിന്റെ പൂമൂഖ കവാടവും പരിസരവും അതിമനോഹരമാക്കിതീര്‍ത്തിരിക്കുന്നു. വീടിന്റെ പൂമുഖം അക്ഷരാര്‍ത്ഥത്തില്‍ ലില്ലി-മല്ലി പുഷ്പലതാദിവൃക്ഷങ്ങളാല്‍ മനോഹരവും രമണീയവും ഹൃദയഹാരിയും ചേതോഹരവുമാക്കിതീര്‍ത്തിരിക്കുന്നു. റോസ്, ഡാലിയ, ജമ്മന്തി, ചെമ്പരുത്തി, മന്ദാരം, ചെത്തി, മുല്ല, സീനിയാ തുടങ്ങിയ പുഷ്പങ്ങള്‍ ഡൈജു-റിനി ദമ്പതിമാരുടെ പൂമുഖമലര്‍വാടിയില്‍ യാത്രക്കാരെ നോക്കി മന്ദസ്മിതം പൊഴിക്കുന്നു.

അമേരിക്കയിലെ വ്യത്യസ്ത വംശജര്‍ അധിവസിക്കുന്ന വാട്ടര്‍ഫോര്‍ഡ് ഹൗസിംഗ് സബ് ഡിവിഷനിലെ ജൂലൈ മാസത്തെ ഏറ്റവും മനോഹരമായ ഭവനങ്ങളുടെ "പൂമുഖ" അവാര്‍ഡിന് ഡൈജു-റിനിമാര്‍ അര്‍ഹരായി. സിയന്നാ പ്ലാന്റേഷനിലെ ആന്‍ഡേഴ്‌സണ്‍ സ്പ്രിംഗിലെ ആയിരത്തിലധികം ഭവനങ്ങളെ പിന്‍തള്ളിയാണ് മലയാളിയായ ഡൈജു-
റിനി ദമ്പതിമാര്‍ ഈ പ്രസ്റ്റീജിയസ് "യാര്‍ഡ് ഓഫ് ദ മന്‍ത്" -ബെസ്റ്റ് പൂമുഖ അവാര്‍ഡ് നേടിയത്.

സിയന്നാ പ്ലാന്റേഷന്റെ ഒരു പ്രത്യേക ചടങ്ങില്‍ വച്ച്, സമ്മാനമായ പ്രശംസാഫലകവും ക്യാഷ് അവാര്‍ഡും അവര്‍ ഏറ്റുവാങ്ങി. കേരളത്തിലെ ഗുരുവായൂര്‍ സ്വദേശിയായി ഡൈജു മുട്ടത്ത് കുടുംബസമ്മേതം ഫ്‌ളോറിഡായിലെ ഫോര്‍ട്ട്മയേര്‍സില്‍ 2006 ല്‍ കുടിയേറി. അവിടെ നിന്ന് 2008 ലാണ് ടെക്‌സാസിലെ ഹ്യൂസ്റ്റനിലേക്ക് താമസം മാറ്റിയത്. 2009 ല്‍ ഹ്യൂസ്റ്റനിലെ സിയന്നാ പ്ലാന്റേഷനിലെ വാട്ടര്‍ഫോര്‍ഡ് സബ് ഡിവിഷനിലേയ്ക്ക് പുതിയ വീട് പണി കഴിപ്പിച്ച് മാറി. നാട്ടിലെ ഗുരുവായൂരില്‍ കാര്‍ഷിക പാരമ്പര്യമുള്ള ഡൈജു നല്ലൊരു നാടന്‍ കര്‍ഷകന്‍ കൂടിയാണ്. വീടിന്റെ മുന്‍വശം ഒരു പുഷ്പകമലര്‍വാടി ആക്കുന്നതോടൊപ്പം വീടിന്റെ പിറകുവശം നന്നായി വെട്ടികിളച്ച് ഇടവരകളും കയ്യാലകളും തീര്‍ത്ത് നാടന്‍ കൃഷികളായ മരച്ചീനി, ചേന, ചേമ്പ്, വഴുതന, പയറ്, മുരിങ്ങ, ചാമ്പ, കറിവേപ്പില, വെണ്ടയ്ക്കാ, പാവയ്ക്കാ തുടങ്ങിയവ വച്ചു പിടിപ്പിച്ചിരിക്കുന്നു.

ഇതിനിടയില്‍ കോഴി വളര്‍ത്തലും മുയല്‍ വളര്‍ത്താനും ഡൈജു-റിനിമാര്‍ ശ്രമിച്ചെങ്കിലും അത് ക്ലിക്കായില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇലക്‌ട്രോണിക് എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ഡൈജു- തൃശ്ശൂര്‍ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് നഴ്‌സിംഗില്‍ ബിരുദമെടുത്ത റിനിഡൈജു ഹ്യൂസ്റ്റനില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

അഞ്ചല്‍ , ചഞ്ചല്‍ എന്ന രണ്ടു പെണ്‍മക്കളാണിവര്‍ക്ക്. സമീപകാലത്ത് റിനിയുടെ മാതാപിതാക്കളായ റോസി വര്‍ഗീസ് നീലം കാവില്‍ , വര്‍ഗീസ് നീലം കാവില്‍ എന്നിവര്‍ സന്ദര്‍ശനത്തിനായി യു.എസ്സില്‍ ഇവരുടെ ഭവനത്തിലെത്തിയിട്ടുണ്ട്. മക്കളുടെ നേട്ടത്തിലും സന്തോഷത്തിലും അവരും പങ്കു കൊണ്ടു.

'പൂമുഖ' അവാര്‍ഡിന് ഡൈജു-റിനിമാര്‍ അര്‍ഹരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക